എന്‍റെ ആലയം പ്രാര്‍ത്ഥനാലയമാണ്

ജോര്‍ജ് ആലുക്ക, കൂവപ്പാടം

യേശുവിന്‍റെ ഈ തിരുവചനം നമ്മില്‍ കുടികൊള്ളട്ടെ. സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി അവതരിപ്പിച്ച "കല്യാണങ്ങളിലെ ക്യാമറപ്പട, പടമെടുപ്പ്; കാലം മാറുമ്പോള്‍ മാറേണ്ടതെന്തെല്ലാം?" എന്ന അവതരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും ആയതിന്‍റെ ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഭയില്‍നിന്നും ഉണ്ടാകേണ്ടതും ആവശ്യമാണ്.

വിവാഹമുഹൂര്‍ത്തങ്ങള്‍ എന്നും എക്കാലവും സ്മരിക്കപ്പെടേണ്ടതുതന്നെയാണ്. ഒരു കല്യാണവേളയില്‍ ഫോട്ടോഗ്രാഫേഴ്സിന്‍റെ പങ്കു വളരെ വിലപ്പെട്ടതാണ്. അവര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ ഏറ്റം ഭംഗിയായി നിര്‍വഹിക്കട്ടെ. ഏറ്റം പരിപാവനമായി കാത്തുസൂക്ഷിക്കേണ്ട ഇടമാണു ദേവാലയമെന്ന ചിന്ത ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

വിവാഹാഘോഷങ്ങളുടെ ഭാഗമായി ദേവാലയത്തില്‍ പാലിക്കേണ്ട അച്ചടക്കത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഓരോ ഇടവകയിലും നടപ്പില്‍ വരുത്താന്‍ കെസിബിസി മുന്‍കയ്യെടുക്കണം.

വി. കുര്‍ബാനയിലെ കാഴ്ചസമര്‍പ്പണം കഴിഞ്ഞാല്‍ ഫോട്ടോഗ്രാഫര്‍ മാരെ മാറ്റിനിര്‍ത്തണം. പിന്നെ കുര്‍ബാനസ്വീകരണത്തിനും തുടര്‍ന്നു കാര്‍മ്മികര്‍ക്കാപ്പം നിന്നുള്ള വധൂവരന്മാരുടെ ഒരു ഫോട്ടോ എടുക്കലിനും മാത്രം ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കുക. വരന്‍റെ ഫോട്ടോഗ്രാഫര്‍മാരും വധുവിന്‍റെ ഫോട്ടോഗ്രാഫര്‍മാരും പ്രത്യേകം പ്രത്യേകം കിടമത്സരങ്ങള്‍ക്ക് ഇടം കൊടുക്കാതെ ഇരുവരും സംയോജിച്ചു പള്ളിക്കകത്തു മാത്രം ഫോട്ടോയെടുക്കാന്‍ വരന്‍റെയോ വധുവിന്‍റെയോ ഏതെങ്കിലും ഒരു വിഭാഗത്തിന് അവസരമൊരുക്കുന്നത് അഭികാമ്യമായിരിക്കും. വിവാഹാഘോഷങ്ങളില്‍ പങ്കുചേരാന്‍ വരുന്നവര്‍ ദേവാലയങ്ങളില്‍ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും വധുവരന്മാരുടെ വീട്ടുകാരെ കാലേകൂട്ടി അറിയിക്കുകയും വീട്ടുകാര്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവ പാലിക്കുകയും ചെയ്യണം. ആഘോഷങ്ങള്‍ വിശ്വാസചൈതന്യത്തിന് ഉതകുംവിധം ലാളിത്യം നിറഞ്ഞതാകണമോ പണക്കൊഴുപ്പിന്‍റെ ആഡംബരത്തോടെ വേണമോയെന്ന് അല്മായര്‍ ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org