പരിസ്ഥിതി ആദ്ധ്യാത്മികത

അജിത ജോസി, ആമ്പല്ലൂര്‍

ഒക്ടോബര്‍ 1-ലെ ലക്ക ത്തില്‍ ഡോ. റോസി ആന്‍റണി കൂത്തുപറമ്പ് എഴുതിയ കത്ത് വായിച്ചു. കുറഞ്ഞ വാക്കുകളിലൂടെ പങ്കുവച്ച കാലികപ്രസക്തമായ പ്രസ്തുത ഭാഗം വളരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നവയായിരുന്നു. പ്രതികരണങ്ങളിലൂടെയെങ്കിലും ഇത്തരം വിഷയം സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ ഇടം നേടിയത് പ്രത്യാശയ്ക്കു വക നല്കുന്നുണ്ട്.

പ്രകൃതിസംരക്ഷണമെന്നത് സാഹിത്യരചനകള്‍ ക്കു മാത്രമുള്ള എന്തോ ഒന്നാണെന്നു നാം കരുതരുത്. പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണ് എന്നതുപോലെ വെറുംവാക്കുകളില്‍ ഒതുങ്ങാതെ, പരിസ്ഥിതി സംരക്ഷണം സഭാമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നു പ്രചോദിപ്പിക്കുംവിധം വളരെ കാര്യങ്ങള്‍ സഭാ നേതൃത്വം ഇനിയും ചെയ്യേണ്ടിയിരിക്കുന്നു.

ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ. മതബോധന പരിശീലനവുമായി ബന്ധപ്പെട്ടു കുട്ടികള്‍ക്കായി തയ്യാറാക്കി നല്കുന്ന ബാഗ് റെക്സിന്‍ / പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ക്കു പകരം പ്രകൃതിസൗഹൃദമായ ചണം/ നൂല്‍ ഉപയോഗിച്ചു വളരെ ലളിതമായി തയ്യാറാക്കി മാതൃകയാക്കാവുന്നതാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് / റെസിഡന്‍റ് സ് അസോസിയേഷനുകള്‍/ അയല്‍ക്കൂട്ട/ കുടുംബശ്രീ പോലുള്ള സന്നദ്ധ സംഘടനകളെ ഇത്തരം കാര്യങ്ങളില്‍ കൂട്ടിയിണക്കുന്നതുവഴി വര്‍ഗീയവാദ ചിന്താഗതിയില്‍നിന്നും മാറി ചിന്തിച്ചുകൊണ്ടു സാമൂഹിക ഐക്യം പ്രദാനം ചെയ്യും വിധം സഭയ്ക്കു വളരെ നല്ല മാതൃകയാകുവാന്‍ കഴിയും. കൂടാതെ ഇടവകതലത്തില്‍ ചെറിയ കൂട്ടങ്ങളായി പരിശീലനം നല്കി തൊഴില്‍ യൂണിറ്റുകളെ പരിപോഷിപ്പിച്ചു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയാണെങ്കില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും ജൈവകൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം, പ്രകൃതി ഉത്പന്നങ്ങളുടെ നിര്‍മ്മാണം/ വിപണനം, ഉപയോഗം എന്നിവ വലിയ അളവുവരെ ഉയര്‍ത്തുവാനും അതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും നമു ക്കു കഴിയും. സഭയിലെ ചുരുക്കം ചില സംഘടനകള്‍/ ഇടവകകള്‍ വള രെ മാതൃകാപരമായി ഇ ത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നുള്ള വിവരം വിസ്മരിച്ചുകൂടാ. എന്നാല്‍ ഇത്തരം മാതൃകകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയും ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നതിലൂടെയും പ്രചോദനാത്മകമായ ഒരു സ്ഥാനം സത്യദീപത്തിനു കൈവരിക്കാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org