ബാബുപോളിനു പ്രണാമം!

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഔദ്യോഗികജീവിതത്തിന്‍റെ പരമോന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണു ഡോ. ബാബു പോള്‍. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിലുപരി അവിടെയൊക്കെ ക്രൈസ്തവസാക്ഷ്യം നല്കാന്‍ കഴിഞ്ഞു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

യാക്കോബായ വൈദികന്‍റെ പുത്രനായി ജനിച്ച അദ്ദേഹം കത്തോലിക്കാ ദൈവശാസ്ത്രത്തോടു യോജിച്ചു പോകുന്ന ദൈവശാസ്ത്രവീക്ഷണമാണു പുലര്‍ത്തിയിരുന്നത്.

ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും മുപ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. പ്രഭാഷകന്‍, വേദശാസ്ത്രജ്ഞന്‍, ഭരണതന്ത്രജ്ഞന്‍ തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ചിരുന്നുവെങ്കിലും "വേദശബ്ദരത്നാകര" ത്തിന്‍റെ രചയിതാവ് എന്ന നിലയിലായിരിക്കും കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുക. ബൈബിള്‍ നിഘണ്ടു എന്നോ ബൈബിള്‍ എന്‍സൈക്ലോപീഡീയ എന്നോ വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥം ഇരുപതു വര്‍ഷത്തെ കഠിന പരിശ്രമത്തിന്‍റെ ഫലമാണ്. ആറു ലക്ഷത്തില്‍പ്പരം വാക്കുകള്‍കൊണ്ടു രചിക്കപ്പെട്ട ഈ ഗ്രന്ഥം എഴുതിത്തീര്‍ക്കുവാന്‍ തന്നെ ഒമ്പതു വര്‍ഷം വേണ്ടി വന്നു. ഈ ഗ്രന്ഥം രചിച്ചതിലൂടെ ക്രൈസ്തവസഭകള്‍ എക്കാലവും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ദീപ്തസ്മരണയ്ക്കു മുമ്പില്‍ പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org