മഹിത സന്ന്യാസിനികള്‍ക്കു പ്രണാമം

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

സമര്‍പ്പിത സമൂഹങ്ങളില്‍ അപചയങ്ങള്‍ അനു ദിനം അളവില്ലാതെ വര്‍ദ്ധിക്കുന്ന സന്ദര്‍ഭത്തില്‍ ജീവന്‍ പണയംവച്ചു സുവിശേഷത്തിനു സാക്ഷ്യമാകാനും ജീവനേകാനും സുരക്ഷിത കര്‍മമേഖലകളുപേക്ഷിച്ചു നോക്കെത്താ ദൂരത്ത് ഇറാക്കിലെ ഭീതിദമായ സുവിശേഷവയലുകളില്‍ പ്രേഷിത ശുശ്രൂഷ ചെയ്യുവാന്‍ നിറമനസ്സോടെ യാത്ര തിരിച്ച സിഎംസി സന്ന്യാസിനികളെ സത്യദീപത്തിലൂടെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിയ സിജോ പൈനാടത്തിന് അഭിനന്ദനങ്ങള്‍. കുരിശെടുക്കുന്നവന്‍ ഭോഷനും കിരീടം കാക്കുന്നവന്‍ മിടുക്കനും വിജയിയുമായി ആദരിക്കപ്പെടുന്ന സമകാലീന സഭയിലും സമൂഹത്തിലും നിത്യജീവനിലേക്കു പ്രവേശിക്കാന്‍ തങ്ങളുടെ സ്വര്‍ഗീയ മണവാളന്‍ ചൂണ്ടിക്കാട്ടിയ ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കാന്‍ സന്നദ്ധരായ സന്ന്യാസിനികള്‍ക്ക് ആയിരമായിരം അകമഴിഞ്ഞ പ്രണാമങ്ങള്‍. സന്ന്യാസത്തിന്‍റെ ബാലപാഠങ്ങള്‍പോലും മറന്നു സമര്‍പ്പിതസമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി ലോക മോഹങ്ങളിലും സുഖങ്ങളിലും അഭിരമിക്കുന്ന സന്യസ്തര്‍ക്കൊക്കെ മാതൃകയായി, പ്രേരണയായി ലോകത്തിന്‍റെ പ്രകാശമായി, ഭൂമിയുടെ ഉപ്പായി ഇറങ്ങിത്തിരിച്ച ഈ സന്ന്യാസിനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. യേശു പറഞ്ഞ കടുകുമണിയുടെയും പുളിമാവിന്‍റെയും ഉപമയുടെ ദൃശ്യവിസ്മയം തീര്‍ക്കുന്ന, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധി കണ്ടെത്തിയ, മണവാളനെ വരവേല്ക്കാന്‍ വിളക്കില്‍ എണ്ണ കരുതിയ വിവേകമതികളായ അഞ്ച് കന്യകമാരെ ഓര്‍മിപ്പിക്കുന്ന, തങ്ങളെ വിളിച്ചവനിലുള്ള വിശ്വാസവും വിശ്വസ്തതയും പ്രത്യാശയും പ്രഘോഷിക്കുന്ന, ഉയര്‍ത്തെഴുന്നേറ്റ യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു രക്തസാക്ഷിത്വം വരിച്ച പതിനൊന്നു ശിഷ്യന്മാരുടെ പാതകള്‍ പിന്തുടരുന്ന, ഇരുളിനെ പഴിക്കാതെ ചെറുമെഴുകുതിരിയായി കത്തിയെരിയുന്ന, അന്ധകാരത്തില്‍ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടമായി ജ്വലിക്കുന്ന മദര്‍ തെരേസയെപ്പോലെ 'ദൈവവിളിക്കുള്ളിലെ ദൈവവിളി' തിരിച്ചറിഞ്ഞ ധീരസന്ന്യാസിനിമാരിലൂടെ ശക്തനായവന്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org