പ്രായമായവരെ പള്ളിയുടെ ബാദ്ധ്യതയാക്കരുത്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ഇടവക പള്ളികളില്‍ വയോജന ഭവനങ്ങള്‍ നിര്‍മിച്ചു പ്രായമായവരുടെ താമസം അങ്ങോട്ടു മാറ്റാന്‍ സഭാധികാരികള്‍ മുന്‍കയ്യെടുക്കണമെന്ന അഡ്വ. ഫിലിപ്പ് പഴേമ്പിള്ളിയുടെ സത്യദീപത്തിലെ കത്ത് ഈ നോമ്പുകാലത്തു വായിച്ചപ്പോള്‍ ചിരിയും സങ്കടവും കൗതുകവും രോഷവും അന്ത്യവിധി ഭയവുമാണു മനസ്സില്‍ നിറഞ്ഞത്. പ്രായമായവരുടെ ജീവിതത്തിന്‍റെ അദ്ധ്വാനഫലവും സര്‍വസ്വവും ഊറ്റിക്കുടിച്ചവരും കൈക്കലാക്കിയവരും അനുഭവിച്ചവരും ആസ്വദിച്ചവരും ആഘോഷിച്ചവരും പ്രായാധിക്യാവസ്ഥയില്‍ ബുദ്ധിമുട്ടുകളല്ലാതെ ഇനി അവരെക്കൊണ്ട് ഒരു ഉപകാരവും പ്രയോജനവും ഉണ്ടാകാനിടയില്ലെന്ന തിരിച്ചറിവില്‍ പള്ളിയില്‍ കൊണ്ടുവന്നു നടതള്ളണമെന്ന നിര്‍ദ്ദേശവും ചിന്തയും അത്യന്തം വിനാശകരവും മനുഷ്യത്വരഹിതവും യേശു പറഞ്ഞ കാലത്തിന്‍റെ അടയാളങ്ങളോടു ചേര്‍ത്തു ഭയാശങ്കകളോടെ കാണേണ്ടതുമാണ്. മനുഷ്യബന്ധങ്ങളും മൂല്യങ്ങളും കടപ്പാടുകളും ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന കമ്പോളസംസ്കാരചിന്ത ഒരു ക്രിസ്ത്യാനിക്കും ഒരിക്കലും ഭൂഷണമല്ല. ദ്രവ്യാസക്തിയുടെ ആധിക്യത്തില്‍ നിന്നാണ് ഇത്തരം അധമചിന്തകള്‍ ഒരുവനില്‍ ഉടലെടുക്കുന്നതെന്ന വസ്തുത ആരായാലും ഒരിക്കലും വിസ്മരിക്കരുത്. കുടുംബാംഗങ്ങള്‍ക്കിടയിലെ കരുണയും കരുതലും സ്നേഹവും സൗഹൃദവും പരിചരണവും മരണംവരെ നിലനിര്‍ത്തേണ്ട സുകൃതങ്ങളാണെന്ന സുവിശേഷദര്‍ശനം പ്രായമായവരെ ഭാരവും ബാദ്ധ്യതയും ശല്യവുമായി കാണുന്നവര്‍ മറന്നുപോകരുത്.

ഇന്നത്തെപ്പോലെ ജോലിയും ബിസിനസ്സും വിദേശസമ്പത്തും സമൃദ്ധിയും ഇല്ലാതിരുന്ന കഴിഞ്ഞകാല കാര്‍ഷികതലമുറയില്‍ ഇല്ലായ്മകളുടെ നടുവിലും പ്രായമായവരെ സന്തോഷത്തോടും സംതൃപ്തിയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളില്‍തന്നെ സംരക്ഷിച്ചിരുന്നു, ശുശ്രൂഷിച്ചിരുന്നു എന്ന വസ്തുത ഇന്നുള്ളവര്‍ സൗകര്യപൂര്‍വം വിസ്മരിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org