നാം എങ്ങോട്ട്?

ചെന്നിത്തല ഗോപിനാഥ്

"ജീവന്‍" എന്ന പദത്തിന്‍റെ വിശദ പൊരുള്‍ ആഗോളഭാഷകളില്‍ അവര്‍ണനീയമാണ്. എന്നാല്‍ സാരാംശമോ "പ്രാണന്‍" എന്ന ഏകപദത്തിന്‍റെ കേന്ദ്രബിന്ദുവില്‍ ഒതുങ്ങുന്ന തുടിപ്പിന്‍റെ ദൈര്‍ഘ്യം മാത്രവും. ആ തുടിപ്പിന്‍റെ സ്പന്ദനത്തെ "ജീവിതം" എന്ന മൂന്നക്ഷരങ്ങളാല്‍ നിര്‍വചിക്കാം. എന്നോളമുള്ള ബാഹ്യചുറ്റുപാടുകളില്‍ ഈ "ജീവിതം" എന്ന മൂന്നക്ഷരങ്ങളെ സസുഖം ജീവിച്ചു വൃത്താകൃതിയിലെത്തിക്കാന്‍ നന്നേ പ്രയാസമാണു മനുഷ്യവര്‍ഗത്തിന്. സാമ്രാജ്യാധിപന്മാര്‍ മുതല്‍ ഭിക്ഷാടനവംശങ്ങള്‍പോലും ഇതില്‍ തുല്യപങ്കാളികളും. ഭൂമുഖം അടക്കി വാഴാനുള്ള അനുവാദം ദൈവം ഉത്പത്തിയിലൂടെ കല്പിച്ചു നല്കിയതു മനുഷ്യവംശമെന്ന ശ്രേഷ്ഠ സൃഷ്ടിക്കാണല്ലോ! ഈ വംശത്തിന്‍റെ അടങ്ങാത്ത ആസക്തിമൂലം പ്രകൃതിയോടു കാട്ടുന്ന ക്രൂരതതന്നെയാണ് ഇക്കാണുന്ന തിരിച്ചടികളുടെ അതീവ ആപത്കരമെന്ന ദൃഷ്ടാന്തങ്ങള്‍. മുമ്പെങ്ങും കാണാത്തവിധം വികൃതമായ പ്രതിഭാസങ്ങളാല്‍ നീറിയെരിയുന്ന ദിനരാത്രങ്ങള്‍. വരാനിരിക്കുന്ന നാളുകളുടെ നാന്ദിയെന്നോണമുള്ള സൂചനകള്‍ മാത്രമോ ഇതെന്നു ചിന്തിക്കുന്നതും നന്ന്. വെന്തെരിയുന്ന പ്രതലവും വരണ്ടു വറ്റുന്ന ഭൂഗര്‍ഭനാളികളും. ദൈവത്തിന്‍റെ സ്വന്തം നാടെന്നു കീര്‍ത്തി ചാര്‍ത്തിയിരുന്ന ഈ കൊച്ചു കേരളത്തിന്, ശാപവര്‍ഷം ചൊരിയുകയാണോ ഇന്നു തത്ത്വത്തില്‍ എന്ന ആശങ്ക അസ്ഥാനത്തല്ല.

ഭൂമുഖത്തെങ്ങും പ്രതിഭാസങ്ങള്‍ നാനാര്‍ത്ഥത്തില്‍ അരങ്ങേറുകയാല്‍ നമുക്കു മാത്രമെന്നു ചിന്തിച്ച് അലോസരപ്പെടേണ്ടതില്ല എന്ന സമാധാനം. മനുഷ്യവര്‍ഗത്തിന്‍റെ സത്യസാക്ഷ്യങ്ങള്‍ എന്ന പരിവേഷമണിഞ്ഞ്, കേവല ശതമാനത്തില്‍ നിലനില്ക്കുന്ന നാനാമത വിഭാഗങ്ങളിലെ കാഷായ, ശുഭ്രവസ്ത്രധാരികള്‍. ഇവരില്‍ മേലങ്കിയുടെ പൊരുള്‍ ഗ്രഹിക്കാതെ കളങ്ക ചെയ്തികള്‍ക്കു മറയാക്കാന്‍ പരിവേഷമാക്കുന്ന ചിലരെങ്കിലും ദൈവത്തിന്‍റെ നഗ്നനേത്രങ്ങളെയും മറയാക്കാന്‍ വചനങ്ങളാല്‍ പ്രഘോഷിക്കപ്പെടുന്ന അംശങ്ങളാകുന്നില്ലേ? ഈയുള്ളവരെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്നു കല്പിച്ച് അപചയം തേടുന്ന ലക്ഷോപലക്ഷം ഹതഭാഗ്യസമൂഹവും നോക്കുകുത്തികളെപ്പോലെയാണ്. വേലിതന്നെ വിള തിന്നുന്ന അനുഭവസാക്ഷ്യങ്ങളാല്‍ നിരവധി അര്‍ത്ഥങ്ങള്‍ ചുറ്റും നിലനില്ക്കുമ്പോള്‍ പ്രകൃതിയെങ്കിലും പ്രതികരിക്കട്ടെ സ്വതന്ത്രശൈലിയില്‍ എന്ന സമാധാനവചനം ഭൂരിപക്ഷ വിശ്വാസസമൂഹത്തെയും നയിച്ചുകൊള്ളട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org