ചരിത്രം സാക്ഷി

കെ.എന്‍. ജോര്‍ജ്, മലപ്പുറം

സത്യദീപം 48-ാം ലക്കത്തില്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എഴുതിയ ഒന്നാം നൂറ്റാണ്ടിന്‍റെ "ഗ്രീക്ക് ഗരിതിയോണ്‍ നാടകവും കേരള ക്രൈസ്തവസഭയും" എന്ന ലേഖനം വായിച്ചു. ലേഖകന്‍റെ അഭിപ്രായത്തില്‍ പ്രസ്തുത നാടകം കേരള ക്രൈസ്തവപാരമ്പര്യത്തെക്കുറിച്ചു വെളിച്ചം വീശുന്ന ആധികാരികരേഖയാണ്. കേരള ക്രൈസ്തവസഭ സ്ഥാപിച്ചതു തോമാശ്ലീഹായാണെന്ന അതിപുരാതന പാരമ്പര്യം ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ലെന്ന ലേഖകന്‍റെ നിഗമനം ശരിയല്ല. അതുപോലെ 8-ാം നൂറ്റാണ്ടിനുമുമ്പു കേരളത്തില്‍ ബ്രാഹ്മണര്‍ പാര്‍ത്തിരുന്നില്ല എന്ന വാദവും നിലനില്ക്കുന്നതല്ല.

ക്രിസ്തുവിനുമുമ്പ് 1000-നും 600-നുമിടയ്ക്കാണ് ആര്യന്‍ അധിനിവേശം ഇന്ത്യയില്‍ സംഭവിച്ചതെന്ന് ഇന്ത്യാ ചരിത്രം പറയുന്നു (പ്രൊഫ. പി.കെ. മുഹമ്മദ് അലി, ഇന്ത്യാചരിത്രം പേജ് 28). ഋഗ്വേദ സൂക്തങ്ങളനുസരിച്ച് ആര്യന്മാരുടെ വാസസ്ഥലം പഞ്ചാബായി രുന്നു. പഞ്ചാബില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ കഴിയാത്തവിധം അവരുടെ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുകൂടി വ്യാപിക്കാതിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ അവര്‍ ദക്ഷിണേന്ത്യയിലേക്കും കുടിയേറി. കാന്ത്യായനനും (ബി.സി. നാലാം ശതകം) പതഞ്ജലിക്കും (ബി.സി. രണ്ടാം ശതകം) കേരളത്തിലെ ചൂര്‍ണിയാറിനെ (പെരിയാറിനെ)ക്കുറിച്ചു പരാമര്‍ശമുണ്ട് (കേരളചരിത്രം, ശ്രീ എ. ശ്രീധരമേനോന്‍, പേജ് 29, 30). ഇതില്‍ നിന്നെല്ലാം അനുമാനിക്കേണ്ടതു ക്രിസ്തുവിന് 400 വര്‍ഷം മുമ്പുതന്നെ ആര്യന്മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നാണ്.

ക്രിസ്തുമതത്തിന്‍റെ ആരംഭത്തെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കു സന്ദേഹമൊന്നുമില്ല. ഏ.ഡി. ഒന്നാം ശതകത്തിലാണു ക്രിസ്തുമതം കേരളത്തിലെത്തിയത്. ക്രിസ്തുവര്‍ഷത്തിനുമുമ്പു കേരളവും മെഡിറ്ററേനിയന്‍ പ്രദേശങ്ങളും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ തോമാശ്ലീഹായുടെ കേരളാഗമത്തില്‍ അസാംഗത്യമൊമൊന്നുമില്ല. ഏ.ഡി. 68-ല്‍ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയ ജൂതന്മാര്‍ പരമ്പരയായി സൂക്ഷിച്ചുപോന്ന വിവരണങ്ങളില്‍ അന്നു കൊടുങ്ങല്ലൂരുണ്ടായിരുന്ന ക്രൈസ്തവസമുദായത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കേരളത്തിലെ ക്രിസ്തുമതം ശതവര്‍ഷങ്ങളിലൂടെ സത്വര പുരോഗതി നേടുകയും ക്രൈസ്തവസഭ ഈ നാട്ടിലെ സുസംഘടിതമായ സ്ഥാപനങ്ങളിലൊന്നായി തീരുകയും ചെയ്തു. കോണ്‍സ്റ്റന്‍റയില്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ഏ.ഡി. 325-ല്‍ നിഖ്യായില്‍വച്ചു കൂടിയ സാര്‍വത്രിക സൂനഹദോസില്‍ "പേര്‍ഷ്യയുടെയും മഹത്തായ ഇന്ത്യയുടെയും മെത്രാപ്പോലീത്ത എന്നു വിശേഷിപ്പിക്കപ്പെട്ട ജോഹന്നസും പങ്കെടുത്തിരുന്നു. ഏഡി രണ്ടാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച അലക്സാന്‍ഡ്രിയന്‍ വിദ്യാലയാദ്ധ്യക്ഷനായ പാന്തയേനസ്സ് അന്നു കേരളത്തില്‍ അഭിവൃദ്ധമായ ഒരു ക്രിസ്ത്യന്‍ സമുദായത്തെ കണ്ടതായി പ്രസ്താവിച്ചിട്ടുള്ളതും ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു (കേരളചരിത്രം ശ്രീ. എ. ശ്രീധരമേനോന്‍, പേജ് 133-136). ചരിത്രവസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കേവലം ഒരു നാടകത്തിന്‍റെ പിന്‍ബലത്തില്‍ കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ അഭിവൃദ്ധമായ ഒരു ക്രിസ്ത്യന്‍ സമുദായം നിലവിലുണ്ടായിരുന്നു എന്നു സ്ഥാപിക്കേണ്ടതുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org