|^| Home -> Letters -> കൃഷി പ്രോത്സാഹിപ്പിക്കണം

കൃഷി പ്രോത്സാഹിപ്പിക്കണം

കെ.വി. ജോസഫ് കളേഴന്‍
കാവില്‍

കടകളില്‍ അരി വരുന്നത് എവിടെനിന്നാണ് എന്നു ചോദിച്ചാല്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കൈ മലര്‍ത്തും. കാരണം ഇത് അവരെ ബാധിക്കുന്ന വിഷയമല്ല. ജീവിക്കുവാന്‍ കൃഷി വേണം എന്ന സത്യം ഇളംതലമുറ അറിയുന്നില്ല. മൊബൈല്‍ ഫോണ്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സമയം അപഹരിക്കുന്നതു ഹോള്‍സെയില്‍ രൂപത്തിലാണല്ലോ. കൃഷിയെക്കുറിച്ചറിയേണ്ടതു മനുഷ്യന്‍റെ പ്രധാനമായ കടമയാണെന്ന അവബോധം വരുംതലമുറയിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ ഇനി ഒട്ടും അമാന്തിച്ചു കൂടാ. അമാന്തിച്ചാല്‍ ചരിത്രം നമുക്കു മാപ്പു തരുകയില്ല.

സഭ ഈ രംഗത്തേയ്ക്കു കടന്നുവരണം. നമ്മുടെ വീടുകളില്‍, ദേവാലയങ്ങളിലെല്ലാം തന്നെ കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ദേവാലയത്തിലും ഒരു കൃഷികൂട്ടായ്മ രൂപപ്പെടണം. അതിലൂടെ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള താത്പര്യം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഇതിനായി പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഒരു അവബോധം ആദ്യമേ ഇടവകജനങ്ങളില്‍ സൃഷ്ടിക്കണം. ഇതിലേക്കു പഠനക്ലാസ്സുകള്‍, സെമിനാറുകള്‍, ടൂര്‍ പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൃഷിക്കനുയോജ്യമായ സ്ഥലം ആദ്യമേ കണ്ടെത്തണം. നമ്മുടെ ദേവാലയ കോമ്പൗണ്ടിനുള്ളില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഇതിനായി തെളിച്ചെടുക്കണം. ഇപ്രകാരം ഒരുക്കിയ സ്ഥലം കുടുംബ യൂണിറ്റുകള്‍ക്കായി ഭാഗിച്ചകൊടുക്കണം. കുടുംബ യൂണിറ്റ് പ്രവര്‍ത്തകര്‍ വാശിയോടും വീറോടുംകൂടി ലഭിച്ച സ്ഥലത്തു പല തരത്തിലുള്ള കൃഷികള്‍ നന്നായി ചെയ്യും. ഇവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ദേവാലയാധികാരികള്‍ അല്പംപോലും ലുബ്ധ് കാണിക്കരുത്.

