മുഖപ്രസംഗം: ചില വിയോജിപ്പുകള്‍

മുഖപ്രസംഗം: ചില വിയോജിപ്പുകള്‍

പ്രിയ എഡിറ്റര്‍,

സത്യദീപം മുഖപ്രസംഗം വായിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടനത്തെക്കുറിച്ച് താങ്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തുറന്ന മനസോടെ കാണുന്നു. പക്ഷേ ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ.
'എല്‍ഡിഎഫ് മികച്ച വിജയം നേടുകയും യുഡിഎഫ് ദയനീയമായി തകരുകയും ചെയ്തത്,' എന്ന പ്രയോഗത്തില്‍ തന്നെ വസ്തുതാപരമായ പിശ കുണ്ട്. യുഡിഎഫ് ദയനീയമായി തകര്‍ന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നു. ആകെ വോട്ട് ശതമാനം യുഡിഎഫിന് 37.91 ആണെങ്കില്‍ യുഡിഎഫിന് 38.86 ആണ്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തു കളിലും യുഡിഎഫിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല എന്നത് അംഗീകരിക്കുന്നു. പക്ഷേ നഗര സഭകളില്‍ മികച്ച മുന്നേറ്റമുണ്ട്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ വിമത നീക്കമാണ് ഞങ്ങള്‍ക്ക് പലയിടത്തും തിരിച്ച ടിയുണ്ടാക്കിയത്. നൂറോളം വാര്‍ഡുകളില്‍ ഈ ധാരണയില്‍ സിപിഎം രണ്ടക്കം കടന്നില്ല.
എസ്ഡിപിഐ പോലുള്ള തീവ്രമുസ്ലീം സംഘടനകളുമായി പരസ്യധാരണയാണ് സിപിഎം ഉണ്ടാക്കിയത്. ഉദാ: തലശ്ശേരിയിലെ മട്ടമ്പറം വാര്‍ഡില്‍ യുഡിഎഫിന് 359 വോട്ട്, എല്‍ഡിഎഫിന് കിട്ടിയത് 11 വോട്ട്, എസ്ഡിപിഐയ്ക്ക് കിട്ടിയത് 290 വോട്ടാണ്. സിപിഎം കോട്ടയായ തലശേരിയില്‍ നിന്നുള്ള ഈ കണക്ക് മാത്രം മതി ഇജങ-ടഉജക ബന്ധത്തിന്റെ ആഴം അളക്കാന്‍. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഈ സമീപനം അവര്‍ക്ക് താല്ക്കാലിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയതും അഭിമന്യുവിന്റെ ജീവനെടുത്തതുമെല്ലാം ആരാണെന്ന് ഓര്‍മയുണ്ടാവുമല്ലോ. ഒമ്പതു വര്‍ഷത്തെ ജയില്‍ജീവിതം പിഡിപി നേതാവ് മഅദനിക്കു സാത്വികഭാവം നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് നെഞ്ചോട് ചേര്‍ത്ത നേതാവാണ് പിണറായി.
അതേസമയം, മതനേതൃത്വങ്ങളോടും വിശ്വാസത്തോടും പിണറായി വിജയന്റെയും സിപിഎംന്റെയും സമീപനം എന്താണ്. ശബരിമലയില്‍ വിശ്വാസത്തെ വ്രണപ്പെടുത്തി! ആചാരങ്ങള്‍ ലംഘിക്കപ്പെടാന്‍ കൂടിയുള്ളതാണെന്ന് പറഞ്ഞത് പിണറായി വിജയനാണ്. അക്കാര്യങ്ങളോടൊന്നും കത്തോലിക്ക സഭ ഒരിക്കലും യോജിച്ചിട്ടില്ല എന്നതും ഓര്‍ക്കുന്നു.
ക്രൈസ്തവ പുരോഹിതന്മാരെ ഇങ്ങനെ അവഹേളിച്ചിട്ടുള്ള മറ്റൊരു നേതാവും കേരളത്തില്‍ ഉണ്ടാവില്ല. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെ കേരള പര്യടനത്തിനിടെ സദസില്‍വച്ച് മുഖ്യമന്ത്രി അപമാനിച്ചത് കണ്ടു കാണുമല്ലോ. വൈദികരുടെ തിരുവസ്ത്രത്തോടു കൂടിയുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
കേരളകോണ്‍ഗ്രസ് ലയനത്തിന്റെ പേരില്‍ കത്തോലിക്ക സഭയ്‌ക്കെതിരെ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയിട്ടുള്ള പരസ്യവിമര്‍ശനങ്ങളും സഭാ നേതൃത്വം മറന്നിട്ടുണ്ടാവില്ല. പുരോഹിതന്മാര്‍ രാഷ്ട്രീയക്കളത്തില്‍ ഇറങ്ങിപ്പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ മറുപടി പറയുമെന്നും അതില്‍ കെറുവിച്ചിട്ടു കാര്യമില്ലെന്നുമായിരുന്നു പരിഹാസം. സഭയുടെ ഒരു ഇടയ ലേഖനം മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്നാണ് പിണറായി പറഞ്ഞത്. കത്തോലിക്കാ മെത്രാന്മാര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് പിണറായി വിജയന്‍. അഭിവന്ദ്യനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ നികൃഷ്ടജീവി എന്ന് വിളിച്ചത് തെറ്റായിപ്പോയെന്ന് പറയാന്‍ പതിമൂന്ന് വര്‍ഷത്തിനിപ്പുറവും അദ്ദേഹം തയ്യാറാകുന്നില്ല. