സംസ്ഥാനത്തെ ദേശീയപാതകളുടെ പദവി മാറ്റരുത്

ജെയിംസ് മുട്ടിക്കല്‍, തൃശൂര്‍

ദേശീയപാതകള്‍ക്കരികിലെ മദ്യവില്പനയെക്കുറിച്ച് ഏതാനും ദിവസം മുമ്പു സുപ്രീംകോടതിയില്‍നിന്നും വന്ന വിധി കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്കു ദൂഷ്യം ചെയ്യുന്നതാണ്. ദേശീയപാതകളിലെ റോഡപകടങ്ങള്‍ക്കു പ്രധാന കാരണം മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്നും ഇതു പരിഹരിക്കുന്നതിനായി ദേശീയപാതകള്‍ക്കരികിലെ മദ്യശാലകളെല്ലാം അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ ആദ്യവിധി. എന്നാല്‍ ഈ വിധിയില്‍നിന്നും രക്ഷപ്പെടുന്ന വിധം ചണ്ഡിഗഡ് നഗരത്തില്‍ ദേശീയപാതകളുടെ പദവി മാറ്റിയതിനെതിരെയുള്ള കേസില്‍ ദേശീയപാതകളുടെ പദവി മാറ്റിയാല്‍ മദ്യശാലകള്‍ ആകാമെന്ന വിധത്തിലാണു സുപ്രീംകോടതിയുടെ പുതിയ വ്യാഖ്യാനം വന്നിട്ടുള്ളത്! ദേശീയപാതകളിലൂടെ അതിവേഗത്തില്‍ പായുന്ന വാഹനങ്ങളെ ഉദ്ദേശിച്ചാണ് ആദ്യവിധിയെന്നും നഗരപരിധികളില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ പായുകയില്ലെന്നുമാണു സുപ്രീംകോടതിയുടെ നിരീക്ഷണം. കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയപാതകള്‍ കടന്നുപോകുന്നതു നിരവധി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളിലൂടെയാണ്. ഈ പാതകളുടെ പദവി നഗരപാത എന്നാക്കിയാല്‍ ഇവിടെ അടച്ചൂപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാം. ഈ മദ്യവില്പനശാലകില്‍നിന്നും മദ്യപിച്ചിറങ്ങുന്നവര്‍ നഗരപരിധിയില്‍ മാത്രമല്ല, ദേശീയപാതകളിലൂടെതന്നെയാണ് തുടര്‍ന്നുള്ള യാത്രകളും നടത്തുന്നത്. അതിനാല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത നിലനില്ക്കും. പുതിയ വിധിയുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ നഗരങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ പദവിമാറ്റി അവിടങ്ങളില്‍ മദ്യവില്പനശാലകള്‍ ആരംഭിക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ആരംഭിക്കും. ഇതിനു സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org