ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കേരളീയ സ്വപ്നങ്ങള്‍

സെലിന്‍ പോള്‍, പെരുമറ്റം, തൊടുപുഴ

ഡോ. ജോസ് വടക്കേടം ഒക്ടോബര്‍ ലക്കം സത്യദീപത്തില്‍ 'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കേരളീയ സ്വപ്നങ്ങളെ'പ്പറ്റി എഴുതിയ ലേഖനം എല്ലാ വിശ്വാസികളും സഭാനേതൃത്വവും വായിച്ചിരിക്കേണ്ടതാണ്. അടിസ്ഥാനപരമായി കേരളസഭയില്‍ ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.

"ദൈവജനമാണു സഭ" എന്ന അടിസ്ഥാനപരമായ നിലപാട് വീണ്ടെടുക്കണം. എന്നാല്‍ ഇന്നു മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍, സന്ന്യാസിനീ സന്ന്യാസികള്‍ തുടങ്ങി ശുശ്രൂഷാവിളി സ്വീകരിക്കുന്നവരിലേക്കു സഭയുടെ നിര്‍വചനം ചുരുങ്ങിപ്പോയിരിക്കുകയാണ്.

കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. സഭയുടെ ആസ്തിയും ആള്‍ബലവും കുറേക്കൂടി ആ മേഖലകളിലേക്കു കൊടുക്കുവാന്‍ കഴിഞ്ഞാല്‍ അതു വലിയൊരു സുവിശേഷസാക്ഷ്യമായി തീരും. യേശു എന്നും ദരിദ്രരുടെയും രോഗികളുടെയും പീഡിതരുടെയും പക്ഷത്തായിരുന്നു. സഭയും അങ്ങനെ ആയിരിക്കേണ്ടതാണ്. പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താല്‍ പോരാ, മറിച്ച് സഭ അവരോടൊപ്പം ആയിരിക്കുകയും അവരുടെ കാഴ്ചപ്പാടില്‍ നിന്നുള്ള ഒരു സുവിശേഷ ദൈവശാസ്ത്രം രൂപപ്പെടുത്തുകയും വേണം.

കേരളസഭയില്‍ പ്രവാചകസ്വരമാണ് ഉയരേണ്ടത്. ദൈവഹിതം തിരിച്ചറിഞ്ഞ്, അത് എന്തു വില കൊടുത്തും വിളിച്ചുപറയാന്‍ കൃപയുള്ളവരാണല്ലോ പ്രവാചകന്മാര്‍. ധാര്‍മ്മികമൂല്യങ്ങള്‍ (സത്യം, നീതി, സമത്വം തുടങ്ങിയവ) സഭാജീവിതത്തിന്‍റെ അടിസ്ഥാന മാര്‍ഗരേഖകളാവണം. വ്യക്തിപരമായ വിശുദ്ധി സഭാജീവിതത്തിന്‍റെ അടിസ്ഥാന പ്രമാണമാകണം. കള്ളനാണയങ്ങളെ തിരിച്ചറിയാനും തഴയാനും നമുക്കു കഴിയണം. പ്രവാചകധീരതയോടെ കാര്യങ്ങള്‍ കാണാനും വിലയിരുത്താനും കഴിവുള്ള ഒരു നേതൃത്വനിര നമുക്കുണ്ടാകട്ടെ. എങ്കിലേ ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു നവീകരണം കേരളസഭയില്‍ സംജാതമാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org