പ്രവൃത്തിയെന്ന ഹൃദ്യത

ഡേവീസ് വിതയത്തില്‍, തൃപ്പൂണിത്തുറ

സത്യദീപ (ലക്കം 19 ഡിസംബര്‍ 17)ത്തിലെ "ഖജനാവല്ല, ഹൃദയമാണു പ്രശ്നം" എന്ന ലേഖനം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതിന്‍റെ ഉള്ളടക്കത്തെ പ്രശംസിക്കാതെ വയ്യാ. ലേഖകനോടുള്ള എന്‍റെ ബഹുമാനവും ഒപ്പം നന്ദിയും, സ്ഥിരം വായനക്കാരന്‍ കൂടിയായ ഞാന്‍ അറിയിക്കുന്നു.

നമ്മുടെ നാടു കലുഷിതമായ വിവിധ കുറവുകളാല്‍ നെട്ടോട്ടമോടുമ്പോള്‍ അതിനെല്ലാം ദൈവംതമ്പുരാന്‍ പരിഹാരമുണ്ടാക്കുമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കാന്‍ ഈ ലേഖനത്തിലെ ആശയം പ്രവൃത്തിയില്‍ വന്നാല്‍ രാജ്യം ഒരു പരിധിവരെയെങ്കിലും പുരോഗതി പ്രാപിക്കുമെന്നു വിശ്വസിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ സങ്കുചിത രാഷ്ട്രീയംമൂലം 'അര കഴഞ്ച് പ്രവൃത്തി, അര കാതം വാക്കിനേക്കാളും ഉത്തമ' മെന്ന തത്ത്വം സ്വാംശീകരിക്കുന്നില്ല; കൂടെ തെറ്റുകള്‍ മാത്രം ചികഞ്ഞെടുത്ത്, പ്രവൃത്തിയില്‍ വിശ്വസിക്കുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപ്യത്തില്‍ ജന്ങ്ങളുടെ ആധിപത്യം നേര്‍ത്ത് കുഞ്ഞാടുകളുടെ വേഷം കെട്ടുന്നവര്‍ വികസനത്തിനു വകമാറ്റിയ ഖജനാവിലെ പണം ശരിയായി വിനിയോഗിക്കുന്നില്ല. ജനങ്ങളുടെ അത്യാവശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു പകരം, വലിയ പദ്ധതികള്‍ സുതാര്യമല്ലാത്തതും സമയദൈര്‍ഘ്യമുള്ളതുമായവ കൊട്ടിഘോഷിച്ചു രാജ്യത്തെ പുറകോട്ട് നയിക്കുന്നു.

ശോഭനമായ ജീവിതത്തെ അതിശോഭനമാക്കുവാന്‍ നമുക്കു പുനരാരംഭിക്കാം. അതിനു പ്രചോദനമാകും തലനാരിഴ കീറി വിശകലനം ചെയ്ത മേല്പറഞ്ഞ ലേഖനം. മദറും മഹാത്മജിയും മണ്ടേലയും നമ്മെപ്പോലെ ഓരോരോ വ്യക്തികള്‍ മാത്രമായിരുന്നു. അവര്‍ കൈവരിച്ചതിന്‍റെ ചെറിയ ഒരംശമെങ്കിലും നമ്മുടെ ലക്ഷ്യമാകട്ടെ എന്നു ലേഖനം വായിച്ചപ്പോള്‍ ലേഖകന് പകര്‍ന്ന ഊര്‍ജ്ജം എന്നെ വിളിച്ചുപറയിക്കുന്നു. ഒത്തിരി ചന്തകള്‍ക്കു തിരികൊളുത്തിയ ലേഖകന് നന്ദി… ഒരിക്കല്‍ കൂടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org