നൂതന പ്രവണതകള്‍

ബോബി പാണാട്ട്, കിഴക്കുമുറി, ചേര്‍ത്തല

ലാറ്റിന്‍ അമേരിക്കയിലെ ആമസോണ്‍ വനമേഖലയില്‍ അധിവസിക്കുന്ന ഇരുപത്തെട്ടു ലക്ഷത്തില്‍പ്പരം പാരമ്പര്യ നിവാസികളെ ക്രിസ്തുവിശ്വാസികളാക്കാന്‍ വെമ്പല്‍കൊണ്ട്, ആമസോണ്‍ സിനഡ് സഭാ വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതാവുകയാണോ? സാംസ്കാരിക അനുരൂപണത്തിലൂടെ ആമസോണ്‍ നിവാസികളുടെ മനസ്സു കവര്‍ന്നു ക്രിസ്തീയവിശ്വാസികളാക്കാന്‍ അവര്‍ക്കു സ്വന്തമായ, സ്വത്വാധിഷ്ഠിതമായ ഒരു സഭാ രൂപകല്പന ചെയ്യുന്നതോടൊപ്പം വിവാഹിതര്‍ വൈദികരായും സ്ത്രീകള്‍ ഡീക്കന്മാരായും നിയമിതരായി ആമസോണ്‍ നിവാസികളുടെ തനതായ പ്രാപഞ്ചിക ദര്‍ശനങ്ങളും പ്രകൃതി ഭൗമ ആചാരങ്ങളും ഇഴകലര്‍ത്തി പ്രകൃതി ആരാധനയില്‍ ഊന്നല്‍ നല്‍കുന്ന ക്രൈസ്തവ ദൈവശാസ്ത്രം ഉണ്ടാക്കി നവീനതയാര്‍ന്നതും പാരമ്പര്യവിരുദ്ധമായതുമായ രൂപമാറ്റങ്ങള്‍ ആവിഷ്കരിക്കപ്പെടാന്‍ മുതിരുകയാണോ?

സന്ന്യാസ ജീവിതവും വൈദിക വൃത്തിയും സ്വയം ചോദ്യചിഹ്നമാവുകയും, സ്വാതന്ത്ര്യം അഭിലഷിക്കുന്ന സന്ന്യസ്തരും സുഖലോലുപത കാംക്ഷിക്കുന്ന വൈദികരും ആധുനിക ശാസ്ത്ര സാംസ്കാരിക മുന്നേറ്റങ്ങളിലും, തിന്മ നന്മയും, നന്മ തിന്മയുമായി മാറുന്നതുമായ ആധുനിക നീതിശാസ്ത്ര വിചാരണകളിലും ആടി ഉലയുകയും ചെയ്യുന്നു. കടിക്കാന്‍ വരുന്ന പാമ്പിനെയോ ജീവികളെയോ കൊന്നാല്‍ ജാമ്യമില്ലാതെ തുറങ്കിലാകുന്ന അവസ്ഥ, കുട്ടികളെ ശാസിച്ചാല്‍ ശിക്ഷിക്കപ്പെടുന്ന മാതാപിതാക്കളും അധ്യാപകരും. സ്വവര്‍ഗ്ഗ ജീവിതവും വിവാഹവും അവകാശ മാവുകയും സ്ത്രീ പുരുഷ വിവാഹേതര ജീവിതവും സ്വതന്ത്രവും ആധുനിക യുഗത്തിന് അത്യന്താപേഷിതവുമായി മാറിയിരിക്കുന്ന നീതിബോധം. ഇതില്‍ സഭ മാത്രം പുരാതനമായ നീതി വിധിയുമായി പിന്നിലാകാതിരിക്കാന്‍ നേതൃത്വം വെമ്പല്‍ കൊള്ളുകയാണോ?

ആധുനിക ശാസ്ത്രം, പുരോഗതി എന്ന നവ ബാബേല്‍ ഗോപുരത്തില്‍ നേരത്തെതന്നെ ഭാഷകള്‍ ഭിന്നിച്ച ലോകക്രമത്തില്‍ വചനവും പരിശുദ്ധ കുര്‍ബാനയും പാരമ്പര്യവും ആരാധക്രമവും ഒരധികപ്പറ്റായി മാറിയെന്നു ആധുനിക ശാസ്ത്ര ഗവേഷകരായ പൗരോഹിത്യ ബുദ്ധിജീവികളില്‍ ചിലരെങ്കിലും കരുതുന്നുവോ?

സൈബര്‍, ഡിജിറ്റല്‍ യുഗത്തിന്‍റെ സ്വാതന്ത്ര്യത്തോട് ഇണചേര്‍ന്ന ശാസ്ത്ര ഔന്നിത്യത്തിന്‍റെ ഭിന്ന ഭാഷകള്‍ സഭയെയും ലോകക്രമത്തെയും നവ ബാബേല്‍ തകര്‍ച്ചയിലേക്ക്, ബൈബിളിലെ യുഗാന്തത്തിലേക്കു നയിക്കുന്നതിന്‍റെ ലക്ഷണങ്ങളാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org