വൈകുന്ന നീതി നീതികേടു തന്നെ

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

1992-ല്‍ ഒരു ദുരൂഹ മരണമുണ്ടാകുന്നു (സിസ്റ്റര്‍ അഭയ, കോട്ടയം). അതു കൊലപാതകമായി ആരോപിക്കപ്പെടുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ മൂന്നു പേരെ പ്രതികളായി അറസ്റ്റ് ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാളെ വിചാരണകൂടാതെ തന്നെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കുന്നു. ഇന്ന്, 2019-ല്‍, 27 വര്‍ഷങ്ങള്‍ക്കുശേഷം ബാക്കി രണ്ടു പേര്‍ വിചാരണ നേരിടണമെന്ന രണ്ടാമത്തെ കോടതി വിധിയും വരുന്നു. കേസിലെ അവസാന വിധിയല്ല, വിചാരണ നേരിടണമെന്ന വിധിയെ!

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ രാജ്യത്തെ നീതി നടത്തിപ്പിനെക്കുറിച്ച് നാം എന്തു ധരിക്കണം? ഒരു പ്രമാദമായ കൊലക്കേസില്‍ വിധി പറയാന്‍ ഇക്കാലത്ത് 27 വര്‍ഷങ്ങള്‍ പോരാ എന്നുണ്ടോ? കൊലയാളിയായി കണ്ടെത്തി വധശിക്ഷ തന്നെ കൊടുത്താല്‍ മരണത്തോടെ അവരുടെ ശിക്ഷ കഴിഞ്ഞില്ലേ? അനേക വര്‍ഷം കൊലപ്പുള്ളികളായി ആരോപിക്കപ്പെട്ട് സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നവരുടെ ശിക്ഷ വധശിക്ഷയേക്കാള്‍ കട്ടിയല്ലേ? സമൂഹത്തില്‍ ഇങ്ങനെ വെറുക്കപ്പെട്ടവരായി ജീവിക്കേണ്ടി വരുന്നതിലധികം ഹീനമായ മനുഷ്യാവകാശ ലംഘനം എന്താണുള്ളത്? അന്താരാഷ്ട്ര നിയമങ്ങളുടെ കീഴില്‍ ഈ മനുഷ്യാവകാശ ലംഘനം കാണേണ്ടതല്ലേ? ഇത് ഏതെങ്കിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു ഭൂഷണമാണോ? കൊലക്കുറ്റം ആരോപിക്കപ്പെട്ടവരായി മരിക്കേണ്ടി വരുന്നവരുടെ അവസ്ഥ എത്രയോ ശോചനീയമാണ്. നിര്‍ദോഷികളാണെങ്കില്‍ പോലും ഇങ്ങനെ ജീവിതം തള്ളുന്നതിലും നല്ലത് ശിക്ഷ വാങ്ങി ജീവിതം അവസാനിപ്പിക്കുന്നതല്ലേ? ഒരു കൊലക്കേസുണ്ടായാല്‍ ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ വിധി പറയണം എന്നൊരു നിയമ വ്യവസ്ഥ ഉണ്ടാക്കി കൂടേ? പരമാവധി അഞ്ചു വര്‍ഷമാകട്ടെ.

27 വര്‍ഷങ്ങള്‍ നീണ്ടിരിക്കുന്ന ഈ കേസില്‍ കൊല്ലപ്പെട്ടവരോടു ബന്ധപ്പെട്ടവര്‍ക്കും പ്രതികളോട് ബന്ധപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും നീതിന്യായ വകുപ്പുകാര്‍ക്കും ഉണ്ടായിക്കൊണ്ടി രിക്കുന്ന മാനസിക വ്യഥ എത്ര വലുതാണ്! കുറ്റക്കാരെങ്കില്‍ അവര്‍ക്കു കിട്ടേണ്ട യുക്തമായ ശിക്ഷ ഇങ്ങനെ വൈകിപ്പിക്കുന്നത് മഹാപരാധമല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org