കാര്‍മികന്‍റെ സംഗീതാത്മകത

വത്സമ്മ തോമസ്, എടക്കുന്ന്

ബലിയര്‍പ്പിക്കുന്ന വൈദികന്‍റെ അസ്ഥാനത്തുള്ള അമിത സംഗീതാത്മകത ഭക്തിക്കു തടസ്സമാകുന്നതായുള്ള അഭിപ്രായം പലരും പങ്കുവയ്ക്കാറുണ്ട്. വി. ബലിയില്‍ യേശുവിന്‍റെ വചനങ്ങള്‍ പലതും ഉദ്ധരിക്കുന്നുണ്ടെങ്കിലും യേശു നമ്മോടു നേരിട്ടു പറയുന്ന വചനങ്ങളുടെ കാര്യമാണ്, "ഇതെന്‍റെ ശരീരമാണ്… രക്തമാകുന്നു… ഓര്‍മയ്ക്കായി ചെയ്യുവിന്‍" എന്നീ വചനങ്ങള്‍. ഇവ നീട്ടിപ്പരത്തി പാടേണ്ടതുണ്ടോ? യേശുനാഥന്‍റെ ആ തിരുവചനങ്ങള്‍ ഉരുവിടുന്ന വൈദികന്‍റെ ശബ്ദം, യേശുവിന്‍റെ ശബ്ദംപോലെ നമുക്കു തോന്നണം.
അടുത്തകാലത്ത് ഒരു പള്ളിയില്‍ ബലിയര്‍പ്പിച്ച വൈദികന്‍, കൂദാശാവചനങ്ങള്‍ ആരോഹണാവരോഹണക്രമത്തില്‍ നീട്ടിപ്പാടുന്നതിനിടയില്‍, വലതുകൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടു ചില റിയാലിറ്റി ഷോകളില്‍ മത്സരികള്‍ സംഗതികള്‍ക്കനുസരിച്ചു കൈകള്‍ ചലിപ്പിക്കുന്നതുപോലെ ചെയ്യുന്നതായി കണ്ടു. ഇത് അരോചകമായിട്ടാണു തോന്നിയത്.
അതുകൊണ്ട് അന്ത്യഅത്താഴവേളയില്‍ യേശു പറഞ്ഞ വചനങ്ങള്‍ നീട്ടിപ്പാടരുതേ എന്ന് എല്ലാ വൈദികരോടും പ്രത്യേകിച്ച് ഈ കത്തു വായിക്കുന്നവരോട് അപേക്ഷിക്കുന്നു. പരിചയമുള്ള ഒരച്ചന്‍ പറഞ്ഞത്, അത് ഓരോരുത്തരുടെ സ്റ്റൈല്‍ ആണെന്നാണ്. കൂടാതെ സുവിശേഷവായനയ്ക്കുപോലും പ്രത്യേക സ്റ്റൈല്‍ കണ്ടെത്തിയിട്ടുള്ള വൈദിക മേലധികാരികളും അവരെ അനുകരിക്കുന്ന വൈദികരും ഉണ്ടല്ലോ എന്ന് അവര്‍ സൂചിപ്പിച്ചു. എന്നാല്‍ അല്മായരും കൂടിയാണല്ലോ ബലിയര്‍പ്പിക്കുന്നത്. കാണാനും കേള്‍ക്കാനും മാത്രമുള്ളവരല്ല അല്മായര്‍, ബലിയര്‍പ്പകരും കൂടിയാണ്. അവരുടെ താത്പര്യവും അധികാരികള്‍ സംരക്ഷിക്കേണ്ടതല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org