സ്വാഗതാര്‍ഹമായ ഓപ്പണ്‍ ബുക്ക് ടെസ്റ്റ് പരീക്ഷാരീതി

അന്ന ആന്‍റണി, ആലുവ

വേദപാഠരംഗത്തെ 4, 5, 6 ക്ലാസ്സുകളിലെ ഓപ്പണ്‍ നോട്ട്ബുക്ക് പരീക്ഷാരീതിയെക്കുറിച്ചുള്ള അഭിപ്രായം കണ്ടു. ഏതൊരു മാറ്റത്തെയും എതിര്‍ക്കാനുള്ള പ്രവണതകൊണ്ട് അതിന്‍റെ നല്ല വശങ്ങള്‍ കാണാതെ പോകാറുണ്ട്.

1, 2, 3 ക്ലാസ്സുകളിലെ വാചികപരീക്ഷകളില്‍ നിന്നും എഴുത്തുപരീക്ഷയുടെ പ്രാഥമികപാഠങ്ങളിലൂടെ കടന്നുപോകുന്ന 4, 5, 6 ക്ലാസ്സുകളിലെ കുട്ടികളെ പരീക്ഷാപ്പേടിയില്‍നിന്നും ഒഴിവാക്കാന്‍ ഈ രീതിക്കു കഴിയുന്നുണ്ട്. മത്സരങ്ങളുടെ പിരിമുറുക്കം ഒഴിവാക്കി, ആത്മവിശ്വാസം നിറഞ്ഞ പരീക്ഷാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുവാനും കുട്ടികളില്‍ അന്വേഷണാത്മകഭാവം നിറയ്ക്കുവാനും കഴിയും. പഠിക്കുന്ന കുട്ടികളെ മാത്രമല്ല ഓര്‍മ്മശക്തി കുറഞ്ഞ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഈ പരീക്ഷാരീതി ബുദ്ധിശക്തിയുടെ എല്ലാ തലങ്ങളിലുമുള്ള കുട്ടികളില്‍ പഠനതാത്പര്യം ഉണര്‍ത്തുന്നു.

ഏറ്റവും പ്രധാനം, ഒരു തവണയെങ്കിലും പുസ്തകം പകര്‍ത്തി എഴുതുകയും പലതവണ വ്യക്തമാ യി വായിക്കുകയും ചെയ്താല്‍ മാത്രമേ നിശ്ചിത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി എഴുതുവാന്‍ കഴിയുകയുള്ളൂ എന്നതാണ്. പാഠഭാഗങ്ങള്‍ ഗ്രഹിക്കാതെ വരുന്ന ഒരു കുട്ടിക്കും ഓപ്പണ്‍ ബുക്ക് ടെസ്റ്റ് എഴുതുവാന്‍ കഴിയുകയില്ല എന്നതു പരീക്ഷാഫലത്തിന്‍റെ വിശകലനം ബോദ്ധ്യപ്പെടുത്തും. വേദപാഠത്തോട് അകല്‍ച്ച കാണിക്കുന്ന ഇന്നത്ത തലമുറയില്‍ താത്പര്യം വളര്‍ത്താന്‍ ഈ പരീക്ഷാരീതി ഉപകരിക്കും എന്നുള്ളതില്‍ തര്‍ക്കമില്ല. വേദപാഠരംഗത്തു ക്രിയാത്മകമാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ പരീക്ഷാരീതി തുടര്‍വര്‍ഷങ്ങളിലും തുടരണമെന്നാണ് എന്‍റെ ആഗ്രഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org