കോവിഡും സഭയും

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സത്യദീപം 17 ജൂണ്‍ 2020-ലെ ബഹുമാനപ്പെട്ട ചക്യത്ത് തോമസ് പിതാവിന്റെ കോവിഡാനന്തര ജീവിതശൈലി എന്ന ലേഖനം ശ്രദ്ധാപൂര്‍വം വായിച്ചു. അതില്‍ പിതാവ് വ്യക്തികള്‍ കോവിഡ് കാലഘട്ടത്തിലും അതിനു ശേഷവും പെരുമാറേണ്ട ജീവിതശൈലിയെക്കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതില്‍നിന്നും ഒന്നും ഒഴിവാക്കാനില്ല.

ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് ഈ കാലഘട്ടത്തില്‍ സഭ എത്രമാത്രം ഉത്തരവാദിത്വത്തോടുകൂടി പെരു മാറി എന്നതിനെക്കുറിച്ചാണ്. സഭയുടെ സ്വത്തുക്കളെല്ലാംതന്നെ വിശ്വാസികള്‍ അവരുടെ സമ്പന്നകാലത്തു ദാനം ചെയ്തു സ്വരുക്കൂട്ടിയതാണ്. അതില്‍ നിന്നും തന്നെയാണ് സഭ, സ്ഥാപനങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കിയത്. എന്നിട്ടും കോവിഡ് ലോക്ക്ഡൗണ്‍ ദുരന്തകാലത്തു വേദന അനുഭവിച്ച, സാമ്പത്തിക ദുരിതം മൂലം കഷ്ടപ്പെട്ട വിശ്വാസ സമൂഹത്തിനു നമ്മുടെ സ്ഥാപനങ്ങളും ഇടവകകളും എന്തു ചെയ്തു എന്നത് വളരെ സൂക്ഷ്മതയോടുകൂടി നോക്കികാണേണ്ടതാണ്. വളരെ ചുരുക്കം ഇടവകകള്‍ എന്തെങ്കിലും ചെയ്തു കാണും. മറ്റു ചിലര്‍ വളരെ ഭംഗിയായും ചെയ്തിട്ടുണ്ട് എന്നതും നിഷേധിക്കുന്നില്ല. ചില രാജ്യങ്ങളില്‍ ചെയ്തതുപോലെ ഇടവക സമൂഹത്തിനു വരുമാനമുണ്ടാകുമ്പോള്‍ തിരിച്ചടയ്ക്കണം എന്ന ഉപാധിയില്‍ വായ്പ കൊടുത്തു സഹായിക്കാന്‍ കഴിയുമായിരുന്നു.

നമ്മുടെ സ്ഥാപനങ്ങള്‍ യേശുക്രിസ്തുവിന്റെ രൂപം വയ്ക്കാന്‍ യോഗ്യമാണോ എന്ന് ആത്മപരിശോധന നടത്തണം. സ്‌നേഹമാകുന്നു എന്ന പേരും, വിശുദ്ധരുടെ ഒക്കെ നാമവും വഹിക്കുന്ന നമ്മുടെ ചില ക്രൈസ്തവ ആശുപത്രി കള്‍ അറിയപ്പെടുന്നത് 'കത്തി' എന്ന പേരിലാണെന്നത് വേദന ഉളവാക്കുന്നു. നമ്മുടെ ആശുപത്രികളില്‍ ആര്‍ത്തി പൂണ്ട ഡോക്ടര്‍മാര്‍ ഉണ്ടാകരുത്. ആരാധനയും കുര്‍ബാനയും തിരുനാളും ധ്യാനവും വിശ്വാസികള്‍ക്ക്, ബാക്കിയെല്ലാം പുറത്തേക്ക് എന്ന ധാരണ തെറ്റാണ്. പണത്തിനു വിലയില്ല എന്ന് ഈ കൊറോണ കാലത്തിലൂടെ ദൈവം പഠിപ്പിച്ചു കഴിഞ്ഞു. കൊടുക്കാന്‍ വേണ്ടിയാകണം സമ്പാദിക്കുന്നത്.

സഭയോടും, സഭാപിതാക്കന്മാരോടും പുരോഹിതന്മാരോടും ചേര്‍ന്നുനിന്നുകൊണ്ടുതന്നെയാണ് ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ചില ചൂണ്ടിക്കാണിക്കല്‍ മാത്രം. നമ്മള്‍ മാറണം അല്ലെങ്കില്‍ കാലം അതു മാറ്റും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org