“മൃതസംസ്കാരം” പ്രയോഗം കുറ്റമറ്റത്

ജോസ് കുര്യന്‍ ചമ്പക്കുളം

"മൃതസംസ്കാരം" എന്ന പദം തെറ്റാണെന്നും "മൃതദേഹ സംസ്കാരം" ആണു ശരിയെന്നും എഴുതിയ ശ്രീ. സി.എസ്. തോമസിന്‍റെ അറിവിലേക്ക് (ലക്കം 20).

മേല്‍ ഉദ്ധരിച്ച രണ്ടു പദപ്രയോഗങ്ങളും തെറ്റല്ല മലയാള ഭാഷയിലെ 80 ശതമാനത്തോളം പദങ്ങളും സന്ധിസമാസം തുടങ്ങിയ വ്യാകരണവിധികളും സംസ്കൃതഭാഷയുടേതുതന്നെ.

"മാതൃഭാഷ"യെ വിഗ്രഹിക്കുന്നതുപോലെ "മതസംസ്കാര"ത്തെ മാത്രം വിഗ്രഹിക്കുവാന്‍ പാടില്ല. സംസ്കൃത ഭാഷാ പണ്ഡിതനും "പാണിനീയ പ്രദ്യോതകര്‍ത്താവുമായ ഷെവലിയര്‍ ഐ.സി. ചാക്കോ തന്‍റെ ക്രിസ്തുസഹസ്രനാമം" മൃതശബ്ദം ദ്വിതീയാര്‍ ത്ഥത്തില്‍ പ്രയോഗിച്ചിരുന്നതു ശ്രദ്ധിക്കുക. മൃത് + അമ് = മൃതം അ.പു.ദ്വി. ഏകവചനം "മൃതഃ" ശബ്ദത്തെ മലയാളമാക്കുമ്പോള്‍ "മൃതം" എന്നാക്കാന്‍ പാടില്ല. "മൃതം" ശബ്ദത്തിനു മലയാള ഭാഷയില്‍ നാമവിശേഷണാര്‍ത്ഥമായ "മരിച്ച" എന്ന അര്‍ത്ഥമേ ലഭിക്കൂ.

സമസ്ത പദങ്ങളുടെ സൗകുമാര്യതയ്ക്കു സന്ധിവശാല്‍ ഉണ്ടാകുന്ന സമസ്തപദത്തിനായി ധാരാളം ഉത്സര്‍ഗ വിധികളും വ്യാകരണനിയമത്തില്‍ പറയുന്നുണ്ട്. വരാഹമിഹിരന്‍റെ ഹോരാശാസ്ത്രം അദ്ധ്യായം 1 പദം 3 നോക്കുക. ഇത്രയും പ്രതിപാദിച്ചതു മലയാളമാക്കിയ മൃതസംസ്കാരം (മൃതസംസ്കാരഃ) എന്ന പദം കുറ്റമറ്റതാണെന്നു പറയാന്‍ മാത്രം. "മൃതസംസ്കാര" ത്തെ "മൃതം" ആക്കി ധരിച്ചതുകൊണ്ടുണ്ടായ പ്രമാദമായിരിക്കാം കത്തിനാധാരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org