മദ്യത്തെക്കുറിച്ചുള്ള ലേഖനം: ഒരു വിശദീകരണം

എ. അടപ്പൂര്‍ എസ്.ജെ.

മദ്യപാനത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റി സത്യദീപത്തില്‍ വന്ന എന്‍റെ ലേഖനത്തിനു മാന്യ വായനക്കാരില്‍ നിന്നുണ്ടായ പ്രതികരണം തികച്ചും പ്രോത്സാഹകമായിരുന്നു. അതിനോട് യോജിക്കുന്നവരുള്ളതുപോലെ വിയോജിക്കുന്നവരുമുള്ളത് സ്വാഭാവികം മാത്രം.

അതീവ സങ്കീര്‍ണ്ണങ്ങളായ ഇത്തരം പ്രശ്നങ്ങളെ പക്വതയോടെ വിലയിരുത്തുവാന്‍ കഴിവുള്ള നിരവധി വായനക്കാര്‍ നമ്മുടെയിടയില്‍ ഉണ്ടെന്നതിന്‍റെ തെളിവാണിത്. പൊതുജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് സഭ പുലര്‍ത്തിയിട്ടുള്ള നിലപാട് കാലാന്തരങ്ങളില്‍ മാറിമറിഞ്ഞിട്ടുണ്ട്.
അതിനെപ്പറ്റിയാണ് കര്‍ദി. ജോണ്‍ ഹെന്‍റി ന്യൂമന്‍ 'ദി പ്രോഗ്രസ് ഓഫ് ക്രിസ്ത്യന്‍ ഡോക്ട്രിന്‍' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. ആംഗ്ലിക്കന്‍ സഭാംഗമായി ജനിച്ചുവളര്‍ന്ന അദ്ദേഹം കത്തോലിക്കാസഭയില്‍ ചേരുന്നതിനു മുമ്പ് രചിച്ച ഗ്രന്ഥമാണതെന്നും ഓര്‍ക്കണം.

ആദ്യമൊക്കെ ബൈബിള്‍ വാക്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ച് അതിന്‍ പ്രകാരം വിശ്വാസസത്യങ്ങള്‍ക്ക് രൂപം നല്‍കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്‍കാലങ്ങളില്‍ ആ രീതി ഉപേക്ഷിക്കേണ്ടിവന്നു. ഉദാഹരണം: സഭയ്ക്കു പുറമേ രക്ഷയില്ല എന്ന വാദം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാതിവരെ അത് ഔദ്യോഗിക പ്രബോധനമായി തുടര്‍ന്നുപോന്നു. രണ്ടാം വത്തിക്കാന്‍ സുനഹദോസിന്‍റെ ആവിര്‍ഭാവത്തോടെ അതില്‍ മാറ്റംവന്നു.
മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള പ്രബോധനം വേറൊരുദാഹരണമാണ്. ദൈവതിരുമുമ്പില്‍ മനുഷ്യനു കടമകളേയുള്ളൂ, അവകാശമൊന്നുമില്ല എന്നാണു സഭാസമൂഹം പരമ്പരാഗതമായി വിശ്വസിച്ചുപോന്നത്. ആ വിശ്വാസം രണ്ടാം വത്തിക്കാന്‍ സുനഹദോസില്‍ ചോദ്യം ചെയ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് അനുകൂലമായ വാദമുഖങ്ങള്‍ ഉന്നയിച്ചവരിലൊരാള്‍ പോളണ്ടില്‍ നിന്നുവന്ന ആര്‍ച്ച് ബിഷപ് കാരള്‍ വോയ്ത്തീവ (പിന്നീട് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍) ആയിരുന്നു.

