ജീവിതം സുവിശേഷമാക്കിയവര്‍

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

നവംബര്‍ 14-ലെ സത്യ ദീപത്തില്‍ തങ്ങളുടെ അജപാലനശുശ്രൂഷയില്‍ സുവിശേഷജീവിതത്തിന് ജീവിതസാക്ഷ്യമേകിയ വിശുദ്ധനായ പോള്‍ ആറാമന്‍ മാര്‍പാപ്പയെക്കുറിച്ചു നരികുളം അച്ചനും രക്തസാക്ഷിത്വം വരിച്ച ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേരോയെക്കുറിച്ചു തട്ടില്‍പിതാവും പങ്കുവച്ച ചിന്തകള്‍ ഇന്നിന്‍റെ അന്ധകാരമനസ്സുകളില്‍ പ്രതീക്ഷയും പ്രത്യാശയും പ്രകാശവും പകരുന്നതായിരുന്നു. മാര്‍പാപ്പ ശിരസ്സില്‍ അണിഞ്ഞിരുന്ന 'ടിയാറ' എന്നറിയപ്പെടുന്ന കിരീടം വിറ്റ് ആ പണം ദരിദ്രര്‍ക്കു ദാനം ചെയ്തു എന്നും കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ ശിശുഭവനത്തിനാണ് അതു ലഭിച്ചതെന്നും വായിച്ചപ്പോള്‍ സകലതും ദരിദ്രരുമായി പങ്കുവയ്ക്കാന്‍ സന്മനസ്സും സന്നദ്ധതയുമുള്ള സഭയുടെ മഹനീയസാക്ഷ്യമാണ് മനസ്സില്‍ തെളിഞ്ഞുവന്നത്.

അനീതിക്കെതിരെ ജീവന്‍ പണയപ്പെടുത്തി നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ട് അള്‍ത്താരയില്‍ വച്ചു ബലിയര്‍പ്പണവേളയില്‍ അക്രമികളുടെ വെടിയുണ്ടകളേറ്റ് രക്തം ചിന്തി പിടഞ്ഞുവീണു മരിച്ച ആര്‍ച്ച്ബിഷപ് റൊമേരോ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കുരിശു വഹിക്കാനും സഭ കരുത്താര്‍ജ്ജിക്കണം. എല്ലാവര്‍ക്കുംവേണ്ടി നല്കപ്പെട്ട സ്വത്തുക്കള്‍ ചിലര്‍ മാത്രം വേലികെട്ടി സ്വരൂപിച്ചു വയ്ക്കുന്നതു മനുഷ്യന്‍റെ ക്രൂരതയാണെന്നും സഭയും അതില്‍ പങ്കാളിയാണെന്നുമുള്ള ബിഷപ്പിന്‍റെ ഏറ്റുപറച്ചില്‍ സഭയെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും പശ്ചാത്താപത്തിലേക്കും തിരുത്തലുകളിലേക്കും ഉണര്‍ത്തുന്ന, ജ്വലിക്കുന്ന പ്രവാചകശബ്ദമാണ്. പല അനീതികളെയും എതിര്‍ക്കാന്‍ ഇന്നു സഭയ്ക്കു ധൈര്യമില്ലാത്തതിന്‍റെ കാരണം, സഭ അനീതികളുടെ ചെളിയില്‍ ചവിട്ടിനില്ക്കുകയാണെന്ന തട്ടില്‍പിതാവിന്‍റെ പ്രവാചകധീരതയോടെയുള്ള വെളിപ്പെടുത്തലും വിലയിരുത്തലും കുറ്റസമ്മതവും സഭാഗാത്രത്തെ ചുട്ടു പൊള്ളിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org