കന്യാസ്ത്രീകളും വിവാഹാഘോഷങ്ങളും

പയസ് ആലൂംമൂട്ടില്‍, ഉദയംപേരൂര്‍

ഈ അടുത്ത ദിവസങ്ങളില്‍ എന്‍റെ മകന്‍റെ കല്യാണത്തിന്‍റെ ഭാഗമായി ഞാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഗുരുക്കന്മാരും ഇടവകയില്‍ സേവനം ചെയ്യുന്നവരുമായ പല കന്യാസ്ത്രീകളെയും വിവാഹച്ചടങ്ങിലേക്കു ക്ഷണിക്കുകയുണ്ടായി. എല്ലാവരുംതന്നെ ക്ഷണം സ്വീകരിച്ചു. പക്ഷേ, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പങ്കെടുക്കാനുള്ള വിമുഖത അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതില്‍ത്തന്നെ ചിലരെങ്കിലും വീട്ടില്‍ വന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സേവനം ചെയ്യുന്ന ഇടവകയിലെ കുടുംബങ്ങളുടെ ദുഃഖത്തിലും പ്രശ്നങ്ങളിലും ഇടപെടുന്ന ഇവര്‍ക്ക് അവരുടെ സന്തോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കുന്നത്?

ഇത്തരം നിഷേധം നിലനില്ക്കുമ്പോള്‍ത്തന്നെ ഇവര്‍ സ്കൂളുകളിലും കോളജുകളിലും പഠിക്കുകയും ഡോക്ടറായിട്ടും അദ്ധ്യാപികയായിട്ടും വക്കീലായിട്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴും പല ആശുപത്രികളിലും നഴ്സുമാരായും ജോലി ചെയ്യുന്നു. പിതാക്കന്മാരുടെ സെക്രട്ടറിയായി ജോലി ചെയ്യുന്നു. വേളാങ്കണ്ണി പോലുള്ള സ്ഥലങ്ങളില്‍ സെയില്‍സ് കൗണ്ടറിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിയുടെയും പഠനത്തിന്‍റെയും ഭാഗമായി വിനോദയാത്രകളിലും അതോടൊപ്പം സിനിമയ്ക്കും പോകുന്നു.

ഇത്രയും കാര്യങ്ങള്‍ ഭംഗിയായും സ്തുത്യര്‍ഹമായും ചെയ്യുന്നവരെ പരിശുദ്ധമായ വിവാഹച്ചടങ്ങുകളില്‍നിന്നും അതോടൊപ്പമുള്ള സല്ക്കാരത്തില്‍ നിന്നും വിലക്കുന്നത് ഏതു നിയന്ത്രണത്തിന്‍റെ ഭാഗമായാലും കാലത്തിനു യോജിച്ചതായി തോന്നുന്നില്ല. ഇക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള സാദ്ധ്യത ആരായുന്നത് എന്തുകൊണ്ടും നല്ലതിനായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org