സെമിനാരി പരിശീലകരറിയാന്‍

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

മാര്‍ച്ച് 11-ലെ സത്യദീപത്തില്‍ സെമിനാരി റെക്ടര്‍മാരായിരുന്ന മൂന്നു പ്രമുഖ വൈദികരുടെ അനുഭവങ്ങളും നിലപാടുകളും വെളിപ്പെടുത്തലുകളും ആശങ്കകളും പ്രതീക്ഷകളും വായനക്കാരുമായി പങ്കുവച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍. മാനവകുലം പൊതുവില്‍ ദുഷിക്കുമ്പോള്‍ അതു മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും ബാധിക്കുമെന്നു സമകാലീന ക്രൈസ്തവഭകളിലെ ഗൗരവമായ അപചയങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 2005-ല്‍ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായിരിക്കെ അഭിവന്ദ്യ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവ് സുഖാന്വേഷണത്തിന്‍റെയും ഉപഭോഗചിന്തയുടെയും സ്വാധീനം സാധാരണക്കാരേക്കാള്‍ കൂടുതല്‍ കാണുന്നതു സമര്‍പ്പിതജീവിതം തെരഞ്ഞടുത്തവരിലാണെന്ന നഗ്നസത്യം സത്യദീപത്തിലെ തന്‍റെ ലേഖനത്തില്‍ തുറന്നു പറഞ്ഞത് ഇന്നും യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്‍റെ പ്രകാശമായി ഭൂമിയുടെ ഉപ്പായി, അജഗണത്തിനു ബലിയായി മാറേണ്ട സമര്‍പ്പിതര്‍ വഴിതെറ്റി അവമതിപ്പിനും ഇടര്‍ച്ചയ്ക്കും ഉതപ്പിനും കാരണമാകുന്നതു കാണുമ്പോള്‍ കാലത്തിന്‍റെ അടയാളങ്ങള്‍ ചോദിച്ച ഫരിസേയര്‍ക്കും സദുക്കായര്‍ക്കും ദുഷിച്ചതും അവിശ്വസ്തവുമായ തലമുറയെന്ന യേശുവിന്‍റെ കുറ്റപ്പെടുത്തലും മറുപടിയുമാണ് ഓര്‍മയില്‍ വരിക "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍" എന്ന യേശുവിന്‍റെ ഉപദേശവും നമ്മള്‍ നിരന്തരം ഓര്‍ക്കേണ്ടതാണ്.

പണ്ടൊക്കെ ആധാരമെഴുതുമ്പോള്‍ വൈദികരെക്കുറിച്ചു പറഞ്ഞിരുന്നതു മറ്റത്തില്‍ യൗസേപ്പ് കത്തനാര്‍, ദൈവവിചാരം വയസ്സ് 55 എന്നാണെങ്കില്‍ ഇന്ന് ആധാരത്തില്‍ മറ്റത്തില്‍ യൗസേപ്പ് കത്തനാര്‍, വൈദികവൃത്തി എന്നായി പരിണമിച്ചതിലെ മൂല്യശോഷണം ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. പൗരോഹിത്യം ഒരു ജീവിതവൃത്തിയല്ല മറിച്ചു ദൈവവിചാര ജീവിതമാക്കണം എന്ന തിരിച്ചറിവിലേക്കു തിരിച്ചു നടക്കാന്‍ പരിശീലകര്‍ സത്മാതൃകകള്‍ നല്കി അര്‍ത്ഥികളെ പ്രാപ്തരാക്കണം. ഈശോ ഒരേയൊരു കൂട്ടരെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളൂ. വിശ്വാസമില്ലാത്ത പുരോഹിതരെയും പ്രീശന്മാരെയും. വെള്ളത്തില്‍ വള്ളമെന്നതുപോലുള്ള ജീവിതമാണു സന്ന്യാസമെന്നു വൈദികര്‍ വിസ്മരിക്കരുത്. "ക്രിസ്തുവിനെപ്പോലെ സഹിക്കണം" എന്ന് ശ്രീനാരായണഗുരു അനുയായികളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നു എന്ന കാര്യം വൈദികര്‍ വല്ലപ്പോഴും ഓര്‍ക്കുന്നതു നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org