ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനാണ് ക്രിസ്തുനാഥന്‍ പഠിപ്പിച്ചത്

ചെറിയാന്‍ കുഞ്ഞ്, നെടുംകുളത്ത്, തൃക്കാക്കര

മാര്‍ച്ച് 18-ാം തീയതിയിലെ സത്യദീപത്തില്‍ "മതിലുകളില്ലാത്ത മനുഷ്യ സമൂഹത്തിനായി" എന്ന തലക്കെട്ടില്‍ കൊടുത്ത ദയാബായി എന്ന മനുഷ്യസ്നേഹിയുടെ ജീവിത സമര്‍പ്പണ വഴികളുടെ വിവരണം വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ കടന്നുവന്ന എളിയ ചിന്തകള്‍ പങ്കുവയ്ക്കുകയാണ്.

വീടുവിട്ടു മഠംവിട്ടു വേറിട്ട ജീവിതവഴികളിലൂടെ ക്രിസ്തുസുവിശേഷത്തിന്‍റെ അന്തഃസത്ത ശരിയായവിധത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് അത് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ദയാബായി ഇന്നത്തെ സമൂഹത്തിന് ഒരു നല്ല മാതൃകയും പ്രചോദനവുമാണ്. ദേവാലയങ്ങളില്‍നിന്നും പുരോഹിതരില്‍ നിന്നും പൂജാരികളില്‍ നിന്നുമൊക്കെ വളരെ ദൂരെ മതിലുകളും വിടവുകളുമില്ലാത്ത ഒരു മനുഷ്യസമൂഹം സ്വപ്നം കണ്ടുകൊണ്ട്പാവപ്പെട്ടവരുടേയും നിരാലംബരുടേയും രോഗികളുടേയുമൊക്കെ കൂടെ, അവരുടെ കണ്ണീരൊപ്പി, അവരുടെ നീതിക്കുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സഹോദരിയുടെ ഇപ്പോഴത്തെ ജീവിതത്തിന്‍റെ സംതൃപ്തി അവരുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.

ദൈവം എപ്പോഴും പാവപ്പെട്ടവരുടെ പക്ഷത്തായിരുന്നു. തന്‍റെ ജീവിതത്തിന്‍റെ ദിശ ഈ സത്യത്തിലൂന്നിയതായിരിക്കണമെന്നു മനസ്സിലാക്കിയിട്ടാണ് ദയാബായി ആദിവാസികളുടേയും അശരണരുടേയും ആരാലും അറിയപ്പെടാത്തവരുടേയും രോഗംമൂലം ദുരിതമനുഭവിക്കുന്നവരുടേയുമൊക്കെ കൂടെ ജീവിച്ച് അവരെ സഹായിക്കുവാന്‍ തീരുമാനിച്ചത്.

ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കുവാനാണ് ക്രസ്തു പഠിപ്പിച്ചത്. എന്ന ഉള്‍വിളിയോടെ ഇപ്പോള്‍ കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ പാവപ്പെട്ടവരും രോഗികളുമായ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം അവരുടെ കണ്ണീരൊപ്പിയും അവര്‍ക്ക് നീതിപൂര്‍വ്വമായ സഹായവും പരിഗണനയും ലഭിക്കുന്നതിനുവേണ്ടി മുന്നിലിറങ്ങി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദയാബായിയെയാണ് നാം കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org