നോമ്പുകാലത്തില്‍ എന്നിലുണ്ടായ നുറുങ്ങ് ചിന്തകള്‍

ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍

നീ എന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു. എന്നും കുറേ ആചാരാനുഷ്ഠാനങ്ങളില്‍ നീ സംതൃപ്തി തേടി പോകുന്നു. കാതലായ ഒരു മനഃപരിവര്‍ത്തനം നിന്നില്‍ ഉണ്ടാകണം.
ഈശോ ചോദിക്കുന്നു: ഒന്ന്, ഒത്തിരിയൊത്തിരി സ്നേഹിക്കുന്ന നിന്‍റെ ഹൃദയത്തില്‍ വേറെ ആരൊക്കെയോ മുക്കിലും മൂലയിലും ഒളിച്ചിരിപ്പില്ലേ? അവര്‍ ആരൊക്കെയെന്നു കണ്ടെത്തി മാറ്റുക.

രണ്ട്, നിന്‍റെ ഹൃദയം ഇന്നും ശുദ്ധമാണോ? ആരോടൊക്കെ നിന്‍റെ മനസ്സില്‍ വെറുപ്പും വിദ്വേഷവുമുണ്ട്? എങ്ങനെ നിനക്കു പരിശുദ്ധിയോടെ എന്നെ സ്വീകരിക്കാനാകും? എത്രയോ നീണ്ട വര്‍ഷങ്ങളായി ഈ ഒളിച്ചുകളി നടത്തുന്നു. നീ ഒത്തിരിയൊത്തിരി സ്നേഹിക്കുന്ന എന്നെ നീ വീണ്ടും ക്രൂശിക്കല്ലേ മോനേ. ഇതെല്ലാമായിട്ടും ഞാന്‍ സഹിച്ച് സ്നേഹി ച്ച് നിന്‍റെ മനംമാറ്റത്തിനായി കാത്തിരിക്കുന്നു.

മൂന്ന്, നിന്‍റെ കണ്ണുകള്‍ – ശാരീരിക അവയവങ്ങള്‍ ഇന്നും പരിശുദ്ധിയിലാണോ? നിന്‍റെ കണ്ണിന്‍റെ കാഴ്ച കൂടുന്നോ കുറയുന്നോ? കാരണം കണ്ടെത്തി ഈ നോമ്പുകാലം ഒരു ശുദ്ധികലശം നടത്തി പരിശുദ്ധിയിലാക്കുക.

നാല്, ഭവനത്തില്‍ സന്ധ്യാവേളകളില്‍ ഭക്ഷണവിഭവങ്ങള്‍ മിച്ചം വരുന്നതു സ്നേഹപ്പൊതികളിലാക്കി നിന്‍റെ ചുറ്റുപാടുമുള്ള സാധുക്കള്‍ക്കു പങ്കിടുക. ആദിവാസി മധുവിനെപ്പോലെ അനേകം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ടെന്നറിയുക. കൂടാതെ ഭവനത്തിലുള്ള ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ പുതുമയുള്ളതാക്കി നിറം മങ്ങാതെ നാളുകളായി അലമാരയില്‍ വിശ്രമിക്കുന്ന വസ്ത്രങ്ങള്‍, ചെരുപ്പ്, ഷൂസ് സ്നേഹപ്പൊതികളിലാക്കി ഇന്നും ഇടവഴികളില്‍ കാത്തിരിക്കുന്ന ജീവിക്കുന്ന ഈശോമാര്‍ക്കും മധുമാര്‍ക്കും ലാസര്‍മാര്‍ക്കും പങ്കിടുക.

അഞ്ച്, വീടിനടുത്തു സാധുക്കള്‍ കൊച്ചു ഭവനങ്ങള്‍ പണിയുമ്പോള്‍ 10 ചാക്ക് സിമന്‍റ് വാങ്ങി കൊടുക്കുക. സാധുക്കളായ രോഗികള്‍ക്കു മരുന്ന് വാങ്ങി കൊടുക്കുക. അനാഥരാണെങ്കില്‍ അവരെ ഗവണ്‍മെന്‍റ് ആശുപത്രിയിലാക്കുക. റോഡ് മുറിച്ചു കടക്കുന്ന വൃദ്ധരെയും കുട്ടികളെയും സഹായിക്കുക. മകന്‍ / മകള്‍ പഠിക്കുന്ന ക്ലാസ്സുകളില്‍ ചോറു കൊണ്ടുവരാത്ത സാധു കുട്ടികള്‍ക്ക് ഒരു പൊതി സ്നേഹഭക്ഷണം കൊടുത്ത് വിടൂ. ചെറുപ്പത്തിലെ മക്കള്‍ കാരുണ്യം പഠിക്കട്ടെ. ഈ 2018-ലെ ഈസ്റ്റര്‍ നാള്‍ നമുക്കും ഗുരുവിനോടൊപ്പം പോയി മരിച്ചുയര്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org