എഴുതാപ്പുറം വായിക്കരുത്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍
മറ്റൂര്‍, കാലടി

റോസി തമ്പിയുടെയും സിസ്റ്റര്‍ നോയല്‍ റോസിന്‍റെയും സത്യദീപത്തിലെ ലേഖനങ്ങളില്‍ മാര്‍ച്ച് 19; 2020 ആഗസ്റ്റ് 10, 2016) പാപിനിയും വ്യഭിചാരിണിയുമായ മഗ്ദലന മറിയമല്ലെന്നു വാദിക്കാനും തെളിയിക്കാനും സ്ഥിരീകരിക്കാനുമുള്ള പുതിയ കണ്ടെത്തലുകളും അവകാശവാദങ്ങളും തത്രപ്പാടുകളും കാണുമ്പോള്‍ ബൈബിളിലെ കേന്ദ്രബിന്ദു മഗ്ദലന മറിയമാണോയെന്നും മഗ്ദലനയില്ലെങ്കില്‍ സുവിശേഷവും രക്ഷയുമില്ലെന്നുമുള്ള പ്രകടമായ ചിന്തയും സംശയവുമാണു മനസ്സില്‍ നിറയുന്നത്. ആര്‍ക്കും ആരെയും എങ്ങനെയും വായിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് സ്ത്രൈണ പ്രതിഭകള്‍ക്കെന്‍റെ വിനീതപ്രണാമം. മഗ്ദലന മറിയം അബലയോ ചപലയോ വ്യഭിചാരിണിയോ അല്ലെന്നും, എല്ലാം അറിയുന്ന പഴയനിയമ പണ്ഡിതനും സുവിശേഷകാരിയാണെന്നുമുള്ള റോസിയുടെ വായനയുടെയും മഗ്ദലന മറിയം മഹാവിശുദ്ധയെന്നും ജ്ഞാനിയെന്നും ക്രിസ്തുവിന്‍റെ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലും അവന്‍റെ കൂടെയുണ്ടായിരുന്ന ഏക ശിഷ്യയാവാമെന്നും ദൈവത്തെപ്പോലും തോല്പിച്ചു പ്രിയനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശക്തയായവളെന്നും ദൈരാജ്യത്തിന്‍റെ മൂലക്കല്ലായി മാറേണ്ടവള്‍ എന്നും പത്രോസ്, പൗലോസ് ശ്ലീഹന്മാരെപ്പോലെ തന്നെ പ്രധാനപ്പെട്ടവള്‍എന്നുമുള്ള സിസ്റ്ററുടെ അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുടെ ഉദ്ദേശശുദ്ധിയും വെളിപ്പെട്ടു കിട്ടാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളൂ.

പാപിനിയായ സ്ത്രീ മഗ്ദലനമറിയം അല്ലെന്നു സമ്മതിച്ചാലും അതു പുരുഷനല്ല, മറ്റേതെങ്കിലുമൊരു സ്ത്രീ തന്നെയായിരുന്നു എന്ന കാര്യത്തില്‍ ലേഖികമാര്‍ക്കു യോജിക്കാതെ തരമില്ല. ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലന എന്നു വിളിക്കപ്പെടുന്നവളുമായ മറിയം എന്ന ലൂക്കാ എട്ടിലെ വ്യക്തമായ വെളിപ്പെടുത്തലും സഭയുടെ പാരമ്പര്യ വിശ്വാസവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും അന്നും ഇന്നും സാധാരണക്കാരായ ഭക്തശിഷ്യകള്‍ അസമയത്ത് നേരം പുലരുന്നതിനു മുമ്പു തനിച്ചു ശവകുടീരത്തിനരികില്‍ പോകുവാന്‍ ധൈര്യപ്പെടില്ലെന്ന സാമാന്യയുക്തിയും ബോദ്ധ്യവും കൂട്ടിച്ചേര്‍ത്തു വിശകലനം ചെയ്യുമ്പോള്‍ ആരായിരുന്നു പാപിനിയെന്നു ശരാശരി വിശ്വാസിക്കു കൃത്യമായി ഊഹിച്ചെടുക്കാന്‍ അനായാസം സാധിക്കും. രണ്ടായിലരത്തിലേറെ വര്‍ഷം മുമ്പ് അനുതപിച്ച്, പശ്ചാത്തപിച്ച്, മാനസാന്തരപ്പെട്ടു രക്ഷകനായ യേശുവിനാല്‍ത്തന്നെ വിശുദ്ധീകരിക്കപ്പെട്ട മഗ്ദലന മറിയത്തെ ഉത്തമ മാതൃകയായ, നിര്‍മലയായ ഒരു ജ്യേഷ്ഠസഹോദരിയെപ്പോലെയാണ് ഓരോ പുതുമനസ്സുകളും വായിക്കുന്നതും ഉള്‍ക്കൊള്ളുന്നതും.

മഗ്ദലന മറിയത്തിന്‍റെ പഴയ പാപജീവിതം പുരുഷന്മാര്‍ മറന്നിട്ടും അവളെ ചാരി പുരുഷനെ അധിക്ഷേപിക്കാന്‍ ആവശ്യമില്ലാതെ അനവസരത്തില്‍ അവളുടെ ചാരിത്രവിചാരണ വാരിവലിച്ചെഴുതി അവളെ വീണ്ടും സംശയത്തിന്‍റെ നിഴലിലാക്കി അപമാനിക്കരുതെന്നു വിനയത്തോടെ യാചിക്കുന്നു. കേരള കാളിദാസനെന്നും മലയാളി ടാഗോര്‍ എന്ന നിലയിലും പ്രസിദ്ധനായ സര്‍വാദരണീയനായ മഹാകവി വള്ളത്തോള്‍ തന്‍റെ മഹാകാവ്യത്തില്‍ മഗ്ദലനയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുകയല്ല, മറിച്ച് "ഇന്നലെ നാം കണ്ട തേവിടിപ്പെണ്ണല്ലി… തി, നിന്നവള്‍ ചാരിത്രചാരുമൂര്‍ത്തി" എന്നെഴുതി അവളുടെ ദാരിദ്ര്യനിസ്സഹായതയും നിരപരാധിത്വവും ദാനധര്‍മവും താപസവൃത്തിയും മറ്റൊരു ജന്മവും ലോകത്തോടു വിളിച്ചുപറഞ്ഞ് അവളെ മഹത്ത്വത്തിന്‍റെ മഹോന്നതിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നെന്ന് തിരിച്ചറിയണം. സ്ത്രീകളക്കുറിച്ചു ദുഷിച്ചതും കെട്ടതുമായ വാര്‍ത്തകള്‍ വേഗത്തില്‍ പ്രചരിപ്പിക്കുന്നതു പുരുഷനല്ല, സ്ത്രീകള്‍ തന്നെയാണെന്നതും പ്രിയ ലേഖികമാര്‍ വിസ്മരിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org