‘ഹിന്ദി ഹൃദയഭൂമിയിലെ ക്രിസ്തുസാന്നിദ്ധ്യം’

ബിനു തോമസ് തേയ്ക്കാനത്ത്, അയര്‍ലന്‍റ്

ഉജ്ജയിന്‍ രൂപതയുടെ മെത്രാന്‍ ബഹു. മാര്‍ സെബാസ്റ്റ്യന്‍ വടക്കേലുമായി ഷിജു ആച്ചാണ്ടി നടത്തിയ 'ഹിന്ദി ഹൃദയ ഭൂമിയിലെ ക്രിസ്തുസാന്നിദ്ധ്യം' എന്ന അഭിമുഖം വായിച്ചു. നമ്മുടേതല്ലാത്ത ഭാഷയും സംസ്കാരവും വിഭിന്നമായ ജനങ്ങളുമുള്ള ഒരു സ്ഥലത്തു ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് എങ്ങനെയെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അത് അങ്ങനെത്തന്നെയാണ് വേണ്ടതും.

എന്നാല്‍, പ്രവാസികളുടെയിടയില്‍ (പ്രത്യേകിച്ചും സാമ്പത്തികമായി പുരോഗമിച്ച അമേരിക്ക, യുകെ, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍) പ്രവര്‍ത്തിക്കാന്‍ വരുന്ന സഭയിലെ വൈദികരും മെത്രാന്മാരും മേല്പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടെടുക്കുന്നതു കണ്ടതാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മേല്പറഞ്ഞ സ്ഥലങ്ങളില്‍ മലയാള ഭാഷ, തോമ്മാശ്ലീഹായുടെ പാരമ്പര്യം, കേരളത്തിന്‍റെ സംസ്കാരം ഇവയെല്ലാം പറഞ്ഞു കേരള ത്തില്‍ നിന്നും കുടിയേറിയ കത്തോലിക്കരെ അതാതു സ്ഥലങ്ങളിലെ കത്തോലിക്കാ സമൂഹവുമായി ബന്ധപ്പെടുത്താതെ വേര്‍പെടുത്തി നിര്‍ത്താന്‍ വൈദികരും മെത്രാന്മാരും ശ്രമിക്കുന്നത് കാണാം! അപ്പോള്‍ സഭയ്ക്ക് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പുണ്ടോ? അതോ അടവ് നയമാണോ? വടക്കേ ഇന്ത്യയില്‍ നമ്മുടെ സംസ്കാരവും പാരമ്പര്യവും പറഞ്ഞു ചെന്നാല്‍ വിവരം അറിയും. അതുകൊണ്ട്, സംസ്കാരവും തോമാശ്ലീഹായുമൊന്നും ഒരു പ്രശ്നമല്ല! എന്നാല്‍ മറുവശത്തു പാരമ്പര്യവാദമായി… വിഘടനവാദമായി… ആകെ പ്രശ്നമായി! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? മതസ്വാതന്ത്ര്യവുമുള്ളിടത്ത് എന്തും ചെയ്യാമെന്നുള്ളതുകൊണ്ടാണോ, അതോ പണമുള്ള പ്രവാസികളെ പ്രത്യേക വിഭാഗമായി നിര്‍ത്തിയാല്‍ മാത്രമാണ് സാമ്പത്തിക ലാഭവും പ്രവാസികളുടെ മേലുള്ള അധികാരം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നുമാണോ?

പ്രവാസികളുടെ ഇട യില്‍ സഭ പ്രവര്‍ത്തിക്കുമ്പോള്‍ അതാതു നാടിന്‍റെ സംസ്കാരത്തെയും ഭാഷയെയും ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്നി ല്ലായെങ്കില്‍ നമ്മള്‍ അവിടെ വിഘടനവാദികളായി മാറും! നമ്മള്‍ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടും! കാരണം, പ്രവാസികള്‍ക്കും ആത്മീയത അവരുടെ വ്യക്തിപരമായ വിശ്വാസം മാത്രമാണ്. അത് അവരുടെ സാമൂഹി കജീവിതത്തെ ബാധിക്കാന്‍ അവര്‍ ഒട്ടും താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ട്, മറ്റൊരു നാട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ പൂര്‍വ്വികരുടെ സംസ്കാരവും പാരമ്പര്യവും നമ്മുടെ ചരിത്രമായി കരുതാനും പുതിയ സാഹചര്യത്തോടു ചേര്‍ന്നുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസം മുറുകെപ്പിടിക്കാനു മുള്ള സാഹചര്യം ഒരുക്കാന്‍ സഭാനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org