മനഃസമ്മതത്തെ ഇത്രയും ഇകഴ്ത്തണോ?

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

മനഃസമ്മതം ഒരു കൂദാശയോ തിരുക്കര്‍മ്മമോ അല്ലെന്നും ഈ ചടങ്ങില്‍ സുവിശേഷപാരായണം, പ്രസംഗം, അനുബന്ധ പ്രാര്‍ത്ഥനകള്‍, വൈദികബാഹുല്യം, സ്വീകരണഹാളിലെ ആഘോഷം മുതലായവ അനാവശ്യമാണെന്നുമുള്ള അഡ്വ. ഫിലിപ്പ് പഴേമ്പിള്ളിയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ ബാലിശവും അനുചിതവുമായിപ്പോയി. കൂദാശയോ തിരുക്കര്‍മങ്ങളോ അല്ലാത്ത എത്രയോ വിശ്വാസകൂട്ടായ്മകളില്‍ ഇത്തരം ശുശ്രൂഷകള്‍ ഭക്തിയോടും വിശുദ്ധിയോടും തീക്ഷ്ണതയോടുംകൂടി അനുവര്‍ത്തിച്ചുവരുന്നു. നട്ടുച്ചനേരത്ത് ഇത്തരി ഭക്ഷണത്തിനായി പാത്രം നീട്ടി മാന്യന്മാര്‍ വരിനില്ക്കുകയാണെന്ന പരിഹാസച്ചുവയുള്ള പരാമര്‍ശം നടത്തി സര്‍വരെയും ഒരേ മനോഭാവത്തോടെ വിലയിരുത്തിയും ആക്ഷേപിക്കരുതായിരുന്നു.

സുവിശേഷത്തില്‍ ഈശോയുടെ മാതാപിതാക്കളുടെ വിവാഹദിനാഘോഷത്തെക്കുറിച്ചു വിവരണമൊന്നുമില്ലെങ്കിലും വിവാഹനിശ്ചയത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ടെന്നതില്‍ നിന്നും മനഃസമ്മതം അത്ര ചെറിയ കര്‍മ്മമല്ലെന്ന് ഏവര്‍ക്കും ഊഹിക്കാം.

എല്ലാം പണ്ടത്തെപ്പോലെ മതി എന്നാണെങ്കില്‍ വധു ചട്ടയും മുണ്ടും മേക്കാമോതിരവും ഓലക്കുടയും ചൂടി വരണം. വരന്‍ മേല്‍മുണ്ടും കുടുമയുംവച്ചു കാറിനു പകരം കാളവണ്ടിയിലോ കാല്‍നടയായോ വരണം. ആരുടെ വീട്ടിലെ ആഘോഷമായാലും ധാരാളിത്തവും ധൂര്‍ത്തും ആര്‍ഭാടവും കുറച്ചു ലളിത മാതൃകയില്‍ നടത്തുന്നതിനെ നമുക്കൊന്നായി പ്രോത്സാഹിപ്പിക്കാം.

മനഃസമ്മതത്തെ ചടങ്ങായി വിലയിരുത്തുന്നതും ചെറുതാക്കണമെന്നു നിര്‍ദ്ദേശിക്കുന്നതും ഇതില്‍ നിന്നു വ്യത്യസ്തമായി മഹനീയ ശുശ്രൂഷയായി സ്വീകരിക്കുന്നതുമൊക്ക മനോഭാവങ്ങളിലെ വൈവിദ്ധ്യംകൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org