Latest News
|^| Home -> Letters -> കൊറോണയ്ക്കുശേഷം സഭയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍

കൊറോണയ്ക്കുശേഷം സഭയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍

44-ാം ലക്കം സത്യദീപത്തില്‍ എസ് പൈനാടത്ത് എസ്.ജെ.യുടെ ”കൊറോണാനന്തര സഭയിലെ ആത്മീയത” എന്ന ലേഖനം വിജ്ഞാന പ്രദവും നാമോരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്നതുമായിരുന്നു. ഒരു വൈറസിന്റെ മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യകുലത്തി ന്റെ മൂന്നു മിഥ്യാധാരണകള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഏതാനും ആഴ്ചകളായി നാം കാണുന്നത്. 1) ശാസ്ത്രം എല്ലാറ്റിനും ഉത്തരം നല്‍കും 2) പണം ജീവിതത്തെ ഭദ്രമാക്കും 3) മതം ശ്രേയസ്സിലേക്കു നയിക്കും. പലപ്പോഴും ഇങ്ങനെ ഒരു പ്രതിഭാസത്തിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ ഭീതിദമായ ഒരു മുഖം മാത്രമാണ് നാം കാണുന്നത്. എന്നാല്‍ അതിലൂടെ ദൈ വാത്മാവ് എന്താണു നമ്മോട് ആവശ്യപ്പെടുന്നതെന്ന് കാതോര്‍ക്കാനുള്ള തുറവിയാണ് നമുക്കു വേണ്ടത്. ജീവിത ത്തിലുണ്ടാകുന്ന ഏതൊരു സഹനത്തിനും പ്രതിസന്ധിക്കും ആഴമായ അര്‍ത്ഥവും സന്ദേശവുമുണ്ടല്ലോ. അതാണു ഭാവിയിലേക്കു നോക്കുവാന്‍ നമുക്കു ഉള്‍ക്കരുത്ത് നല്‍കുന്നത്.

വൈറസിനെ അതി ജീവിക്കുന്ന മനുഷ്യകുലം ഒരു പുതിയ സംസ്‌ക്കാരത്തിലേക്കു നീങ്ങുമെന്നു നമുക്കു പ്ര ത്യാശിക്കാം. പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനു പകരം ലളിതമായ ഒരു ജീവിതശൈലി, സമ്പത്തും അധികാരവും കയ്യടക്കുന്നതുപേക്ഷിച്ചു കരുണയും നീതിയും ജീവിതമൂല്യങ്ങളാക്കിക്കൊണ്ട് യേശു നാഥന്റെ ജീവിതശൈലിയിലേക്കുള്ള മടങ്ങിപ്പോക്കിനുള്ള ഒരവസരമാകട്ടെ ഈ കൊറോണക്കാലം.

കോടികള്‍ മുടക്കി പണിതീര്‍ക്കുന്ന ഭീമാകാരങ്ങളായ ദേവാലയങ്ങള്‍, പണം വാരിയെറി ഞ്ഞുള്ള തിരുനാള്‍ ആഘോഷങ്ങള്‍, ശബ്ദമുഖരിതമായ മതപ്രഭാഷണങ്ങള്‍ എല്ലാത്തിനും ഒരു മാറ്റം വന്നേ മതിയാകൂ. ഇവിടെ ക്രൈസ്തവര്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ”ആത്മാവ് സഭയോട് എന്തു പറയുന്നു?” (വെളി. 2:11). ഒന്നു വ്യക്തമാണ്. പ്രകടനാത്മകമായ മതാത്മകതയില്‍നിന്നു ലാളിത്യപൂര്‍ണമായ ആത്മീയതയിലേക്കു നീങ്ങാനുള്ള ദൈവാത്മാവിന്റെ ഉള്‍വിളി… സ്വാര്‍ത്ഥതയില്‍ നിന്നു ഈശ്വരോന്മുഖതയിലേക്കുള്ള ഉണര്‍വ്വ്. പരസ്പരം പാദങ്ങള്‍ കഴുകാന്‍ തയ്യാറുള്ളവരുടെ ഒരു സഭയാണു യേശു വിഭാവനം ചെയ്തത്.

വിവാഹധൂര്‍ത്ത് അവസാനിപ്പിച്ച് ആ തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനു മാറ്റിവയ്ക്കുന്നവരു ടെ പേരുകള്‍ കേട്ടുതുടങ്ങിയത് ശുഭോദര്‍ക്കമാണ്. അതുപോലെ പള്ളി പെരുന്നാളുകള്‍ക്കും ആ ഘോഷങ്ങള്‍ക്കുമായി ചെലവഴിക്കാനുദ്ദേശിക്കുന്ന തുക സാധുക്കള്‍ക്കു വിതരണം ചെയ്ത നിരവധി ഇടവകകള്‍ പുതിയൊരു സംസ്‌ക്കാരത്തി ന്റെ നാന്ദിയും തുടക്കവുമാകട്ടെ.

സെലിന്‍ പോള്‍ പെരുമറ്റത്തില്‍, തൊടുപുഴ