ദേവസഹായം പിള്ളയെ വിശുദ്ധനാക്കാന്‍ ഇനിയും വൈകരുത്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ ഭരണാധികാരികളില്‍നിന്നും അതിക്രൂരമായ കഠിനപീഡനത്തിന്‍റെ അമൃതേത്തു മരണവിനാഴികവരെ പരാതി കൂടാതെ ആവോളം കുടിച്ച പ്രഥമ മലയാളി രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേ ക്കുയര്‍ത്താന്‍ ഇനിയും വൈകുന്നതിനെന്തു ന്യായമാണുള്ളതെന്നു സഭാനേതൃത്വം ഗൗരവപൂര്‍വം വിചിന്തനം നടത്തണം. 1778-ല്‍ മാര്‍ ജോസഫ് കര്‍മനിലും പാറേമാക്കില്‍ ഗോവര്‍ണദോര്‍ തോമാക്കത്തനാരും ദേവസഹായത്തിന്‍റെ ചരിത്രം മുഴുവനും ലത്തീന്‍ ഭാഷയില്‍ എഴുതി നാമകരണത്തിനുവേണ്ടി റോമില്‍ കൊടുത്തിരുന്നതായി വര്‍ത്ത മാനപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതു നാം വായിക്കുമ്പോള്‍ ഈ വിശുദ്ധാത്മാവിനോടു സഭ കാണിച്ച അവഗണനയുടെ ആഴവും വ്യാപ്തി യും ഏതൊരു വിശ്വാസിയെയും അതിശയിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണെന്ന് ഇനിയെങ്കിലും വേണ്ടപ്പെട്ടവര്‍ തിരിച്ചറിയണം.

കായംകുളത്തിനടുത്ത് മരതംകുളങ്ങര സ്വദേശി വാസുദേവന്‍ നമ്പൂതിരി-ദേവകയിമ്മ ദമ്പതിമാരുടെ പുത്രനായി 1712-ല്‍ ജനിച്ച നീലകണ്ഠപ്പിള്ളയാണ് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ 1745 മേയ് 17-ന് ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് പുട്ടാരിയില്‍നിന്നും മാമ്മോദീസ സ്വീകരിച്ചു ദൈവത്തിന്‍റെ സഹായം എന്നര്‍ത്ഥം വരുന്ന 'ലാസര്‍' എന്നതിന്‍റെ തമിഴ് പ്രയോഗമായ ദേവസഹായംപിള്ള എന്ന ക്രൈസ്തവനാമധാരിയായി മാറിയത്.

രാജാവും പ്രധാനമന്ത്രിയുമായ രാമയ്യര്‍ ദളവയും പൂജാരിമാരും ബ്രഹ്മണരും ചേര്‍ന്നു രാജനിന്ദയും ഈശ്വരനിന്ദയും ആരോപിച്ചു പിള്ളയെ 1752 ജനു വരി 14-ാം തീയതി വെള്ളിയാഴ്ച കാറ്റാടിമലയില്‍വച്ചു വെടിവച്ചു കൊല്ലുന്നതുവരെ കൊടിയപീഡനങ്ങള്‍ക്ക് ഇരയാക്കി. കഠിനവും നീചവുമായ ശിക്ഷകള്‍ നിരന്തരം അനുഭവിക്കേണ്ടി വന്നിട്ടും ദേവസഹായം പിള്ള വിശ്വാസത്തില്‍ നിന്നും കടുകിട വ്യതിചലിച്ചില്ലെന്ന ചരിത്രസത്യം ഇന്നത്തെ തലമുറ ഒരിക്കലും വിസ്മരിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org