കത്തോലിക്കാ പുരോഹിതരുടെ സുരക്ഷിതത്വത്തില്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ…?

അഡ്വ.ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ഉത്തരം ആദ്യം തന്നെ പറയാം. പൊതുവേ ശ്രദ്ധ കുറവാണ്. ദൈവവിളിയുടെ പേരില്‍ കുഞ്ഞുന്നാളിലെ വീടുവിട്ടിറങ്ങു ന്ന അവരോട് പിതാവും സഹോദരങ്ങളും പെറ്റമ്മ പോലും മനസ്സുകൊണ്ട് അകലുന്നു. പരിപാവനമായ ഒരു 'വേര്‍തിരിക്കലിന്‍റെ' 'ദൈവശാസ്ത്ര' ത്തിന് ഈ കുഞ്ഞുങ്ങള്‍ ഒരുങ്ങുന്നു. ഇവരുടെ ആത്മീയ സുരക്ഷയെ കരുതി ഒരുപാടു പഠിപ്പിക്കല്‍ നടക്കുന്നുണ്ട്. പക്ഷേ അവരുടെ ശാരീരിക സുരക്ഷിതത്വം ഹൃദയത്തില്‍ ഏറ്റെടുക്കുന്നവര്‍ അധികമില്ലെന്നാണ് ഇതു കുറിക്കുന്നവനു തോന്നുന്നത്.

അടുത്ത കാലത്ത് ഒത്തിരി യുവ വൈദികര്‍ക്ക് വാഹനാപകടങ്ങളുണ്ടായി. 'മകനേ, സൂക്ഷിച്ചു യാത്ര ചെയ്യണം', 'അച്ചാ, ധൃതി പിടിച്ചു പോകേണ്ട', 'സ്നേഹിതാ, ശ്രദ്ധിക്കണേ' എന്നൊക്കെ ഒന്നോര്‍മ്മപ്പെടുത്താന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇവരില്‍ ചിലരെങ്കിലും രക്ഷപ്പെട്ടേനെ.

വൈദികരുടെ അസുഖ കാലം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇതു കുറിക്കുന്നവന്‍ പല വൈദിക മന്ദിരങ്ങളില്‍ ഒത്തിരി അച്ചന്മാരോടൊത്ത് സഹവസിക്കാന്‍ ഇടയായിട്ടുണ്ട്. രോഗിയായാല്‍ ഇടവക വൈദികരുടെ കാര്യം ഒട്ടും തൃപ്തികരമല്ല.

കത്തോലിക്കാസമൂഹം പുരോഹിതരുടെ സുരക്ഷിത ജീവിതത്തില്‍ ഇന്നുള്ളതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഒറ്റപ്പെട്ട ഇടവക വൈദിക മന്ദിരങ്ങളില്‍ ജീവിക്കുന്ന യുവ വൈദികര്‍ പലതരം വെല്ലുവിളികളെ നേരിടുന്നുണ്ട്. അവരുടെ മേല്‍ ഒരു 'കണ്ണ്' എല്ലാവര്‍ക്കും വേണം. പതിവായി ബൈക്കില്‍ പോയി ഒറ്റ നേരം ഹോട്ടല്‍ ആഹാരം കഴിച്ച് ശരീരം കളഞ്ഞ ഒരു വൈദികനെ അറിയാം. വൈദികരുടെ ആഹാര സൗകര്യങ്ങളെക്കുറിച്ച് ആര് അന്വേഷിക്കുന്നു? കൂടുതല്‍ വൈദികര്‍ ഇനിയും "അപകട"ങ്ങളില്‍ പെടാനുള്ള സാധ്യതകളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org