അല്മായ പങ്കാളിത്തം

എ. വി. ഫ്രാന്‍സീസ്, ഉദയംപേരൂര്‍

2018 ജൂണ്‍ 14-ല്‍ സത്യദീപത്തിലെ "വരികള്‍ക്കിടയില്‍" പംക്തി വായിച്ചതില്‍ കുറേ സംശയങ്ങള്‍ ശേഷിക്കുന്നതായി തോന്നി. അതിന്‍റെ അവസാന ഭാഗത്ത് "സത്യത്തെ മുറുകെപ്പിടിച്ച് കുരിശില്‍ മരിച്ച യേശുവിനെ അനുകരിക്കുന്ന അല്മായരുടെ നിര ഇനിയും കേരളസഭയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു." തുടര്‍ന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു – "സഭാശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വം അല്മായരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്കുകയും വേണം" (തിരുസഭ 37). ആദ്യവാചകത്തിലെ ലേഖകന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് രണ്ടാമത്തെ വാചകങ്ങള്‍ മറുപടിയായി കണക്കാക്കാവുന്നതല്ലേ? സഭയോടൊത്തു ചിന്തിക്കുകയും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിരുന്ന അല്മായരാണല്ലോ അങ്കമാലി കല്ലറയില്‍ നിദ്രകൊള്ളുന്നത്. വിമോചനസമരത്തിനുശേഷവും സഭാസ്ഥാപനങ്ങളുടെ നിലനില്പിനെ ചോദ്യം ചെയ്യപ്പെട്ട അവസരങ്ങളിലെല്ലാം അല്മായരെ മുന്നില്‍ നിര്‍ത്തിയാണല്ലോ സമരമുഖം തുറന്നിരുന്നത്. ശേഷം സ്ഥാപന നടത്തിപ്പിലും മറ്റും ആരെയാണ് മുന്നില്‍ നിര്‍ത്താറുള്ളത്? കേരള സഭയില്‍ യോഗ്യരായ അല്മായരെ ഇനിയും കണ്ടെത്താത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

സ്വാശ്രയസ്ഥാപനങ്ങളുടെ പ്രശ്നത്തിലായാലും, ആശുപത്രികളിലെ ശമ്പള പ്രശ്നത്തിലായാലും പൊതുജനത്തിനു മുന്നില്‍ പ്രതിക്കൂട്ടിലാകുന്നത് സഭയാണ്. ഇവിടെ സഭ നല്കുന്ന സൗജന്യങ്ങളും സഹായങ്ങളും വിസ്മരിക്കപ്പെടുകയും, ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന സ്വാര്‍ത്ഥമതികള്‍ സഭയെ മുന്നില്‍ നിര്‍ത്തി കാര്യം നേടുകയുമാണ് ചെയ്തു വരുന്നത്. ഇവിടെയെല്ലാം അല്മായരുടെ പങ്ക് എന്താണ്? ആ പംക്തിയില്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ അല്മായരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തമായി വിശുദ്ധിയുടെ നിലപാടുള്ള വൈദികരെയും സഭാ നേതൃത്വത്തെയുമാണ് ദൈവജനം ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ സഭയെ സ്നേഹിക്കുന്നവരും അതിന്‍റെ വിശുദ്ധിയില്‍ കളങ്കം വരുത്തുന്നവരെ തിരിച്ചറിയുന്നവരും ആണെന്ന കാര്യത്തിലും സംശയമില്ല. സഭയില്‍ സംഘടനകളുടെ പോരായ്കയല്ല പ്രശ്നം. ഈ സംഘടനകളെ ചേര്‍ത്തു നിര്‍ത്തുന്നതിലും "പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യവും" നല്കുന്നതില്‍ വരുന്ന പോരായ്മകളുമാണ് പ്രശ്നം. അതാണ് പരിഹരിക്കപ്പെടേണ്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org