ഇതു ശരിയാണോ!?

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

"ബൈബിളില്‍ ഒരിടത്തും മദ്യത്തെ അപലപിക്കുന്നില്ല." ബഹു. അടപ്പൂരച്ചന്‍റെ ഈ വാക്കുകള്‍ സത്യദീപത്തില്‍ അച്ചടിച്ചു വന്നപ്പോള്‍ (ലക്കം 47) അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടുപോയി! അപ്പോള്‍ ഗുരു പഠിപ്പിച്ച ലൂക്കാ 21:34 വാക്യവും മദ്യപന്‍ ഒരിക്കലും സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുകയില്ല എന്ന് ഉറച്ച സ്വരം പ്രഖ്യാപിച്ച പൗലോസ് ശ്ലീഹയുടെ 1 കോറി. 11; റോമാ. 13:13; ഗലാ. 5:21 എന്നീ വാക്യങ്ങളും വി. ഗ്രന്ഥത്തില്‍ നിന്ന് എടുത്തുമാറ്റിയോ എന്ന സംശയം പ്രബലപ്പെടുന്നു.

മദ്യത്തിന്‍റെ ലഭ്യത കുറയുന്നതു മദ്യാസക്തിയെ കുറയ്ക്കും എന്നാണ് അനുഭവത്തില്‍ നിന്നുള്ള പാഠം. സുപ്രീംകോടതി ഉത്തരവു വഴി പാതയോരങ്ങളിലെ മദ്യവില്പന അവസാനിച്ചപ്പോള്‍ കേരളത്തില്‍ മദ്യവില്പന കുറഞ്ഞത് 34 ശതമാനം! ഇതു സര്‍ക്കാരിന്‍റെ തന്നെ സര്‍വേയില്‍ നിന്നു പുറത്തുവന്ന കണക്കാണ്.
കെസിബിസി മദ്യവിരുദ്ധസമിതിയുടെ മദ്യവിരുദ്ധപോരാട്ടം, ബഹു. അടപ്പൂരച്ചന്‍ എന്തൊക്കെ ന്യായവാദങ്ങള്‍ ഉന്നയിച്ചാലും, തണുപ്പിക്കരുതേ. മദ്യംമൂലം തീ തിന്നുന്ന മദ്യപരുടെ ഭാര്യമാരും കുട്ടികളും മെത്രാന്മാരേ നിങ്ങള്‍ക്കൊപ്പമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org