സാമ്പത്തിക സംവരണത്തിന്റെ പ്രായോഗികത

സാമ്പത്തിക സംവരണത്തിന്റെ പ്രായോഗികത

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം, വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള പ്ലസ് വണ്‍, പാരാമെഡിക്കല്‍ പ്രവേശനത്തിന്, ഇന്ത്യയൊട്ടാകെ നടപ്പാക്കിയ സംവരണ നിയമത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നുവെന്നത് വിവാദവുമായിട്ടുണ്ട്.
സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ താഴെയും പഞ്ചായത്തതിര്‍ത്തിയിലാണെങ്കില്‍, കുടുംബാംഗങ്ങളുടെ ആകെ വസ്തു രണ്ടര ഏക്കര്‍ വരെയുമുള്ള എല്ലാ സംവരണേതര സമുദായങ്ങളിലെ അംഗങ്ങള്‍ക്കും ഈ സംവരണം ലഭിക്കുന്നതാണ്. മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കുടുംബത്തിന്റെ ഭൂപരിധി 75 സെന്റും കോര്‍പ്പറേഷനുകളില്‍ ഭൂപരിധി 50 സെന്റും ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ വീടിരിക്കുന്ന സ്ഥലം യഥാക്രമം 20, 15 സെന്റുകളെ പരമാവധി പാടുള്ളൂവെന്ന നിബന്ധനയും ഉണ്ട്. ഇതില്‍നിന്നും വ്യത്യസ്തമായി പഞ്ചായത്തുകളില്‍ വീടിരിക്കുന്ന സ്ഥലവും ഇതരഭൂമിയും തമ്മില്‍ യാതൊരു വേര്‍തിരിവുമില്ലെന്നു മാത്രമല്ല; നഗര-ഗ്രാമപ്രദേശങ്ങളിലെവിടെയായിരുന്നാലും വീടിന്റെ അളവിനു പരിധിയും നിശ്ചയിച്ചിട്ടുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച വീടിന്റെ പരിധി പരമാവധി 1000 സ്‌ക്വയര്‍ ഫീറ്റും, വീടിരിക്കുന്ന സ്ഥലം 4 സെന്റും ആയിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ ഈ പരിധി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വരുമാന പരിധി 8 ലക്ഷത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷമായി കുറയ്ക്കുകയും ഭൂപരിധി 5 ഏക്കറില്‍ നിന്ന് 2.5 ഏക്കറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതായത് കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍, സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണെന്നു ചുരുക്കം. ഇതോടൊപ്പം തന്നെ, റേഷന്‍കാര്‍ഡിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട അന്ത്യോദയ അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് കാര്‍ഡുടമകള്‍, സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് മറ്റ് മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ തന്നെ ഈ സാമ്പത്തിക സംവരണം ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള, പ്രധാന നിബന്ധനകള്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് ഏവരും ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ്.
EWS സര്‍ട്ടിഫിക്കറ്റ് ലഭി ക്കുന്നതിനായി, വില്ലേജ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി വില്ലേജ് ഓഫീസറെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സംവരണ ആവശ്യങ്ങള്‍ക്ക്, തഹസില്‍ദാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. വില്ലേജ് ഓഫീസില്‍ നിര്‍ദിഷ്ട മാതൃകയില്‍ നല്‍കുന്ന അപേക്ഷ, വില്ലേജ് ഓഫീസറുടെ ശുപാര്‍ശപ്രകാരം തഹസീല്‍ ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
കേരള സര്‍ക്കാരിന്റെ നി ശ്ചിത മാനദണ്ഡപ്രകാരം ലഭിക്കുന്ന ഈ സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെയും (UPSC, SSC, RRB, etc) സംസ്ഥാന സര്‍ക്കാരിന്റെയും (PSC) വിവിധ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കുന്നതിനും രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനും (NEET-MBBS, KEAM, JAM, GATE, etc) വിവിധ അഭിരുചി പരീക്ഷകളില്‍ (NET, SET, KTET, etc.) മാര്‍ക്ക് ഇളവുകള്‍ ലഭിക്കുന്നതിനും ഉപകാരപ്പെടുന്നതാണ്. ഉദ്യോഗത്തിനു മാത്രമല്ല; പ്രവേശനം, അഭിരുചി പരീക്ഷകള്‍, മത്സര പരീക്ഷകള്‍ തുടങ്ങിയ സര്‍വ്വ മേഖലകളിലും 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ നാനാതുറയിലുള്ളതും വിവിധ സംസ്‌കാരങ്ങള്‍ പിന്തുടരുന്നതുമായ വലിയൊരു ജനവിഭാഗത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച്, ഉചിതമായ തീരുമാനമെടുത്ത് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം ഒട്ടേറെ ആശങ്കകളും ഇപ്പോള്‍ നിലവിലുണ്ട്.
സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, സ്വാഭാവികമായും വില്ലേജോഫീസര്‍ക്കു മുന്നിലെ കടമ്പയാണ്.
EWS സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു നല്‍കേണ്ട, വില്ലേജ് ഓഫീസര്‍മാര്‍ക്ക് അപേക്ഷകര്‍ക്ക് അനുഭാവപൂര്‍വ്വം അവ നല്‍കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ മേല്‍ത്തട്ടില്‍ നിന്നും കൊടുക്കേണ്ടതും അതു പ്രയോഗികമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്.
നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള പ്ലസ് വണ്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയുടെ വിജ്ഞാപനത്തിലോ പ്രോസ്‌പെക്ടസിലോ സാമ്പത്തിക സംവരണം പ്രതിപാദിച്ചിട്ടില്ല. സാമ്പത്തിക സംവരണ മാനദണ്ഡത്തിലൂടെ നിര്‍ദ്ദിഷ്ട കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനെ സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് സ്വാഭാവികമായും ഇത് നീതി നിഷേധമാണ്. ഓരോ കോഴ്‌സിന്റേയും വിജ്ഞാപനവും പ്രോസ്‌പെക്ടസുമിറക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ച് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയില്ലെങ്കില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്യും. അതുകൊണ്ട് സംവരണനിയമം പാസാക്കിയ അതേ വിവേചന ബുദ്ധി, അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും സംസ്ഥാന തലത്തിലുള്ള ഈ നോഡല്‍ ഓഫീസര്‍മാരുടെ കാര്യത്തിലും കാണിച്ചാലേ, ഇതിനു പ്രായോഗികതയുണ്ടാവുകയുള്ളൂ. ഒരു ജനാധിപത്യ വ്യവസ്ഥയില്‍, നയരൂപീകരണത്തിനും നിയമനിര്‍മ്മാണങ്ങള്‍ക്കുമപ്പുറം അവ നടപ്പിലാക്കേണ്ടതും ഭരണകൂടങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമാണ്. അര്‍ഹതയുള്ളവരെ പരിഗണിക്കേണ്ടതും ആവശ്യക്കാര്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കേണ്ടതും അവരര്‍ഹിക്കുന്ന നീതികൂടിയാണ്. അതുകൊണ്ട്, സംവരണത്തിന്റെ പ്രായോഗികതയ്ക്കുവേണ്ട നടപടിക്രമങ്ങള്‍ ചടുലമാക്കി, അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുകയും വേണം.
'ഇതൊന്നും ഞാനറിഞ്ഞില്ല', 'ഇക്കാര്യം എന്നെയാരും അറിയിച്ചില്ല' എന്ന മലയാളിയുടെ പതിവു പ്രതിരോധ വാക്കുകളുപയോഗിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അര്‍ഹമായ ഈ ആനുകൂല്യം, ഒരു അവകാശബോധത്തോടെ നോക്കി കാണാനും, അതിന്റെ സാങ്കേതികതയില്‍ പഴിചാരാതെ നേടിയെടുക്കാനും നമുക്കാവുമ്പോഴാണ് സാമ്പത്തിക സംവരണത്തിന്റെ യഥാര്‍ത്ഥ ഗുണം അര്‍ഹര്‍ക്ക് അനുഭവവേദ്യമാകുക.
ഇത്, സാമൂഹ്യബോധമുള്ള ഒരു നന്മയുടെ തുടക്കമാണ്. ആ നന്മയുടെ ഗുണം, അതിന്റെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ടോയെന്ന്, ഉറപ്പു വരുത്താനുള്ള ബാധ്യത സ്വാഭാവികമായും പൊതു സമൂഹത്തിനുണ്ട്. നീതി നിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍, അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ അതു കൊണ്ട് തന്നെ അവരില്‍ നിന്നുണ്ടാകണം. അങ്ങനെ, അര്‍ഹതയുള്ള ഒരു വലിയ ജന വിഭാഗത്തെ, സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നമുക്കു തുടരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org