അപ്പം മുറിക്കല്‍

ആന്‍റണി വട്ടക്കുഴി, ഇളമ്പള്ളി

പെസഹാദിവസം വീടുകളില്‍ അപ്പം മുറിക്കുന്നതിനെപ്പറ്റി ചില കത്തുകള്‍ കണ്ടപ്പോള്‍; പാരമ്പര്യവിശ്വാസങ്ങളും അല്പം ചരിത്രപശ്ചാത്തലവും ചികഞ്ഞെടുക്കണമെന്നു തോന്നി.

മോശ, യഹൂദജനത്തെ ഫറവോന്‍റെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച ദിനമായിട്ടാണു പെസഹാ ആചരിച്ചിരുന്നത്. പെസഹാ എന്ന ഗ്രീക്ക് വാക്കിനു 'കടന്നുപോകല്‍' എന്നാണര്‍ത്ഥം. ഇതു യഹൂദര്‍ അവരുടെ സ്വാതന്ത്ര്യദിനമായി വര്‍ഷംതോറും ആഘോഷിച്ചിരുന്നു. അന്ന് അവരുടെ വീടുകളില്‍ വിശിഷ്ടഭോജ്യമായ അപ്പം തയ്യാറാക്കി കുടുംബനാഥന്‍ തന്നെ പങ്കുവച്ചിരുന്ന പതിവുണ്ടായിരുന്നു.

ഈ ദിവസമാണു യേശു ക്രിസ്തു തന്‍റെ അന്ത്യഅത്താഴത്തിനായി തിരഞ്ഞെടുത്തതും വി. കുര്‍ബാന സ്ഥാപിച്ചതും എന്നതും സത്യംതന്നെ. അതുകൊണ്ടാവാം പില് ക്കാലത്തു നസ്രാണി കുടുംബങ്ങളിലെ ഈ അപ്പം പങ്കുവയ്ക്കല്‍ അന്ത്യഅത്താഴത്തിന്‍റെ പ്രതീതി കൈവന്നത്. യേശുവിന്‍റെ കാലത്തിനു മുമ്പുതന്നെ പലസ്തീനായില്‍ നിന്നും അനേകം യഹൂദകുടുംബങ്ങള്‍ കൂട്ടമായി കേരളത്തില്‍ കുടിയേറിയിരുന്നു. വ്യാപാരമായിരുന്നു അവരുടെ ലക്ഷ്യം. മതപീഡനവും മറ്റൊരു കാരണമായി ചരിത്രകാരന്മാര്‍ പറയുന്നു. തോമാശ്ലീഹായാല്‍ സ്നാനപ്പെട്ട മാര്‍ത്തോമാ ക്രിസ്ത്യാനികളുമായി ഇടപഴകി താമസിച്ചിരുന്ന യഹൂദരുടെ പെസഹാ ആചരണവും ഇവിടെയുള്ള മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ തുടര്‍ന്നുപോന്നു. അതിന്‍റെ പിന്തുടര്‍ച്ചയാണു നമ്മുടെ വീടുകളിലും പെസഹാഅപ്പം മുറിക്കല്‍ ഒരു ആചാരമായി തീര്‍ന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org