കേരളത്തെ മദ്യത്തില്‍ മുക്കുന്ന എല്‍ഡിഎഫ് മദ്യനയം പിന്‍വലിക്കണം

കേരളത്തെ മദ്യത്തില്‍ മുക്കുന്ന എല്‍ഡിഎഫ് മദ്യനയം പിന്‍വലിക്കണം

കേരളത്തെ മദ്യത്തില്‍ മുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം പിന്‍വലിക്കണമെന്നും മദ്യനയത്തെ എതിര്‍ക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അധിക്ഷേപിച്ച് പിന്‍മാറ്റാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു. മദ്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലേക്ക് വിശുദ്ധ കുര്‍ബാനയെയും വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിനെയും വലിച്ചിഴക്കുന്നത് ഒരു സമൂഹത്തിന്‍റെ മുഴുവന്‍ വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്ത് അവരെ നിശ്ശബ്ദരാക്കാനാണ്. ഇത്തരം നടപടികള്‍കൊണ്ട് മദ്യവിപത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍നിന്ന് സഭയെയോ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയോ പിന്തിരിപ്പിക്കാം എന്നു കരുതേണ്ടതില്ല.

മദ്യത്തിന്‍റെ വിപത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട്, കെസിബിസി മദ്യവിരുദ്ധ മുന്നണി, മറ്റു മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടു ചേര്‍ന്ന് ശക്തമായ സമരത്തിന് നേതൃത്വം നല്കും. മുപ്പത്തിയൊന്നു രൂപതകളിലെയും യുവജന സംഘടനകളുടെയും കെസിഎസ്എല്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ സംഘടനകളുടെയും കെസിബിസി വനിതാ കമ്മീഷന്‍, കെസിബിസി ഫാമിലി കമ്മീഷന്‍, കേരള കാത്തലിക് ഫെഡറേഷന്‍, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷന്‍, കെഎല്‍സിഎ തുടങ്ങിയ അല്മായ സംഘടനകളുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും മറ്റു മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ മദ്യത്തിനെതിരെയുള്ള ചെറുത്തുനില്പ് പ്രാദേശികതലങ്ങളിലേക്ക് വ്യാപിപ്പിക്കും.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മദ്യനയം പൂര്‍ണമായി പിന്‍വലിക്കുകയോ, പുനപരിശോധിച്ച് കാര്യമായ തിരുത്തല്‍ വരുത്തുകയോ ചെയ്യുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം, ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org