മരടു ഫ്ളാറ്റും പാലാരിവട്ടം പാലവും

കിസാന്‍ ജോസ്, പൊന്മല

2019 നവംബര്‍ –ലെ സത്യദീപത്തില്‍ ശ്രീ ആന്‍റണി പുല്ലന്‍പോട്ട എഴുതിയ പാലാരിവട്ടം പാലവും മരടു ഫ്ളാറ്റും എന്ന കത്തും ഡോ. അലോഷ്യസ് പാറത്താഴം സിഎസ്ടിയുടെ കുറ്റബോധവും കുമ്പസാരവും എന്ന ലേഖനവുമാണ് ഈ കത്തെഴുതാന്‍ പ്രേരണയായത്.

അഴിമതിയെന്ന ദുരന്തത്തിന്‍റെ ഫലമായി പണി തീരുംമുമ്പു തകര്‍ന്ന പാലം പൊളിച്ചു മാറ്റിപ്പണിയുകയും വന്‍ അഴിമതിയും നിയമലംഘനവും നടത്തി പണിത ഫ്ളാറ്റ് പൊളിച്ചുമാറ്റുകയും ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുകയും അഴിമതിയെ സാധൂകരിക്കാന്‍ ന്യായം കണ്ടെത്തുകയുമാണു ശ്രീ ആന്‍റണി.

പാലം ബലക്ഷയമെന്നു കണ്ടാല്‍ പൊളിച്ചുമാറ്റി ബലക്ഷയമുണ്ടാകുവാനിടയായ കാരണങ്ങള്‍ ഒഴിവാക്കി പണിയുകയും വ്യാപകമായ അഴിമതിയും നിയമലംഘനവും നടത്തി പണിത മരടിലെ ഫ്ളാറ്റ് പൊളിച്ചുമാറ്റുകയും ചെയ്യുക എന്നത് അവശ്യം കരണീയമായ തീരുമാനമാണ്. അഴിമതിക്കും നിയമലംഘനത്തിനുമെതിരെയുള്ള നീതിപീഠത്തിന്‍റെ താക്കീതാണിത്. മരടു ഫ്ളാറ്റും പാലാരിവട്ടം പാലവും പൊളിക്കുന്നത് അഴിമതിക്കാര്‍ക്കൊരു താക്കീതായി തീരട്ടെ!

ഡോ. അലോഷ്യസ് പാറത്താഴം സിഎസ്ടിയുടെ കുറ്റബോധവും കുമ്പസാരവും എന്ന ലേഖനത്തില്‍ മോശ സ്വജനത്തില്‍പ്പെട്ട യഹൂദനെ മര്‍ദ്ദിച്ച ഈജിപ്തുകാരനെ അടിച്ചുകൊന്നു കുഴിച്ചുമൂടിയത് അവന്‍റെ സ്വജനത്തോടുള്ള കരുതലും ധീരതയും വെളിവാക്കുന്നു. മോശ ഒളിച്ചോടിയതു കുറ്റബോധത്താലല്ല! ജീവഭയത്താലാണ്. ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കുവാനുള്ള ദൗത്യം ഏല്പിക്കുവാന്‍ മോശ യോഗ്യനാണെന്ന് ഈ സംഭവം ഉറപ്പാക്കി. ഇതിന്‍റെ പേരില്‍ കര്‍ത്താവ് മോശയെ കുറ്റപ്പെടുത്തുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തതായി ബൈബിളില്‍ തെളിവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org