ആരാധനക്രമ തര്‍ജ്ജമയിലെ തെറ്റും ശരിയും

എ. അടപ്പൂര്‍

വിശുദ്ധ ജോണ്‍ 23-ാ മന്‍ മാര്‍പാപ്പ 1962-ല്‍ വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആദ്യം പുറത്തിറക്കിയ പ്രബോധനരേഖ ആരാധനക്രമ നവീകരണത്തെപ്പറ്റി ആയിരുന്നുവല്ലോ. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് 1963 ഡിസംബര്‍ 4-ാം തീയതി പുറപ്പെടുവിച്ച പ്രമാണരേഖ ലത്തീന്‍ ആരാധനക്രമം നവീകരിക്കാനുള്ള അധികാരം മാര്‍പാപ്പയുടെയും പ്രാദേശികസഭകളുടെയും സംയുക്തിഭാമുഖ്യത്തിലായിരിക്കും എന്നത്രേ പറഞ്ഞിട്ടുള്ളത്.

1964 ജനുവരി 25-ാം തീയതി പോപ്പ് പോള്‍ ആറാമന്‍ പുറത്തിറക്കിയ "സാക്രാം ലിത്തുര്‍ ജിയാം" എന്ന തിരുവെഴുത്തില്‍ പുതിയ തര്‍ജ്ജമകള്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

മാത്രമല്ല, തര്‍ജ്ജമ ചെയ്യപ്പെടേണ്ടത് വാക്കുകളല്ല, അര്‍ത്ഥങ്ങളായിരിക്കണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ഇതില്‍ പുത്തനായൊന്നുമില്ല. പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ള വിവര്‍ത്തന തത്ത്വമാണിത്. നാലാം നൂറ്റാണ്ടില്‍ ബൈബിള്‍ മുഴുവനും അന്നത്തെ ജനപ്രിയ ലത്തീനിലേക്ക് തര്‍ജ്ജമ ചെയ്ത വിശുദ്ധ ജെറോമും വിശുദ്ധ തോമസ് അക്വിനാസും ഉയര്‍ത്തിപിടിച്ച വിവര്‍ത്തനരീതിതന്നെ.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുമ്പ് കുര്‍ബ്ബാന ലത്തീന്‍ ഭാഷയിലായിരുന്നപ്പോള്‍ അല്മായര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദരായിരുന്നു. അവരവരുടെ മാതൃഭാഷകളില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഭാഷാപരമായ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി അവ തിരുത്തണമെന്നു മുറവിളി കൂട്ടുന്ന അല്മായരുടെ നീണ്ടനിരകള്‍ തന്നെ രംഗത്തുവന്നു.

ഇതിനു സമാനമെന്നോ സമാന്തരമെന്നോ വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. സിറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം ആരാധനക്രമത്തിന്‍റെ മാതൃഭാഷാവത്കരണം രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. സുറിയാനി ഭാഷയില്‍ നിന്നു മലയാളത്തിലേക്കുള്ള തര്‍ജ്ജമകള്‍ പുറത്തുവന്നപ്പോള്‍ അവയില്‍ ഭാഷാപരമായ തെറ്റുകള്‍ കണ്ടെത്തിയ അല്മായരുടെ ഒരു നിര ഇവിടെയുമുണ്ടായി. അതിനുംപുറമേ മൂലകൃതി ഏതായിരിക്കണം എന്ന കാര്യത്തിലും കാതലായ വ്യത്യാസം നിലനിന്നിരുന്നു. ഇന്നുവരെ തൃപ്തികരമായ പരിഹാരം കണ്ടെത്താനാവാത്ത ഈ ആരാധനക്രമ തര്‍ക്കത്തിന്‍റെ വിശദാംശങ്ങള്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ "ലിറ്റര്‍ജി എന്‍റെ ദൃഷ്ടിയില്‍" എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. അതൊക്കെ എന്തുതന്നെയായാലും വിവര്‍ത്തനം കുറ്റമറ്റതാകാന്‍ പോപ്പ് ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ പാലിച്ചേ തീരൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org