സത്യത്തിനു പക്ഷമില്ല

ദേവസിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ക്രിസ്തുസത്വ പക്ഷവായനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഏപ്രില്‍ 3-ലെ സത്യദീപത്തില്‍ പ്രൊഫ. മ്യൂസ് മേരിയുടെ സ്ത്രീ പക്ഷ വായനയും ഒരു മുതല്‍ക്കൂട്ടായിത്തന്നെ വായിച്ചത്. ഏതൊരു സ്ത്രീയേക്കാളും ക്രിസ്തുവിനെക്കുറിച്ചു സ്ത്രീപക്ഷവായനയ്ക്കു യോഗ്യയായ പരിശുദ്ധ കന്യാമറിയം മംഗളവാര്‍ത്തയ്ക്കു പ്രത്യുത്തരമായി, 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്ന മറുപടിയിലൂടെ തന്‍റെ വായനയ്ക്കു വിരാമം കുറിച്ച മഹനീയ മാതൃക നോമ്പുകാലത്തു വല്ലപ്പോഴും ധ്യാനിക്കുന്നതു നല്ലതാണ്. മനുഷ്യദൃഷ്ടിയിലും ചരിത്രത്തിലും മറിയത്തോളം സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത ഒരു സ്ത്രീയും ഭൂമുഖത്തുണ്ടായിട്ടില്ല. മാതാവ് അനുഭവിച്ച സകല തീവ്രദുഃഖങ്ങളെയും 'നിര്‍മല ദുഃഖമെന്ന്' വിശേഷിപ്പിച്ചു വിശുദ്ധീകരിച്ച മഹാമിഷനറിയായിരുന്ന അര്‍ണോസ് പാതിരിയുടെ വരികള്‍ നമ്മുടെ ജീവിതാനുഭവങ്ങളിലേക്കും സ്വാംശീകരിക്കാന്‍ നമുക്കൊക്കെ കഴിയേണ്ടതാണ്. സ്ത്രീ പക്ഷവായനകളില്‍ അന്ധമായി ഭ്രമിക്കുകയും രമിക്കുകയും ആവേശഭരിതരാവുകയും ചെയ്തു സഭയുടെ നന്മ കാംക്ഷിക്കാത്തവരുമായി കൂട്ടുചേര്‍ന്നു സമര്‍പ്പിതര്‍പോലും സഭയ്ക്കുള്ളില്‍ അസ്വസ്ഥതകളും അപസ്വരങ്ങളും അപചയങ്ങളും സൃഷ്ടിക്കുന്ന സാഹചര്യം ഏവരും തിരിച്ചറിയണം.

പക്ഷവായനകള്‍ക്കും വികലവായനകള്‍ക്കും വിരുദ്ധവായനകള്‍ക്കും ക്രിസ്തുവിനോളംതന്നെ പഴക്കമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്രിസ്തുസത്യം ഒരുനാളും വിവാദങ്ങള്‍ക്കും അതീതമായിരുന്നില്ല. ഞാന്‍ ആരെന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിനു "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്" എന്ന ശരിയുത്തരം പറയാന്‍ ശിഷ്യപ്രമുഖനായ ശിമയോന്‍ പത്രോസിനു മാത്രമാണു സാധിച്ചത്. ഒരു പക്ഷവുമില്ലാത്ത ദൈവപുത്രനെ പക്ഷംപിടിച്ചും പക്ഷത്തു നിര്‍ത്തിയും പക്ഷത്തിലൊതുക്കിയും വായിക്കുന്നത് ഒരിക്കലും സത്യമാകില്ലെന്ന വസ്തുത ആരായാലും തിരിച്ചറിയണം. സൃഷ്ടിയായ മനുഷ്യന്‍റെ പരിമിതിക്കും ബുദ്ധിക്കും ചിന്തയ്ക്കും അപ്പുറം സ്വര്‍ഗസ്ഥനായ പിതാവിന്‍റെ വെളിപ്പെടുത്തല്‍ കൂടാതെ യാതൊരാള്‍ക്കും ക്രിസ്തുസത്യത്തിന്‍റെ സമ്പൂര്‍ണ വായന സാദ്ധ്യമല്ലെന്ന വിശുദ്ധ രഹസ്യം പണ്ഡിതരും പാമരരും ഒരുപോലെ ഓര്‍ത്തിരിക്കണം.

പക്ഷവായനകളില്‍ കുരുങ്ങി ആത്മനാശത്തില്‍ നിപതിക്കാതിരിക്കാന്‍ സകലരും ജാഗ്രത പുലര്‍ത്തണം. അന്ധന്മാര്‍ ആനയെ മനസ്സിലാക്കിയതുപോലെ പക്ഷവായനകളുടെ ആധിക്യത്തിലും അതിപ്രസരത്തിലുംപെട്ട് ആരും ഭാഗികസത്യത്തിന്‍റെ തടവിലാകരുത്. സമത്വമെന്ന ബാലിശമായ പ്രലോഭനവലയം ഭേദിച്ചു രക്ഷയുടെ വിശാല ലക്ഷ്യത്തിലേക്കും മഹത്ത്വത്തിലേക്കും ഉയര്‍ന്നു ചിന്തിക്കാനാണ് ഏറ്റവും പരിശ്രമിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org