ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം

ജിന്‍റോ ജോസഫ് കെ., ഏങ്ങണ്ടിയൂര്‍

ജൂണ്‍ 29-ജൂലൈ 5 ലക്കത്തിലെ "ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം" എന്ന പേരില്‍ ഡോ. സിബി മാത്യുവുമായി ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖം വളരെ ഹൃദ്യമായി. ക്രൈസ്തവവിശ്വാസവും മൂല്യങ്ങളും ജീവിതത്തില്‍ മുറുകെ പിടിക്കുന്നവര്‍ ഔദ്യോഗികരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു… അഥവാ അലങ്കരിക്കുന്നു എന്നത് അഭിമാനകരമാണ്.

ചാനലുകളിലും പത്രങ്ങളിലും ഫോട്ടോ വരുന്നതിനുവേണ്ടിപ്പോലും നമ്മുടെ വിശ്വാസത്തെ മറന്നു പെരുമാറുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ ഉള്ള സമയത്ത് ഇത്തരം അഭിമുഖങ്ങള്‍ നമുക്ക് (അല്മായര്‍ക്ക്) ഗുണകരമാണ്. അല്മായ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണവും അക്ഷരംപ്രതി ശരിയാണ്. ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ചവരും സംഘടനാപ്രവര്‍ത്തനങ്ങളില്‍ അതിരൂപതാ തലത്തില്‍ത്തന്നെ അനേക വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരും ആയിരുന്നാലും അല്മായരെ പ്രധാന കാര്യങ്ങള്‍ ചുമതല ഏല്പിച്ചാല്‍ എന്തൊക്കെയോ നഷ്ടപ്പെടുമോ എന്നൊരു ചിന്ത വൈദികരുടെ ഇടയിലുള്ളതുപോലെ തോന്നുന്നു. അത്തരത്തിലുള്ള ചിന്തകള്‍ മാറ്റുന്നതിന് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ സഹായിക്കും. മദ്യനിരോധനത്തിന്‍റെ കാര്യത്തില്‍ ഭരണകൂടം സ്വീകരിക്കേണ്ട നയത്തെക്കുറിച്ചു വാചാലരാകുന്ന നമ്മള്‍ നമ്മുടെ നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ പരാമര്‍ശിച്ചതും നന്നായി…

ട്രംപിനെക്കുറിച്ച് ഡോ. ആലപ്പാട്ട് എഴുതിയ ലേഖനത്തെ അധികരിച്ച് ഫാ. ലൂക്ക് പൂത്തൃക്കയില്‍ എഴുതിയ കത്ത് മറുവശം ചൂണ്ടിക്കാണിക്കുന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവവിശ്വാസം മുറുകെപ്പിടിക്കുന്നവരുടെ വക്താവ് എന്ന നിലയില്‍ നയപരമായ പല മാറ്റങ്ങളും വിശ്വാസത്തിനു യോജിച്ച രീതിയില്‍ നടപ്പിലാക്കുന്നതിനു ട്രംപിനു കഴിഞ്ഞിട്ടുണ്ട്. ഭ്രൂണഹത്യയ്ക്ക് എതിരായ അദ്ദേഹത്തിന്‍റെ നിലപാടുകളെല്ലാം ഉദാഹരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org