ഇനിയും ഞങ്ങളെ മാറ്റിനിര്‍ത്തരുത്

സി. മെറിന്‍ സിഎംസി

എന്നെപ്പോലെയുള്ള പതിനായിരക്കണക്കിനു സ്ത്രീജനങ്ങളുടെ മനസ്സിന്‍റെ പിടച്ചിലായിട്ടു പ്രിയപ്പെട്ട വായനക്കാരിതു മനസ്സിലാക്കണം. സഭയില്‍ തീരുമാനങ്ങളെ ടുക്കുന്നവര്‍ അര്‍ഹിക്കു ന്ന ഗൗരവത്തോടെ പുനര്‍ വിചിന്തനത്തിനു തയ്യാറാവുകയും വേണം.

നൂറ്റാണ്ടുകളായി സഭയില്‍ അടിഞ്ഞുകൂടിയ ദുഷിച്ച വായു പുറത്തുപോകട്ടെയെന്നു ഹൃദയപൂര്‍വം ആജ്ഞാപിച്ചു സഭയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട ഒരു പാപ്പയുണ്ടായിരുന്നു നമുക്ക് – ജോണ്‍ ഇരുപ ത്തിമൂന്നാമന്‍. പിന്നാമ്പുറങ്ങളിലേക്കു മാറ്റിനിര്‍ ത്തിയവളെ ചേര്‍ത്തണച്ച് ഇവളുടെയും പാദങ്ങള്‍ കഴുകി തുടയ്ക്കണമെന്ന് പ്രസംഗിക്കാതെ പ്രവര്‍ ത്തിച്ച അസാമാന്യ ചങ്കുറപ്പുള്ള ഒരു മാര്‍പാപ്പ ഇന്നു നമുക്കുണ്ട്, പോപ്പ് ഫ്രാന്‍സിസ്. ഇനിയും എന്തിനാണു നമ്മള്‍ അറച്ചുനില്ക്കുന്നത്, ക്രിസ്തു ശാസിക്കുമെന്നോര്‍ത്തിട്ടാണോ? പള്ളിപ്രസംഗങ്ങളിലല്ല, സുവിശേഷത്തില്‍ ഞാന്‍ കണ്ട യേ ശുക്രിസ്തു നമ്മള്‍ മാറ്റിനിര്‍ത്തിയവരെ ഓര്‍ത്ത് ഇന്നും കരയുകയാണ്.

ഒരാഴ്ചയോളം നീണ്ടുനിന്ന "കൊച്ചിയുടെ വിഷജല വിരുദ്ധ പ്രക്ഷോഭ സത്യഗ്രഹത്തിന്" നാന്ദി കുറിച്ചുകൊണ്ട് അഭി. ആലഞ്ചേരി പിതാവ് പുഴയോടും മണ്ണിനോടും മനുഷ്യന്‍ ചെയ്യുന്ന ചൂഷണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചപ്പോള്‍ സമരപ്പന്തലില്‍ നിറഞ്ഞുനിന്ന നാനാജാതി മതസ്ഥരായ ജനം ഒരുമിച്ചു കയ്യടിച്ചു. പ്ലാച്ചിമടയിലും ചെങ്ങറയിലും മൂലമ്പിള്ളിയിലും കാതിക്കുടത്തും കൂടംകുളത്തുമൊക്കെ ജനകീയസമരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എന്‍റെ മനസ്സ് ആശങ്കപ്പെട്ടിട്ടുണ്ട്; വിജയം എപ്പോഴും അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനവലയങ്ങളിലാണല്ലോ എന്ന്. എന്നാല്‍ പെരിയാര്‍ വിഷയത്തില്‍ പിതാവെടുത്ത നിലപാട് എന്നിലും എന്നെപ്പോലെ അനേകരിലും പകര്‍ന്ന സമരാഗ്നി, ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന തീരുമാനമായിപ്പോയി, കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സീറോ- മലബാര്‍ സഭയുടേത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും രക്ത ത്തിന്‍റെ നിറം ഒന്നുതന്നെ; ചുവപ്പ്. ഇനി ഇവിടെ സ്ത്രീ-പുരുഷന്‍, ലാറ്റിന്‍-സിറിയന്‍, പാവപ്പെട്ടവന്‍-പണക്കാരന്‍ എന്നിങ്ങനെ മതിലുകള്‍ സൃഷ്ടിക്കാതിരിക്കുകയാണ് ഉചിതമെന്നു തോന്നുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന, അവഗണിക്കപ്പെടുന്ന ജനതയില്‍ നിന്നാണു മാറ്റത്തിന്‍റെ സ്വരം ചരിത്രത്തില്‍ മുഴങ്ങി കേട്ടിട്ടുള്ളത്. ഇനിയതു സീറോ മലബാര്‍ സഭയിലെ സ്ത്രീജനങ്ങളില്‍ നിന്നാകാനുള്ള സമയം ഒട്ടും വിദൂരമല്ല. കാല്‍കഴുകിയോ അല്ലാതെയോ മാറ്റിനിര്‍ത്തപ്പെടുന്ന ഈ ചെറുസ്വരങ്ങള്‍ക്കൊപ്പം ചേരാന്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ ത്തന്നെ അനേകര്‍ മുന്നോ ട്ടുവന്നിട്ടുണ്ട് എന്നു നമു ക്കു മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org