ദൈവം നല്‍കിയ ബുദ്ധിശക്തി ഉപയോഗിച്ചും മനുഷ്യന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ബൈബിള്‍, ഖുര്‍ആന്‍, ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ മനുഷ്യരെ ഭിന്നമതങ്ങളായി വേര്‍തിരിച്ചു കാണുന്നു. ബുദ്ധി ശക്തിയാകട്ടെ, ജാതി- മത-വംശ ഭേദങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും പൊതുവാണ്. മദ്യപാനംപോലുള്ള മതനിരപേക്ഷ വിഷയങ്ങളെ സംബന്ധിച്ചിടത്തോളം സാമാന്യബുദ്ധിയുടെയും യുക്തിചിന്തയുടെയും മാര്‍ഗമാണ് പൊതുനന്മയ്ക്ക് ഉപകരിക്കുന്ന തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സഹായകം.

മദ്യാസക്തിയുടെ ദൂഷ്യ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മദ്യനിരോധനം സര്‍ക്കാരിന്‍റെ നയമാക്കണമെന്നു വാദിക്കുന്ന ഒരു പ്രബലവിഭാഗം കേരളത്തിലുണ്ട്. ഇവിടത്തെ കത്തോലിക്കാസഭ അതിന്‍റെ ഭാഗമാണ്. തീനും കുടിയും ഓരോ മനുഷ്യവ്യക്തിയുടെയും സ്വതന്ത്രമായ മനുഷ്യാവകാശമാണെന്നതും സത്യം. ജനാധിപത്യം നിലവിലുള്ള ഇന്ത്യയില്‍ മദ്യവിപണനത്തെ ഒരു കുറ്റകൃത്യമായി കാണാനാവില്ല.. മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ബാഹുല്യവും അതു ലഭിക്കുന്ന ഇടങ്ങളുടെ പരിമിതിയും ഒരുമിച്ചുദാഹരിക്കുന്ന സ്ഥിതിവൈപരീത്യം കേരളത്തില്‍ മാത്രമേ കാണുന്നുള്ളൂ. മറ്റിടങ്ങളില്‍ ഭക്ഷ്യപാനീയങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകളിലും മദ്യവും വാങ്ങാന്‍ കിട്ടും. അതാവശ്യമുള്ളവര്‍ വാങ്ങുന്നു. വേണ്ടാത്തവര്‍ വാങ്ങുന്നില്ല. വന്‍ നഗരങ്ങളിലെ തെരുവുകളില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന നീണ്ട ക്യൂകളുടെ പ്രശ്നം അവിടെ ഉദിക്കുന്നില്ല. എന്തുകൊണ്ട് ആ രീതി ഈ കേരളത്തില്‍ നമുക്കും സ്വന്തമാക്കിക്കൂടാ?
ഈ ചോദ്യമാണു എന്‍റെ സത്യദീപം ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ചത്. അതിനോട് പ്രതികരിച്ച വായനക്കാരോട് എനിക്ക് നന്ദിയുണ്ട്. ബൈബിള്‍ ഒരിടത്തും മദ്യപാനത്തെ അപലപിക്കുന്നില്ല എന്നു ഞാന്‍ എഴുതിയത് തെറ്റാണെന്ന് അവരാണ് എന്നെ ബോദ്ധ്യപ്പെടുത്തിയത്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു.
കാനായിലെ വിവാഹവിരുന്നില്‍ യേശു പ്രവര്‍ത്തിച്ച ദിവ്യാത്ഭുതം അമിതമദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെ ഇല്ലാതാക്കുന്നില്ല. മദ്യാസക്തി എന്ന മാറാരോഗത്തിന്‍റെ ഭീകരതയെ ലഘൂകരിക്കുന്നുമില്ല. അവയെപ്പറ്റിയുള്ള ഗൗരവപൂര്‍വ്വമായ ബോധവല്‍ക്കരണയജ്ഞം നിരന്തരമെന്നോണം തുടര്‍ന്നുകൊണ്ടേയിരിക്കണം. അതിന്‍ഫലമായുണ്ടാവുന്ന സമവായമാണ് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെന്നോണം കേരളത്തിലും നമുക്കുള്ള ഏക പരിഹാരമാര്‍ഗം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org