കുമ്പസാരവും സാംസ്കാരികവകുപ്പും

അഡ്വ. ജോണ്‍ മാത്യു റോസ്, കാടുകുറ്റി

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്‍റെ ഭാഗമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കുന്ന മാസികയാണു 'വിജ്ഞാനകൈരളി.' ഇതിന്‍റെ ആഗസ്റ്റ് ലക്കത്തില്‍ 'ലജ്ജിക്കണം' എന്ന തലക്കെട്ടില്‍ കത്തോലിക്കാസഭയെ ഊന്നി പ്രസിദ്ധീകരിച്ച, ചീഫ് എഡിറ്ററുടെ മുഖലേഖനത്തിനെതിരെ (വളരെ വൈകി) ഉയര്‍ന്ന പ്രതിഷേധങ്ങളെക്കുറിച്ചു സത്യദീപത്തില്‍ വാര്‍ത്ത വന്നിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ ഉണ്ടായതായി അറിവില്ല. അതുകൊണ്ടായിരിക്കണം വീണ്ടും ഒക്ടോബറില്‍ 'പൗരോഹിത്യവും സ്ത്രീ സ്വാതന്ത്ര്യവും' എന്ന പേരില്‍ യാതൊരു ലജ്ജയുമില്ലാതെ വിജ്ഞാനകൈരളിയില്‍ ചീഫ് എഡിറ്ററുടെ തന്നെ മുഖലേഖനം പ്രസിദ്ധീകരിച്ചത്.

മറ്റു മതങ്ങളെക്കുറിച്ചു മയപ്പെടുത്തി പരാമര്‍ശങ്ങളുണ്ടെങ്കിലും സഭയെ അടച്ച് ആക്ഷേപിച്ചു വിദ്യാര്‍ത്ഥികളെ സഭയില്‍നിന്നും അകറ്റുവാന്‍ പ്രേരിപ്പിക്കും വിധമാണു ലേഖനങ്ങള്‍.

ജനങ്ങളുടെ നികുതിപ്പണംകൊണ്ടും സര്‍ക്കാര്‍ ഗ്രാന്‍റുകള്‍കൊണ്ടും വിദ്യാര്‍ത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും അറിവു പകരുവാന്‍ വേണ്ടി നടത്തുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ സഭയെക്കുറിച്ച് അറപ്പും വെറുപ്പും ഉളവാക്കുന്ന വിധത്തില്‍ അബദ്ധലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് അധിക്ഷേപിക്കുവാനും സഭാംഗങ്ങളെ സഭയില്‍ നിന്നും അകറ്റുവാനും നടത്തുന്ന ഹീനശ്രമങ്ങളെ വെറും പ്രമേയങ്ങള്‍കൊണ്ടു പ്രതിഷേധിച്ചു തൃപ്തിയടയുന്ന സഭാനേതൃത്വത്തിന്‍റെയും അദ്ധ്യാപക-ബുദ്ധിജീവി- സംഘടനാനേതൃത്വങ്ങളുടെയും നിലപാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ചെറുക്കുവാനും അതേ മാസികയില്‍ത്തന്നെ തിരുത്തിക്കുവാനും വസ്തുതകള്‍ പ്രസിദ്ധീകരിപ്പിക്കുവാനും ശേഷിയും ശേമുഷിയും ഉണ്ടായിട്ടും അതിനു തയ്യാറാകാതെ, നിയമനടപടികള്‍ക്കു മുതിരാതെ, (Violation of Art 25, Bommai Vs Union of India AIR 1994 SC 1818) നാം അപഹാസ്യരായിക്കൊണ്ടിരിക്കുന്നു. ഇത്തരം വ്യാജബോധവത്കരണങ്ങളില്‍ കുടുങ്ങി ഒരു വ്യക്തിയെങ്കിലും വഴിതെറ്റിപ്പോയാല്‍ തീര്‍ച്ചയായും ദൈവതിരുമുമ്പില്‍ നാം കണക്കു പറയേണ്ടി വരും.

സാംസ്കാരികവകുപ്പിന്‍റെ കാഴ്ചപ്പാടല്ല പരാമര്‍ശിത മുഖലേഖനങ്ങളിലുളളതെങ്കില്‍ ഉചിതമായ തിരുത്ത് വൈകാതെ മാസികയില്‍ പ്രസിദ്ധീകരിക്കണം. അല്ലെങ്കില്‍ വകുപ്പുമന്ത്രി – പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി – തിരുത്തിക്കുവാന്‍ ഇടപെടണം. അതിനും തയ്യാറല്ലെങ്കില്‍ ബന്ധപ്പെട്ടവരുടെ ഹിഡന്‍ അജണ്ട വ്യക്തമാണ്. ഇത് അനുവദിച്ചുകൂടാ. സഭാനേതൃത്വം ഉണരണം. വ്യക്തികളുടെ വീഴ്ചയ്ക്കു സഭയെ അടച്ച്, ദുരുദ്ദേശ്യത്തോടുകൂടി ആക്ഷേപിക്കുന്നവര്‍ക്കെതിരെ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 നല്കിയിരിക്കുന്ന അവകാശാധികാരം ഉപയോഗിച്ചു നിയമനടപടികള്‍ക്കു തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org