ക്രിസ്തു പാരമ്പര്യവാദിയോ?

സി. നോയല്‍ റോസ് സിഎംസി

പെസഹാ ആചരണത്തിന്‍റെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍റെ തീരുമാനം അങ്ങേയറ്റം നിരാശാജനകമായെന്നു പറയാതെ വയ്യ. സ്ത്രീകളുടെ കാല്‍ കഴുകുന്നതോ കഴുകാതിരിക്കുന്നതോ അല്ല പ്രശ്നം. ഇത്തരം തീരുമാനങ്ങളുടെ പുറകിലുള്ള സ്ത്രീകളോടുള്ള മനോഭാവം സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ ആശങ്കയുളവാക്കുന്നതാണ്. എല്ലാത്തരം വിവേചനങ്ങളും അപ്രസക്തമാക്കുന്നതിന്‍റെ കൂടി അടയാളപ്പെടുത്തലും ഓര്‍മപ്പെടുത്തലും കൂടിയായിരുന്നു ക്രിസ്തുവിന്‍റെ കാല്‍കഴുകല്‍ ശുശ്രൂഷ. 21-ാം നൂറ്റാണ്ടിന്‍റെ ദൈവസമ്മാനമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ ചൈതന്യം ഉള്‍ക്കൊണ്ട് ലിംഗ, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യരെയെല്ലാം ദൈവജനമായി കാണുവാനുള്ള ക്രിസ്തീയമായ തീരുമാനം കൈക്കൊള്ളുകയും നടപ്പിലാക്കാന്‍ കത്തോലിക്കാസഭയോട് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ 'പാരമ്പര്യ' ത്തിന്‍റെ പേരില്‍ ഇത്ര മനോഹരമായ ഉള്‍ച്ചേര്‍ക്കലിന്‍റെ ചൈതന്യത്തില്‍ നിന്നു പുറംതിരിഞ്ഞു നിന്നവര്‍ എന്താണു നേടിയത്? ശരീരത്തിന്‍റെ പേരില്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ചൂഷണം ചെയ്യപ്പെടുകയും നിന്ദ്യമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന പൊതുസമൂഹത്തിന് എന്തു സന്ദേശമാണ് ഇത്തരം തീരുമാനങ്ങള്‍ നല്കിയത്?

ക്രിസ്തുവും ക്രൂശിക്കപ്പെട്ടതു പാരമ്പര്യലംഘനത്തിന്‍റെ പേരില്‍കൂടിയാണെന്ന് ഓര്‍ക്കേണ്ടതാണ്. മാറ്റിനിര്‍ത്തലിന്‍റെയും വിവേചനത്തിന്‍റെയും പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്നതിന്‍റെ പേരില്‍ ക്രിസ്തുവാണു കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാതൃകയെങ്കില്‍ ക്രിസ്തുവിനു സ്ത്രീകളോടുണ്ടായിരുന്ന മനോഭാവംകൂടി സഭാധികാരികള്‍ ധ്യാനിക്കണമെന്ന അപേക്ഷയുണ്ട്. സ്ത്രീകളുടെ ശരീരത്തിലേയ്ക്കല്ലാതെ ആത്മാവിലേക്ക്, മനുഷ്യത്വത്തിലേക്കു (humannes) നോക്കാന്‍ പുരുഷസമൂഹത്തിനു കഴിയുന്ന കാലം എന്നാണു വരിക…? പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും വേണ്ടി പ്രസംഗിക്കാനുള്ള സഭയുടെ ധാര്‍മികതതന്നെ ഇത്തരം തീരുമാനങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org