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനെതിരെ ഭീഷണിയുടെ സ്വരത്തില്‍ പിണറായി വിജയനെഴുതിയ ലേഖനം ഇന്നും ദേശാഭിമാനിയുടെ ആര്‍ക്കൈവ്‌സില്‍ ഉണ്ടാകും. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിതബോധത്തെ ആത്മാര്‍ത്ഥമായി അഭിസംബോധന ചെയ്യാന്‍ കഴിയുക അടിസ്ഥാനപരമായി വിശ്വാസങ്ങളെ മാനിക്കുന്ന ഒരു മുന്നണിക്കാണ്.
പോയ ഒമ്പതു മാസത്തിനുള്ളില്‍ കേരളത്തില്‍ സാമ്പത്തിക പ്രയാസത്തില്‍ ആത്മഹത്യ ചെയ്ത മനുഷ്യര്‍ എത്രയാണെന്ന് സഭ പരിശോധിക്കണം. ഓണ്‍ലൈന്‍ പഠനത്തിന് കഴിയാതെ ആത്മഹത്യ ചെയ്ത കുട്ടികളടക്കം വേറെയും. 'ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്' എന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് മരിച്ച രാജുവിനെയെങ്കിലും നാം മറക്കരുത്.
കോവിഡ് കാലത്ത് രാജ്യത്ത് നിരവധി സംസ്ഥാനങ്ങള്‍ കിറ്റ് പോലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങള്‍ സമാനതകളില്ലാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കണ്ടെത്തലുമല്ല.
ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഈ കൊച്ചു കേരളം. എന്നാല്‍ കുര്‍ബാനയ്ക്ക് ആളുകള്‍ കൂടി എന്ന പേരില്‍ വൈദികരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍, രോഗവ്യാപനം തീവ്രമായി നില്‍ക്കുമ്പോള്‍ ചലച്ചിത്ര മേളകള്‍ നടത്താനൊരുങ്ങുകയാണ്.
കര്‍ഷക ആത്മഹത്യ കോവിഡ് കാലത്ത് മാത്രമല്ല കേരളത്തില്‍. 2019-2020-ല്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളുമായ 211 പേര്‍ ആത്മഹത്യ ചെയ്‌തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ സൃഷ്ടിച്ച മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.
ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യത്തിന് സത്യദീപം മുന്നിട്ടിറങ്ങിയത് ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് കേരളം ലഹരി മാഫിയയുടെ പിടിയിലാണ്. ലഹരിയുടെ സ്വാധീനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ലഹരി ഇടപാടില്‍ ജയിലിലാണ്.
പ്രത്യേകിച്ചൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയക്കാരും അവരുടെ മക്കളും കോടീശ്വരന്മാരായത് എങ്ങനെയാണെന്ന് സ്വര്‍ണക്കടത്തും ലഹരി കടത്തും വന്നപ്പോള്‍ കേരളം മനസ്സിലാക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണത്തിലെ ഒന്നാമനുമായിരുന്ന എം. ശിവശങ്കര്‍ ജയിലിലാണ്. ചരിത്രത്തില്‍ ആദ്യമായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടില്ലെ? മുഖ്യമന്ത്രിയുടെ വലംകയ്യായ സിഎം രവീന്ദ്രന്‍ ജയിലിന്റെ വാതില്ക്കലാണ്. സ്പീക്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടു എന്ന സൂചനയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നു. ഇതെല്ലാം രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്തതാണ്.
ഇത്തരം കാര്യങ്ങളില്‍ വസ്തുതകള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനം ഉണ്ടാകരുത് എന്ന് അഭ്യര്‍ഥിക്കാനാണ് ഈ കത്ത്.

അഡ്വ. ദീപ്തി മേരി വര്‍ഗീസ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org