ഓണാഘോഷം വേണമോ?

ബിനോയ് ചാക്കോ, കടുത്തുരുത്തി

2017-ലെ ഓണാഘോഷം കഴിഞ്ഞിരിക്കുന്നു. മലയാളികളുടെ ദേശീയാഘോഷമായ ഓണം 'ആഘോഷിക്കണം' എന്നും 'ആഘോഷിക്കണ്ട' എന്നും ക്രിസ്തീയസഭയില്‍ പതിവുപോലെ തര്‍ക്കവുമുണ്ടായി.

മതത്തിന്‍റെ അതിരുകളില്ലാതെ ആഘോഷിക്കേണ്ടതാണു ദേശീയോത്സവമായ ഓണം എന്ന കാഴ്ചപ്പാടോടെയാണല്ലോ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ത്തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് അനുഭവപ്പെടുന്നുണ്ട്. ഓണം കേരളത്തിന്‍റെ സംസ്ഥാന ഉത്സവമാണ്. അതു ദേശീയോത്സവം എന്നൊക്കെ പറയുന്നതു ശരിയാണോ?

വേറൊരു സംശയം, ഓണം മതേതരമായതുകൊണ്ട് ആഘോഷിക്കണമെന്നതാണ്. സത്യത്തില്‍ നമ്മുടെ പള്ളികളില്‍ ഓണം ആഘോഷിക്കുമ്പോള്‍ അതെങ്ങനെ മതേതരമാകും? അതു ക്രിസ്തീയ ഓണം മാത്രമാണ്. മറ്റൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ യാതൊരു സഹകരണവും ഇല്ലാതെ, അവരെ പങ്കെടുപ്പിക്കാതെയാണു ഇപ്പോള്‍ പള്ളികളില്‍ ഓണം ആഘോഷിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല വൈദികര്‍ക്കും ആഘോഷങ്ങളിലൂടെ ജനങ്ങളെ ഉത്തേജിപ്പിക്കണം എന്ന ഒരു ചിന്ത കടന്നുകയറിയിട്ടുണ്ടോ എന്നു സംശയം തോന്നത്തക്കവിധത്തിലാണു കാര്യങ്ങളുടെ പോക്ക്. നാട്ടിലും സഭയിലും കേട്ടിട്ടുപോലുമില്ലാത്ത പെരുന്നാളുകളുടെയും രൂപങ്ങളുടെയും പുറകെയാണിന്നു പല പള്ളികളിലുമുള്ള ജനതകളുടെ സഞ്ചാരം. അതുപോലെയൊന്നാണ് ഇടവകകളില്‍ ഇടയലേഖനം വായിക്കാതിരിക്കുന്ന പ്രവണത മിക്ക പള്ളികളിലും ഇടയലേഖനവായന പരിമിതപ്പെടുത്തുകയോ പാടെ ഉപേക്ഷിക്കുകയോ ചെയ്തിട്ടുള്ളതായി കാണാം.

അതിനാല്‍ ഓണം എന്നതു വ്യക്തികള്‍ക്കു വിട്ടുകൊടുത്തുകൊണ്ട് അവരുടെ വ്യക്തിപരമായ ആഘോഷമായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൂടാതെ പള്ളികളില്‍ അതാതു രൂപതകളുടെയും വൈദികമേലദ്ധ്യക്ഷന്മാരുടെയും ഇടയലേഖനങ്ങള്‍ വായിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പുവരുത്തുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org