ചെലവു കുറഞ്ഞ രീതിയില്‍ കൃഷി ചെയ്ത് വിജയം കൈവരിച്ച ഒരു കൃഷിരീതിയെപ്പറ്റി ഇത്തരുണത്തില്‍ പ്രതിപാദിക്കുന്നതില്‍ അപാകതയില്ല. ചാക്കില്‍ കൃഷി എന്നാണു പേര്. പ്ലാസ്റ്റിക് ചാക്കുകളില്‍ കൃഷി ചെയ്യുന്നു. വലിയ പ്ലാസ്റ്റിക് ചാക്ക് മദ്ധ്യഭാഗത്തോകൂടി ഉള്ളിലേക്കു മടക്കി അതിനുള്ളില്‍ വളം കലര്‍ത്തിയ മണ്ണു നിറച്ച് അതില്‍ വിത്തിട്ടു വളര്‍ത്തിയെടുക്കുന്നു. മഞ്ഞള്‍, ഇഞ്ചി, കാന്താരിമുളക്, തക്കാളി, വെണ്ട, ചീര എന്നിവ ഇപ്രകാരം ചാക്കില്‍ വളര്‍ത്താം. നമ്മള്‍ നല്കുന്ന വളവും ജലവും പൂര്‍ണമായും ചാക്കിലെ സസ്യത്തിനുതന്നെ ലഭിക്കുന്നു. സൂര്യപ്രകാശമുള്ളിടത്തു വേണം ചാക്ക് വയ്ക്കുവാന്‍. അഥവാ സൂര്യപ്രകാശം കുറച്ചുനാള്‍ കഴിയുമ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍ ചാക്ക് വലിച്ചു മാറ്റാം. കമുകിന്‍റെ (അടയ്ക്കാ മരം) പഴുത്തുവീണ പാളയില്‍വച്ചു സാവധാനം വലിച്ചുകൊണ്ടുപോയാല്‍ മതി. കാച്ചില്‍, ചേന, മരച്ചീനി ഇവയും ചാക്കില്‍ കൃഷി ചെയ്യാം. കാച്ചില്‍ വലിയ മാവു പോലുള്ള മരങ്ങളുടെ ചുവട്ടില്‍ ചാരിവച്ചാല്‍ മതി. ആദ്യം മുക്കാല്‍ ഭാഗം കരിയില കുത്തിനിറച്ചശേഷം വളം കലര്‍ത്തിയ മണ്ണിട്ട് വിത്തുകാച്ചില്‍ പുറമേവച്ചു ചാണകപ്പൊടിയിട്ടു പുതയിടുക. മരത്തില്‍ കാച്ചില്‍ പടര്‍ന്നു കയറിക്കോളൂം. കൃഷിക്കായി കൂടുതല്‍ സ്ഥലം നഷ്ടമാകുന്നില്ല. ഇടയ്ക്ക് ആവശ്യമായ വളപ്രയോഗം നടത്തണം. ഈര്‍പ്പമുള്ള മണലിലാണു ചാക്ക് വയ്ക്കുന്നതെങ്കില്‍ കാച്ചിലിന്‍റെ വേരുകളില്‍ ചിലതു മണ്ണിലേക്കിറങ്ങി ആവശ്യമായ ജലം വലിച്ചെടുത്തുകൊള്ളും. നല്ല വലിയ കാച്ചില്‍ നമുക്കു ലഭിക്കും. കാച്ചില്‍ പറിച്ചെടുക്കാന്‍ വളരെ എളുപ്പം. ചാക്ക് കത്തികൊണ്ടു ഒന്നു പോറിയാല്‍ മതി. ഈ മണല്‍ അടുത്ത ചാക്കില്‍ നിറച്ചാല്‍ വീണ്ടും വരുംവര്‍ഷത്തേയ്ക്കു കൃഷി ചെയ്യാം. കാവില്‍ ഇടവകയില്‍ ഇപ്പോള്‍ പല വീടുകളിലും മഞ്ഞള്‍കൃഷി വിപുലമായി ചെയ്തു ലഭിച്ചതില്‍ വിത്തുമഞ്ഞള്‍ എകെസിസി അംഗങ്ങള്‍ സൗജന്യമായി വിതരണം ചെയ്ത വകയില്‍ ഇപ്പോള്‍ പല വീടുകളിലും മഞ്ഞള്‍കൃഷി നിലവിലുണ്ട്.

ഉത്പന്നങ്ങള്‍ക്കു മാര്‍ക്കറ്റ് കണ്ടെത്തണം. ഇതിനായി ഞായറാഴ്ച ചന്ത ഓരോ പള്ളിയിലും സംഘടനകളുടെ മേല്‍ നോട്ടത്തില്‍ ആരംഭിക്കണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഞായറാഴ്ച ചന്ത വളര്‍ച്ച പ്രാപിക്കും. നല്ല ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കു ലഭിക്കുവാന്‍ ഞായറാഴ്ച ചന്ത ഉപകരിക്കും.

ഇടവകതലത്തില്‍ കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണം. ഇവര്‍ക്കു സമ്മാനങ്ങള്‍ നല്കി ആദരിക്കണം. ഇടവകയില്‍ കൃഷിക്ലബ് രൂപീകരിക്കണം. മാസംതോറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ഇതിന്‍റെ മേല്‍സമിതികള്‍ ഫൊറോനാ-രൂപതാതലങ്ങളില്‍ രൂപീകരിക്കണം. രൂപതാതലത്തില്‍ വര്‍ഷത്തിലൊരു ദിനം കൃഷിദിനമായി ആചരിക്കണം.

നമ്മുടെ ഓരോ വീടുകളിലും കൃഷി ഉണ്ടാകണം. ഇതിനാവശ്യമായ പ്രചോദനം കുടുംബയൂണിറ്റ് നല്കണം. കൃഷിക്ലബ് പ്രവര്‍ത്തകര്‍ സമീപത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കുലഭ്യമാക്കണം. നമ്മുടെ മക്കള്‍ ദിവസം അര മണിക്കൂര്‍ കൃഷിയില്‍ ഉള്‍പ്പെടണം. കുടുംബാംഗങ്ങള്‍ ഒരുമിച്ചു വീടുകളില്‍ കൃഷി ചെയ്യുവാന്‍ താത്പര്യം കാണിക്കണം. അത്തരം വീടുകളെ പ്രോത്സാഹിപ്പിക്കണം. കൃഷിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ ഓരോ വീട്ടിലും വരുത്തണം. കൃഷിക്ലബ് പ്രവര്‍ത്തകരാണ് ഇതിനായി ശ്രമിക്കേണ്ടത്. കുടുംബം ഒന്നിച്ചു കൃഷിയിലേക്ക് – അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. ഇപ്രകാരമൊരു കൃഷി അനുഭവം നമുക്കും നമ്മുടെ മക്കള്‍ക്കും ഉണ്ടായാല്‍ കടകളില്‍ അരി വന്നത് എവിടെനിന്ന് എന്ന ചോദ്യത്തിന് ഒന്നല്ല നിരവധി ഉത്തരങ്ങള്‍ ലഭിക്കും.