അപചയങ്ങള്‍ അവസാനിക്കുന്നില്ല

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

കേരളത്തിലെ ക്രിസ്തുമതത്തിന്‍റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും നേരിട്ടതും നേരിടാനിരിക്കുന്നതുമായ അപചയങ്ങളും അതിന്‍റെ സമഗ്രതയിലും ആഴത്തിലും സൂക്ഷ്മതയിലും വസ്തുനിഷ്ഠമായി പഠിച്ച് ഏതൊരാള്‍ക്കും മനസ്സിലാകുന്നത്ര ലളിതവും സരളവുമായ ഭാഷയില്‍ സത്യദീപത്തിലെ വായനക്കാരുമായി പങ്കുവയ്ക്കാന്‍ സന്മനസ്സ് കാണിച്ച അലക്സാണ്ടര്‍ ജേക്കബ് ഐപിഎസിനും ലേഖനം തയ്യാറാക്കിയ ഫ്രാങ്ക്ളിനും പ്രസിദ്ധീകരിച്ച സത്യദീപത്തിനും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. ഇത്തരം ഉള്‍ക്കാഴ്ചകള്‍ മുഴുവന്‍ വിശ്വാസികളുടെയും ശ്രദ്ധയിലെത്തിക്കാനും തിരുത്തല്‍ പ്രക്രിയയില്‍ പങ്കാളികളാകാനും എന്തു ചെയ്യാനാകുമെന്നു നേതൃത്വം ഗൗരവപൂര്‍വം ചിന്തിക്കണം. സഭയുടെ സിലബസുകളിലെവിടെയുമില്ലാത്ത ഇത്തരം അറിവുകള്‍ പാഴായിപ്പോകാന്‍ ഇടവരരുത്.

കുരിശിലെ സ്നേഹവും കരുണയും ക്ഷമയും രക്ഷയും ശിഷ്യരുടെ പാദം കഴുകി ചുംബിച്ച മാതൃകയും ആണ്ടിലൊരിക്കല്‍ കഴിഞ്ഞാല്‍ സഭയില്‍ നിന്നും അന്യമാവുകയാണ്. പറയസമുദായത്തില്‍ നിന്നും ഏറെ പ്രതീക്ഷകളോടെ വിശ്വാസം സ്വീകരിച്ച കൊമരന്‍ എന്ന പ്രസിദ്ധ ഉണര്‍വ് പ്രസംഗകന്‍ പൊയ്കയില്‍ യോഹന്നാനു മനം തകര്‍ന്നു കണ്ണുനീര്‍ കൊണ്ടു "തമ്പുരാനൊരു പള്ളി അടിയനൊരു പള്ളി" എന്ന വരികളെഴുതി ബൈബിളും കത്തിച്ചു സഭയില്‍നിന്നും പുറത്തു പോകേണ്ടി വന്ന ദുരനുഭവം നാം ഒരിക്കലും വിസ്മരിക്കരുത്. വേദമറിഞ്ഞവരാരും അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുന്നോട്ടു വന്നില്ല എന്നതു മാപ്പര്‍ഹിക്കാത്ത അപരാധമായിപ്പോയി. സുവിശേഷ വഴികളിലെ പുലപ്പള്ളികള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്കിന്നും കഴിഞ്ഞില്ലെന്നതു നൊമ്പരമായി, പ്രതിസാക്ഷ്യമായി മനഃസാക്ഷിയെ അലട്ടുന്നു.

സഭയുടെ സുപ്രധാന സമിതികളിലും സിനഡിലുമൊക്കെ അലക്സാണ്ടര്‍ സാറിനെപ്പോലുള്ള ശ്രേഷ്ഠരും പണ്ഡിതരും വിശ്വാസ തീക്ഷ്ണതയുള്ളവരും നിസ്വാര്‍ത്ഥരുമായ അല്മായ പ്രമുഖരുടെ ഉപദേശനിര്‍ദ്ദേശങ്ങളും സേവനവും സഹകരണവും സഹായവും തേടാന്‍ സഭ സന്നദ്ധമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org