പുതിയ ആകാശം പുതിയ ഭൂമി

ചെന്നിത്തല ഗോപിനാഥ്

ഹൈന്ദവതയില്‍ ജനിച്ചുവളര്‍ന്ന എനിക്കു കാലം നല്കിയ ഭാഗ്യവശാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പു വി. ബൈബിള്‍ സമ്മാനമായി ലഭിക്കുമ്പോള്‍ അത്ഭുതമായിരുന്നു. പഴയ നിയമവും പുതിയ നിയമവും ഒരേ ഗ്രന്ഥമാക്കിയുള്ള ക്രിസ്തുവിശാലതയുടെ മഹത്ത്വമായി ഞാനതു വിനീതനായി സ്വീകരിച്ചു. ഔദ്യോഗിക ജീവിതത്തിലെ സായംസന്ധ്യകളിലും പാതിരാവുകളിലും ഒഴിവുസമയത്തും പിരിമുറുക്കങ്ങള്‍ ഒഴിവാക്കി മനസ്സിനു സമാശ്വാസം ലഭിക്കാന്‍ വായന തുടര്‍ന്നു. എന്തെല്ലാം വെളിപ്പെടുത്തലുകള്‍ തന്ന് പ്ര്യാശകള്‍ നിലനിര്‍ത്തുന്ന വചനങ്ങളാണ് ഉള്‍ക്കരുത്തേകാന്‍ പ്രപ്തനാക്കിയത്. തുടര്‍വായനയ്ക്കു മുമ്പ് അനുഭവങ്ങളെ വിലയിരുത്തി ഗ്രന്ഥത്തിലെ ഒരു ഭാഗം ധ്യാനനിമഗ്നതയിലാഴ്ന്നു നിവര്‍ത്തുമ്പോള്‍ എത്രയെത്ര സാന്ത്വന സാക്ഷ്യങ്ങള്‍ ആ ദിവസത്തെ ആകുലതകളെ അകറ്റാന്‍ സമാശ്വാസമായി നല്കിയിരുന്നു. മനസ്സില്‍ തട്ടിയ ആശയങ്ങളെ വിശകലനം നടത്തിയപ്പോള്‍ കരുതലായി കിട്ടിയ നിരവധി ഈരടികള്‍, കവിതാരൂപത്തിലാക്കി മുന്‍കാല ലക്കങ്ങളില്‍ സത്യദീപത്തിലുടെ വായനക്കാര്‍ക്കും ആസ്വദിക്കാന്‍ സാദ്ധ്യമാക്കിയിട്ടുണ്ട്.

മോശയുടെ കീര്‍ത്തനം 1 മുതല്‍ 44 വരെ വചനങ്ങളില്‍ ചിലതു കുറിച്ചുകൊള്ളട്ടെ. ആകാശങ്ങളെ ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്‍റെ വാക്കുകള്‍ ശ്രവിക്കട്ടെ. എന്‍റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ. എന്‍റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്. അവിടുത്തെ മുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. അവര്‍ അവിടുത്തെ മക്കളല്ലാതായി. ഇപ്രകാരമുള്ള വചനങ്ങള്‍ ജനകോടികള്‍ വിലയിരുത്തുന്നുണ്ടെങ്കില്‍ ഇന്നീ കാണുന്ന പ്രതികൂല പ്രതിബന്ധങ്ങള്‍ ഭൂമുഖത്തെങ്ങും ദൈവം അനുവദിക്കുമായിരുന്നില്ല. ഇന്നത്തെ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കു മതമില്ല, ജാതിയില്ല, ഭാഷയില്ല, സമ്പത്തില്ല. ഏവരും തുല്യതയില്‍ ലയിച്ചു നീങ്ങുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ മാത്രം. ഏവര്‍ക്കും ദൈവം സഹനതയുടെ ശാന്തിയേകട്ടെ എന്നു കൂട്ടമായി പ്രാര്‍ത്ഥിക്കുവിന്‍ – സ്വസ്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org