കാല്‍കഴുകല്‍ ശുശ്രൂഷയിലെ തുല്യത

പിയ മേരി എബ്രാഹം, പടമുകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും അന്യമതസ്ഥരെയും ഉള്‍പ്പെടുത്തിയതു ജാതി- മത-ലിംഗഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കരുതുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ സാര്‍വത്രികമാനം പ്രഘോഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ്.

സഭ ഇതുവരെ ഇങ്ങനെ ചെയ്യാതിരുന്നതു തെറ്റാണെന്നോ സഭയില്‍ സ്ത്രീകള്‍ രണ്ടാംതരക്കാരായാണു കരുതപ്പെടുന്നതെന്നോ പാപ്പയുടെ ഈ പ്രവൃത്തി അര്‍ത്ഥമാക്കുന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അടക്കമുള്ള മുന്‍ മാര്‍പാപ്പമാരാരും ഇങ്ങനെയൊരു മാറ്റം വരുത്താത്തതുകൊണ്ട് അവര്‍ സ്ത്രീകളോടു വിവേചനം കാണിച്ചെന്ന് നമ്മളാരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലെങ്കില്‍പ്പിന്നെ സീറോ മലബാര്‍ സഭ ഇക്കാര്യത്തിലെ മുന്‍നിലപാടില്‍ ഉടനടി മാറ്റം വരുത്താത്തതിനെ സ്ത്രീകളോടുള്ള അവഗണനയായി വ്യാഖ്യാനിക്കേണ്ടതുണ്ടോ?

സഭയില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു എന്ന പ്രസ്താവനയോടു വ്യക്തിപരമായും യോജിക്കാനാകുന്നില്ല; മറിച്ച് സ്ത്രീകളെ കൂടുതല്‍ കൂടുതല്‍ ഉള്‍ക്കൊളളിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സഭയിലെ/ ഇടവകകളിലെ സംഘടനകളില്‍, ഭാരവാഹികളില്‍, മതാദ്ധ്യാപകരില്‍, എന്തിന് വചനപ്രഘോഷണവേദികളിലും അള്‍ത്താരശുശ്രൂഷികളുടെ കൂട്ടത്തില്‍പ്പോലും ഇന്നു സ്ത്രീകളുണ്ട്. എന്നാലിതിന്‍റെയൊക്കെ പേരില്‍ ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ മൂത്തപുത്രന്‍റെ ചിന്താഗതി ഉള്ളില്‍ വളരാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാല്‍കഴുകല്‍ശുശ്രൂഷയിലൂടെ പ്രധാന ചിന്താവിഷയമാകേണ്ടതു മാര്‍പാപ്പയോ സഭയിലെ സ്ത്രീകളുടെ സ്ഥാനമോ അല്ല, എല്ലാവരെയും തുല്യരായി കാണുന്ന ഈശോയെയാണ്. മറ്റു കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പാപ്പ വെളിപ്പെടുത്താനാഗ്രഹിച്ച ഈശോയും അവിടുത്തെ മനോഭാവവുമാണു പുറന്തള്ളപ്പെടുന്നതും വിസ്മരിക്കപ്പെടുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org