ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിശ്ശബ്ദ വിപ്ലവം തുടങ്ങട്ടെ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിശ്ശബ്ദ വിപ്ലവം തുടങ്ങട്ടെ

ഇന്നു നാം ഒരു പൊട്ടിത്തെറിയുടെ നടുവിലാണ്. ലോകമാകെ നോക്കിയാല്‍ രണ്ടു കോടിയോളം ജനങ്ങള്‍ മാരകമായ കോവിഡു രോഗത്തിനു അടിപ്പെട്ടിരിക്കുന്നു. വേതനം ഇല്ലാതായി പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നു. എല്ലാ മേഖലകളിലും മാന്ദ്യവും മരവിപ്പും അനുഭവപ്പെട്ടു കഴിഞ്ഞു. പുറത്തിറങ്ങാന്‍ കഴിയാത്തവിധം പലരും വീട്ടു തടങ്കലിലുമാണ്. ശബരിമലയും മലയാറ്റൂ രുമടക്കം എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും മുഖ്യവാതിലുകള്‍ അടഞ്ഞു കിടക്കുന്നു. ഈ ദുരവസ്ഥയില്‍ നിലവറയുടെ കവാടങ്ങളും ദേവാലയ ഭണ്ഡാരങ്ങളും അതിലെ സമ്പാദ്യങ്ങളും കോവിഡിനു എതിരായിട്ടുള്ള പോരാട്ടത്തില്‍ ഇന്ധനമാക്കാന്‍ കഴിയണം. വിശക്കുന്നവനു മുന്നില്‍ അപ്പത്തിന്റെ രൂപത്തിലാണു ദൈവം പ്രത്യക്ഷപ്പെടേണ്ടത്.

എല്ലാ മതങ്ങളും മനുഷ്യന്റെ കണ്ണീരൊപ്പാനാണു പഠിപ്പിക്കുന്നത്. രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കാനും എന്റെ നാമത്തില്‍ ഈ എളിയവര്‍ക്കു ചെയ്തപ്പോള്‍ അത് എനിക്കു തന്നെയാണു ചെയ്തത് എന്നും യേശു പഠിപ്പിച്ചു.
ഈ ലോകത്തിലേക്കു വരുമ്പോള്‍ ആരും ഒന്നും കൊണ്ടു വരുന്നില്ലെന്നും ലോക ത്തില്‍ നിന്നു പോകുമ്പോള്‍ ഒന്നും കൊണ്ടു പോകുന്നില്ലെന്നും വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ട് ഉറങ്ങു ന്നവന്‍ നമ്മോടു ചേരുന്നവനല്ലെന്നാണു മുഹമ്മദ് നബിയുടെ ഉപദേശം. സമ്പന്നതയുടെ മട്ടുപ്പാവില്‍ കഴിഞ്ഞിരുന്ന ശ്രീബുദ്ധന്‍ ഭിക്ഷുവായി മാറിയതും ജൈനമത സ്ഥാപകന്‍ മഹാവീര രാജാവ് തന്റെ സ്വത്തു മുഴുവന്‍ പ്രജകള്‍ക്കു നല്‍കി തെരുവില്‍ ഭിക്ഷ യാചിച്ചതും ലോകരക്ഷ കനായി അവതരിച്ച ക്രിസ്തു കാലിത്തൊഴു ത്തില്‍ പിറന്നു മരക്കുരിശില്‍ ജീവനര്‍പ്പിച്ചതുമായ ചരിത്ര സത്യങ്ങള്‍ കോവിഡിന്റെ ഈ മഹാ മാരിക്കാലത്തു വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം.

ദൈവകല്‍പനകള്‍ പാലിക്കാനും ദൈവേഷ്ടം നടപ്പിലാക്കാനുമുള്ള വലിയ ബാധ്യതയാണ് കോവിഡ് കാലത്തു നമുക്കുള്ളത്. അതുപോലെ മതങ്ങളുടെ പ്രവര്‍ത്തന പദ്ധതികളിലും ഒരു നവോത്ഥാ നമാണ് ഈ കാലയളവില്‍ ഉണ്ടാകേണ്ടത്. നിലവറ തകര്‍ക്കാനോ ഭണ്ഡാരങ്ങള്‍ പൊളിച്ച് അതിലെ സമ്പത്തു മുഴുവന്‍ പങ്കുവച്ചു കൊടുക്കാനോ അല്ല ഉദ്ദേശിക്കുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുന്ന വര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരാന്‍ ആവുന്നതു ചെയ്യുക എന്നതാണ്. അതിനു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു നിശ്ശബ്ദ വിപ്ലവം ഇവിടെ നടക്കണം. ഇത്തരത്തില്‍ സഭാ തലത്തിലും സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സേവനത്തിന്റെ പലവിധ രൂപങ്ങളിലും പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതു ശ്ലാഘനീയ മാണ്. എന്നാല്‍ അവ കുറേക്കൂടി ശക്തവും വിപുലവുമാക്കി സാധാരണക്കാരുടെ ജീവിതത്തോടു ചേര്‍ന്നു പോകുന്നതാക്കി മാറ്റാനാണു നാം പരിശ്രമിക്കേണ്ടത്.

ദേവസ്സിക്കുട്ടി പടയാട്ടില്‍, കാഞ്ഞൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org