Latest News
|^| Home -> Letters -> ബിഷപ്പും തൊപ്പിയും വടിയുമല്ല സഭ

ബിഷപ്പും തൊപ്പിയും വടിയുമല്ല സഭ

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ഭൂമിവിവാദത്തിലും കന്യാസ്ത്രീപീഡനത്തിലും വ്യാജരേഖക്കേസിലും അവിഹിത കോര്‍പ്പറേറ്റ് ബന്ധത്തിലും അകപ്പെട്ടു സഭയുടെ മുഖം വികൃതവും വിരൂപവും വികലവുമായ സാഹചര്യത്തില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കാര്‍ട്ടൂണിനെ സര്‍വരും ശ്രദ്ധിക്കുന്ന നിലയിലേക്കു പ്രശസ്തമാക്കിയതില്‍ കെസിബിസിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെ, നിരുത്തരവാദിത്വത്തെ വിനയത്തോടും വ്യസനത്തോടുംകൂടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. കുലീനമായ ആക്ഷേപഹാസ്യ കലാരൂപമായ കാര്‍ട്ടൂണില്‍ ബിഷപ്പും തൊപ്പിയും വടിയും മാത്രമല്ല, വന്‍കിട രാഷ്ട്രത്തലവന്മാരും ന്യായാധിപന്മാരും ഇതര മതനേതാക്കളും കഥാപാത്രങ്ങളായി കടന്നുവരാറുണ്ടെന്നത് ആരും സൗകര്യപൂര്‍വം വിസ്മരിക്കരുത്. അക്കാദമി കാര്‍ട്ടൂണിനു കൊടുത്ത അവാര്‍ഡ് പിന്‍വലിക്കണമെന്ന വാദം അങ്ങേയറ്റം ബാലിശവും മൗലികവാദതലത്തില്‍പ്പെടുന്നതുമാണ്. നിര്‍മലദോഷമായി കണ്ട് അവഗണിക്കേണ്ടിയിരുന്ന കാര്‍ട്ടൂണിനെതിരെ കടുത്ത നിലപാടെടുത്ത് നവമാധ്യമങ്ങളിലെ അന്തിചര്‍ച്ചകളിലും കവലചര്‍ച്ചകളിലും വടികൊടു ത്ത് അടിമേടിക്കുന്ന സാഹചര്യം എന്തുകൊണ്ടും ഇപ്പോഴത്തെ സഭാന്തരീക്ഷത്തില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

സഭയെ നയിക്കുന്നവരുണ്ടാക്കിയ അപമാനത്തോടും അവമതിപ്പിനോടും അവഹേളനത്തോടും അസ്വസ്ഥതകളോടും തുലനം ചെയ്യുമ്പോള്‍ കാര്‍ട്ടൂണ്‍ ഉണ്ടാക്കിയ നാണക്കേട് എത്രയോ നിസ്സാരവും കണ്ടില്ലെന്നു നടിക്കാനാവുന്നതുമാണെന്നു തിരിച്ചറിയണം. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച ക്രിസ്തുവിനെ കുരിശുമെടുത്ത് അനുധാവനം ചെയ്യേണ്ട ഇടയന്മാര്‍ സ്ഥാനചിഹ്നങ്ങളുടെ പേരില്‍ കലഹിക്കുന്നതും കോലാഹലമുണ്ടാക്കുന്നതും ഇടര്‍ച്ചയ്ക്കു കാരണമാകുമെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭയില്‍ സ്ഥാനചിഹ്നങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളതെന്നു സകലരും ആത്മപരിശോധന നടത്തണം.