ഇലയറിഞ്ഞ് വിളമ്പി കിട്ടിയ സദ്യ

ഇലയറിഞ്ഞ് വിളമ്പി കിട്ടിയ സദ്യ

2021 ഫെബ്രുവരി 10 ലെ സത്യദീപം വായിച്ചു. എറ ണാകുളം-അങ്കമാലി മേജര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ (സീറോ-മലബാര്‍ സഭയുടെ) തലവനും ആയിരുന്ന യശ്ശശരീരനായ മാര്‍ ആന്റണി പടിയറ തിരുമേനിയെക്കുറിച്ചുള്ള സത്യദീപം പതിപ്പ് അവസരത്തിനൊത്തതായിരുന്നു. സഭയിലെ അംഗങ്ങള്‍ക്കൊപ്പം മത വ്യത്യാസമില്ലാതെ എറണാകുളം നഗരവാസികള്‍ക്കും സ്വന്തം ആചാര്യനെന്ന് മനസ്സ് തുറന്ന് പറയാന്‍ പറ്റുന്ന പിതാവിന്റെ ഓര്‍മകള്‍ അയവിറക്കിയ സത്യദീപത്തിന്റെ ലേഖനങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു എന്നു പറയാതെ വയ്യ.
പിതാവ് വളരെ നര്‍മ്മബോധത്തോടെ സംസാരിച്ചിരുന്ന ആളായിരുന്നെങ്കിലും മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞിട്ടില്ല. തന്റെ ശിരസ്സിലെ അധികാരം സ്വന്തം താല്പര്യങ്ങളോ ഏതെങ്കിലും വിഭാഗത്തിന്റെ താല്പര്യങ്ങളൊ സംരക്ഷിക്കാന്‍ വിനിയോഗിച്ചതായും അറിയില്ല. ഈ സൗമ്യന്റെ ജീവിതവീക്ഷണങ്ങള്‍ വായിച്ചാലേ കച്ചവടവും സഭാപ്രവര്‍ത്തനവും ഒന്നല്ലെന്ന സത്യം പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. പിതാവ് ഏതെങ്കിലുമൊരു ചേരിയുടെ ഭാഗമായിരുന്നില്ല. സത്യം പറയുന്നവരെ ശത്രുവായി കണ്ടി രുന്നില്ല. രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ചില്ല. ആ നിയമ ങ്ങളെക്കാള്‍ വലുതാണ് താനെന്ന ഭാവം വച്ചു പുലര്‍ത്തിയില്ല. സീറോ-മലബാര്‍ സഭയെന്ന വഴി വെട്ടിതെളിച്ച പടിയറ പിതാവും, വിതയത്തില്‍ പിതാവുമെല്ലാം ഇന്നും ജനഹൃദയങ്ങളില്‍ അഗ്‌നിയായി തന്നെ നിലനില്‍ക്കുന്നത് അവര്‍ സഭയോട് കാണിച്ച കൂറിന്റെ പേരില്‍ തന്നെയാണ്.
ഒരു സംശയവുമില്ലാതെ പറയാം, ആന്റണി പടിയറ പിതാവ് എന്നാല്‍ ഇലയറിഞ്ഞ് തന്നെ വിളമ്പപ്പെട്ട സദ്യ തന്നെ ആയിരുന്നു.

ജെയിംസ് ദേവസ്യ, തലയോലപ്പറമ്പ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org