Latest News
|^| Home -> Letters -> ഇനിയും സഭയെ മുറിവേല്പിക്കരുത്

ഇനിയും സഭയെ മുറിവേല്പിക്കരുത്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ജനുവരിയില്‍ കൂടുന്ന സീറോ മലബാര്‍ സഭാ സിനഡ് ആരാധനക്രമ ഏകീകരണം നടപ്പിലാക്കാന്‍ ഗൗരവപൂര്‍വം ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശങ്കയോടും ഉള്‍ക്കിടിലത്തോടും കൂടിയാണു ശ്രവിച്ചത്. ഒരു വേദന തീരുംമുമ്പേ മറ്റൊരു വേദനയ്ക്കു തിരി കൊളുത്താനുള്ള ചിലരുടെ വക്രബുദ്ധിയും കുടിലബുദ്ധിയും ഉദ്ദേശശുദ്ധിയും അങ്ങേയറ്റം സംശയിക്കേണ്ടിയിരിക്കുന്നു. “ബലിയല്ല കരുണയാണു ഞാന്‍ നിങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നതെന്ന” ദൈവഹിതം വിനയത്തോടും വിവേകത്തോടുംകൂടി ഉള്‍ക്കൊള്ളാന്‍ ആരാധനാക്രമ ഏകീകരണവാദികള്‍ സന്മനസ്സ് കാട്ടണം. സാര്‍വത്രിക കത്തോലിക്കാസഭയില്‍ വിവിധങ്ങളായ പ്രാദേശികസഭകളില്‍ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന എത്രയോ ആരാധനക്രമങ്ങള്‍ ഭിന്നതയോ കലഹമോ സംഘര്‍ഷമോ കൂടാതെ കാലങ്ങളായി നിലനിന്നുപോരുന്നു. ദൈവത്തിന് എല്ലാ ക്രമവും ഒരുപോലെ സ്വീകാര്യമാണെന്നിരിക്കേ, പ്രത്യേകിച്ചൊരു ക്രമത്തെക്കുറിച്ചു ദൈവത്തിന്‍റെ ഇഷ്ടമോ അനിഷ്ടമോ വെളിപ്പെടുത്തിയിട്ടില്ലെന്നിരിക്കേ ആരാധനാക്രമ ഏകീകരണ വിവാദകോലാഹലങ്ങളുണ്ടാക്കി സഭയെ ശിഥിലമാക്കി കസേരയുറപ്പിക്കാന്‍ സ്ഥാനമോഹികള്‍ മുതിരരുത്. മഹാനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെയും സര്‍വസ്വീകാര്യനായ കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെയും കാലത്തു സ്വീകരിക്കപ്പെടാതെപോയ ആരാധനക്രമ ഏകീകരണം വിശ്വാസ്യത നഷ്ടപ്പെട്ട വിവാദനേതൃത്വത്തിന്‍റെ കാലത്ത് അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതു മണ്ടത്തരവും ബുദ്ധിശൂന്യതയുമായിരിക്കുമെന്നു സിനഡ് വിവേചിച്ചറിയണം. മാടപ്രാവിന്‍റെ നിഷ്കളങ്കതയും സര്‍പ്പത്തിന്‍റെ വിവേകവുമാണു സിനഡ് പിതാക്കന്മാരില്‍ നിന്നും ശിശുസഹജരായ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

ആരാധനക്രമമല്ല പ്രത്യുത ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്യുന്നതാണു ദൈവസംപ്രീതിക്കും ആത്മരക്ഷയ്ക്കും നിത്യജീവനും ഒരുവന് ഉതകുന്നതെന്ന ക്രിസ്തുവചനവും ബാലപാഠവും പരിഷ്കരണവാദികള്‍ ഒരിക്കലും വിസ്മരിക്കരുത്. ദൈവത്തിന്‍റെ ദൃഷ്ടി പതിക്കുന്നതു നമ്മുടെ ഹൃദയവികാരവിചാരങ്ങളിലേക്കാണെന്നും ബാഹ്യശരീരഭാഷയിലേക്കും പ്രകടനങ്ങളിലേക്കും കര്‍ട്ടനിലേക്കും ബലിപീഠവിന്യാസത്തിലേക്കുമല്ലെന്ന് ആരാധനക്രമപണ്ഡിതരും വിദഗ്ദ്ധരും കടുംപിടുത്തക്കാരും സുവിശേഷം പലവട്ടം വായിച്ചു ധ്യാനിച്ചു വെളിവോടെ ഉറപ്പു വരുത്തണം.

ആത്മാവിലും സത്യത്തിലും ചെറിയവരിലൂടെയും ദൈവത്തെ ആരാധിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിന്‍റെ ജീവിതമാതൃകയില്‍ നിന്നും പ്രബോധനങ്ങളില്‍നിന്നും വ്യത്യസ്തമായി ആരെന്തു പഠിപ്പിച്ചാലും കല്പിച്ചാലും സ്വീകരിക്കേണ്ട ബാദ്ധ്യത ആര്‍ക്കുമില്ലെന്ന് എല്ലാവരും ഓര്‍ക്കുന്നതു നല്ലതാണ്. പൊതുസമൂഹത്തിന്‍റെ മുമ്പില്‍ മുഖം വികൃതമായ സീറോ മലബാര്‍ സഭയ്ക്ക് ഇനിയൊരു വിവാദത്തെക്കൂടി അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും ശേഷിയുണ്ടോയെന്നു സിനഡ് ഒരുമിച്ചിരുന്നു വിചിന്തനം നടത്തണം.

എല്ലാ കല്പനകളുടെയും പൂര്‍ത്തീകരണമായി യേശു ജീവിച്ചു പഠിപ്പിച്ചു കാണിച്ചുതന്ന പരസ്പരം സ്നേഹിക്കുവിന്‍ എന്ന കല്പന ബോധപൂര്‍വം മറന്നുകൊണ്ട് ആരാധനക്രമ ഏകീകരണത്തിലൂടെ ആത്മരക്ഷ കൈവരിക്കാമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലായിരിക്കുമെന്ന് ഓര്‍ക്കുന്നതു നല്ലതാണ്.